You are Here : Home / SPORTS

ധോണി തുടരും ?

Text Size  

Story Dated: Friday, July 12, 2019 01:04 hrs UTC

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് പ്രകടനത്തെ പുകഴ്ത്തി ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്നയും ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും. തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. സെമിയിലെ തോല്‍വി ദൗര്‍ഭാഗ്യകരമാണ്. തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഡയാന എഡുല്‍ജി പറഞ്ഞു. രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയതെന്നും എഡുല്‍ജി പറഞ്ഞു.
 
ധോണിയും ജഡേജയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. ജഡേജയ്ക്കും ധോണിക്കും അതില്‍ അഭിമാനിക്കാമെന്നും എഡുല്‍ജി പറഞ്ഞു. അതേസമയം ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള വാര്‍ത്തകളും അവര്‍ തള്ളി. ഇനിയും കളിക്കാനുള്ള വീര്യം ധോണിയില്‍ ബാക്കിയുണ്ടെന്നും എഡുല്‍ജി പറഞ്ഞു. ലോകകപ്പില്‍ മാസ്മരിക പ്രകടനമാണ് ധോണി നടത്തിയത്. വിരമിക്കണോ എന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണ്. ധോണിയില്‍ ഇനിയും കളിക്കാനുള്ള കരുത്ത് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നതെന്നും എഡുല്‍ജി പറഞ്ഞു.
 
ഇന്ത്യന്‍ ടീമിലെ യുവാക്കള്‍ക്ക് ധോണിയുടെ ഉപദേശം ഇനിയും ആവശ്യമാണ്. വിരമിക്കണോ എന്ന കാര്യത്തില്‍ ധോണി മാത്രമാണ് തീരുമാനമെടുക്കുക. അദ്ദേഹത്തിന്റെ ശരീരം അനുവദിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കളിക്കാമെന്നും എഡുല്‍ജി വ്യക്തമാക്കി. അതേസമയം സികെ ഖന്നയും ടീമിനെ പുകഴ്ത്തിയിട്ടുണ്ട്. സെമിയില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. എല്ലാ കളിക്കാരും മെച്ചപ്പെട്ട പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യ കൂടുതല്‍ ശക്തമായി പരിശ്രമിക്കും. കൂടുതല്‍ വിജയം ഭാവിയില്‍ നേടുമെന്നും ഖന്ന പറഞ്ഞു.
 
ഗായിക ലത മങ്കേഷ്‌ക്കറും ധോണി വിരമിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ധോണിയെ രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഇനിയും മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ധോണിക്ക് സാധിക്കും. വിരമിക്കലിനുള്ള ആലോചന പോലും നല്ലതല്ല. ഇന്ത്യന്‍ ടീമിന് ധോണിയുടെ സേവനം ഇനിയും ആവശ്യമാണെന്നും വിരമിക്കാനായിട്ടില്ലെന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു. മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്റിനോട് തോറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.