You are Here : Home / SPORTS

മനസ്സില്‍ മായില്ല; അച്ഛന്റെ സങ്കടം: ശോഭാമോഹന്‍

Text Size  

Story Dated: Friday, October 17, 2014 10:09 hrs UTC

കൊട്ടാരക്കര ശ്രീധരന്‍ നായര്‍. മലയാളസിനിമയിലെ ഈ അതികായന്‍ മരിച്ചിട്ട് ഒക്‌ടോബര്‍ 19ന് 28 വര്‍ഷം തികയുകയാണ്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് മകളും നടിയുമായ ശോഭാമോഹന്‍

......................................................................................................................................................................................................................................................

 

 



ദുഷ്ട വേഷങ്ങള്‍ കണ്ടിട്ടുള്ളതുകൊണ്ടാവാം, അച്ഛനെ ആളുകള്‍ക്കു പേടിയായിരുന്നു. അച്ഛന്‍ വീട്ടിലുണ്ടെന്നറിഞ്ഞാല്‍, തീപ്പെട്ടിക്കമ്പനിയിലേക്ക് ജോലിക്കു പോവുന്ന സ്ത്രീകള്‍ വഴിമാറിയാണ് നടക്കുക. അവര്‍ ഒളിച്ചുപോകുന്നത് അച്ഛന്‍ തന്നെയാണ് ഞങ്ങള്‍ക്കു കാണിച്ചുതരിക. എട്ടു മക്കളോടും ഒരിക്കല്‍പ്പോലൂം ദേഷ്യപ്പെട്ടിരുന്നില്ല.
1984 നവംബര്‍ അഞ്ച്. ഞാനും മോഹനേട്ടനും തമ്മിലുള്ള വിവാഹം അന്നായിരുന്നു. അതിനും മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹനിശ്ചയം. അച്ഛന്‍ സിനിമയില്‍ അഭിനയിക്കുന്ന കാലമാണ്. ഇടയ്ക്ക് നാടകം വന്നാല്‍ എന്തു ത്യാഗം ചെയ്തും അഭിനയിക്കാന്‍ പോകും. സെപ്റ്റംബര്‍ മാസത്തിലെ ഒരു ദിവസം കൊല്ലം സരിത ട്രൂപ്പ് നടത്തുന്ന കൊല്ലം സുരേഷ് അച്ഛനെ കാണാന്‍ വന്നു.
''സാര്‍ ഞങ്ങളുടെ പുതിയ നാടകത്തില്‍ അഭിനയിക്കണം.''
നാടകം എന്നു കേട്ടപ്പോള്‍തന്നെ അച്ഛന്‍ സമ്മതിച്ചു. റിഹേഴ്‌സല്‍ തുടങ്ങി. പെട്ടെന്നാണ് ഈ നാടകത്തിന് വടക്കേ ഇന്ത്യയില്‍ കുറേ സ്‌റ്റേജുകള്‍ കിട്ടിയത്. ഒക്‌ടോബര്‍ മാസത്തിലായിരുന്നു പരിപാടി.
''നവംബറില്‍ ശോഭയുടെ കല്യാണമാണ്. അതിനടുപ്പിച്ചാണ് പരിപാടിയെങ്കില്‍ പ്രശ്‌നമാവും.''
അച്ഛന്‍ പറഞ്ഞെങ്കിലും നവംബര്‍ ഒന്നിനു തിരിച്ചെത്താമെന്നായിരുന്നു ട്രൂപ്പുകാരുടെ ഉറപ്പ്. അതിനനുസരിച്ചായിരുന്നു പ്രോഗ്രാം പ്ലാന്‍ ചെയ്തത്.  
പോകുന്നതിനു മുമ്പുതന്നെ അച്ഛന്‍ വിവാഹത്തിന്റെ കാര്യങ്ങളൊക്കെ ഒരുക്കിയിരുന്നു. ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ വിളിച്ചു. വിവാഹത്തിന് കൊട്ടാരക്കര മിനര്‍വ തിയറ്റര്‍ ബുക്ക് ചെയ്തു. അതിനു ശേഷമാണ് ഒക്‌ടോബറില്‍ നോര്‍ത്ത് ഇന്ത്യയിലേക്ക് വണ്ടി കയറുന്നത്. അവിടെയെത്തിയിട്ടും അച്ഛന് സമാധാനമില്ല. ഇടയ്‌ക്കൊക്കെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കും. ആ സമയത്താണ് ഇന്ദിരാഗാന്ധി വെടിയേറ്റുമരിക്കുന്നത്. ഒക്‌ടോബര്‍ 31ന്. അതോടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാപം ആളിപ്പടര്‍ന്നു. സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായപ്പോള്‍ സുരക്ഷ കര്‍ശനമാക്കി. കേരളത്തില്‍ നിന്നു പോയവര്‍ക്ക് യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ. നിശ്ചയിച്ചുറപ്പിച്ച തിയതിക്ക് അച്ഛന് തിരിച്ചെത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഞങ്ങളും അസ്വസ്ഥരായി. ഞങ്ങളേക്കാളും വിഷമം അച്ഛനായിരുന്നു.
വിവാഹത്തിന്റെ തലേദിവസം ഫോണ്‍ വിളിച്ച് എന്നോടു സംസാരിക്കുമ്പോള്‍ അച്ഛന്‍ വിതുമ്പുന്നുണ്ടായിരുന്നു. അച്ഛനന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കും നല്ല വിഷമമുണ്ടായിരുന്നു. അച്ഛന്‍ ജീവിച്ചിരുന്നിട്ടും വിവാഹദിവസം അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞില്ലല്ലോയെന്ന സങ്കടം. അണിഞ്ഞൊരുങ്ങി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ്  ഫോണ്‍ തുടര്‍ച്ചയായി റിംഗ് ചെയ്തത്. പ്രതീക്ഷിച്ചതുപോലെ അച്ഛനാണ്.
''ഞാനില്ലെന്ന സങ്കടം നിനക്കുവേണ്ട. സന്തോഷത്തോടെ ഇറങ്ങിക്കോളൂ. നല്ലതുവരും.''
എനിക്ക് വിതുമ്പലടക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ദുഃഖം പുറത്തുകാണിക്കാതെ മോഹനേട്ടന്റെ വീട്ടിലേക്ക് കയറിച്ചെന്നു. അച്ഛന്‍ മരിച്ചിട്ട് ഇരുപത്തിയെട്ടുവര്‍ഷം തികഞ്ഞെങ്കിലും ആ സങ്കടം ഇപ്പോഴും മനസിലുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.