You are Here : Home / SPORTS

മദ്യം കൃഷ്ണന്‍കുട്ടിയണ്ണനെ മരണത്തിലെത്തിച്ചു

Text Size  

Story Dated: Friday, September 12, 2014 11:38 hrs UTC

നടന്‍ കൃഷ്ണന്‍കുട്ടി നായരുടെ മദ്യപാനശീലത്തെകുറിച്ച് നടന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍ എഴുതുന്നു
 
 
 
 
 
മദ്യം നിരോധിക്കുന്നതിനോട് യോജിപ്പില്ല. എന്നുവച്ച് നല്ലതാണെന്ന് അഭിപ്രായവുമില്ല. നല്ല മദ്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഞാന്‍ മദ്യപിക്കുന്ന ആളാണ്. അത് തുറന്നുപറയാന്‍ മടിയില്ല. അമിതമായാല്‍ ആപത്തുമാണ്. ആത്മസുഹൃത്തായ കൃഷ്ണന്‍കുട്ടിനായരെ മരണത്തിലേക്ക് കൊണ്ടുപോകാന്‍ നിമിത്തമായത് മദ്യമാണ്. 
 
പത്മരാജന്റെ 'പെരുവഴിയമ്പല'ത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് കൃഷ്ണന്‍കുട്ടിനായരെ പരിചയപ്പെടുന്നത്. മെലിഞ്ഞ് നീണ്ട ആ മനുഷ്യന്റെ അപാരമായ അഭിനയം കണ്ട് ഏറെനേരം നിന്നുപോയിട്ടുണ്ട്. എണ്ണിത്തൂക്കിയായിരുന്നു അഭിനയം. ഒന്നിച്ച് അഭിനയിച്ചത് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഡോ.പശുപതി'യിലാണ്. പാലക്കാടായിരുന്നു ലൊക്കേഷന്‍. ഒരു ഡബിള്‍റൂമിലെ ദിവസങ്ങള്‍ നീണ്ട ജീവിതം ഞങ്ങളെ അടുത്ത സുഹൃത്തുക്കളാക്കി. അഭിനയം കഴിഞ്ഞ് ലോഡ്ജിലെത്തിയാല്‍ കുളിച്ചതിനുശേഷമേ മദ്യം കഴിക്കുകയുള്ളൂ. മദ്യപിച്ചു തുടങ്ങിയാല്‍ പിന്നീട് ആരു പറഞ്ഞാലും ഷൂട്ടിംഗിന് പോവില്ല. ഏത് ലൊക്കേഷനിലെത്തിയാലും ഞങ്ങള്‍ ഒരു മുറിയിലേ താമസിച്ചിട്ടുള്ളൂ. 
 
രാത്രി ഒരു വലിയ ടിഫിന്‍ ബോക്‌സിലാണ് രണ്ടുപേര്‍ക്കും ഭക്ഷണമെത്തിക്കുക. മുറിയിലെത്തിക്കഴിഞ്ഞാല്‍ എനിക്ക് പെട്ടെന്നുതന്നെ രണ്ട് സ്‌മോള്‍ കഴിക്കണം. എന്നാലേ സമാധാനമുള്ളൂ. രണ്ടെണ്ണം അകത്തുചെന്നാല്‍ ഞാന്‍ പതുക്കെ ടിഫിന്‍ ബോക്‌സ് തുറക്കും. അതില്‍ നിന്ന് സ്പൂണെടുത്ത് പൊരിയലും അച്ചാറും മാത്രം കഴിക്കും. കൃഷ്ണന്‍കുട്ടിയണ്ണന് ടച്ചപ്പിന് ഇതൊന്നും പറ്റില്ല. വെജിറ്റബിള്‍ സലാഡിനോടാണ് പ്രിയം. താമസിക്കുന്ന ഹോട്ടലില്‍ അതില്ലെങ്കില്‍ അടുത്ത ഹോട്ടലില്‍നിന്ന് വാങ്ങിപ്പിക്കും. ഒന്‍പതു മണി കഴിഞ്ഞാല്‍ ഞാന്‍ അണ്ണനോടു ചോദിക്കും. 
 
''അണ്ണാ, നമുക്ക് ഭക്ഷണം കഴിച്ചാലോ?''
''നീ പോടെ. ലസ് ലഗേജ്. മോര്‍ കംഫര്‍ട്ട്. അതുകൊണ്ട് നീ തന്നെ കഴിച്ചോ.''
അതാണ് ശീലം. 
ഷൊര്‍ണ്ണൂര്‍, ചെറുതുരുത്തി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ എവിടെ ഷൂട്ടിംഗുണ്ടായാലും മദ്യത്തിന് വേണ്ടി ഞാനും അണ്ണനും ആശ്രയിക്കുന്നത് അപ്‌സരാ ബാറിനെയാണ്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനു മുമ്പിലാണ് അപ്‌സര. ഷൂട്ടിംഗ് തുടങ്ങിയാല്‍ അവിടെയൊരു പറ്റ് ബുക്ക് വയ്ക്കും. താമസിക്കുന്ന ഹോട്ടലില്‍ ജോലിയുള്ള ഏതെങ്കിലും പയ്യന്‍മാര്‍ വശം സ്ലിപ്പ് കൊടുത്തയക്കും. ഹണീബി-500, ബീഫ് ഫ്രൈ-രണ്ടെണ്ണം. അച്ചാര്‍, സൈഡ് ഡിഷ് എന്നിങ്ങനെയാണ് സ്ലിപ്പില്‍ എഴുതുക. ഒരു മണിക്കൂറിനുള്ളില്‍ പയ്യന്‍ സാധനവുമായി വരും. ഷൂട്ടിംഗ് കഴിയുന്നതിന്റെ തലേ ദിവസം മദ്യത്തിനൊപ്പം ബില്ലുമുണ്ടാവും. ബില്‍ സെറ്റില്‍ ചെയ്തുകഴിഞ്ഞാല്‍ യാത്രയ്ക്കിടയില്‍ കഴിക്കാനായി ഞങ്ങള്‍ക്ക് ഒരു പൈന്റ് ഫ്രീയായി കൊടുത്തയക്കും. 
 
ഒരു ദിവസം കഴക്കൂട്ടത്തുനിന്നും മിനുങ്ങിയശേഷം അണ്ണന്‍ ശ്രീകാര്യത്തു വന്നിറങ്ങി. ലാന്‍ഡ്‌ഫോണില്‍ എന്നെ വിളിച്ചെങ്കിലും കിട്ടിയില്ല. അന്ന് മൊബൈല്‍ ഫോണ്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്കില്ല. ഞാനില്ലെന്നു മനസിലായപ്പോള്‍ അളിയനെയും കൂട്ടി ബാറില്‍ കയറി രണ്ടെണ്ണം കഴിച്ചു. അളിയന്‍ ഒന്നും കഴിക്കാതെ കമ്പനിക്ക് കൂട്ടിരിക്കുകയായിരുന്നു. കഴിച്ചശേഷം അളിയന്റെ സ്‌കൂട്ടറിനു പിന്നില്‍ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരുന്നാണ് യാത്ര ചെയ്തത്. പണ്ടുകാലത്ത് സ്ത്രീകള്‍ ഇരിക്കുന്നതുപോലെ. യാത്രയ്ക്കിടയില്‍ ഒരു ബസ് വന്നിടിക്കുമെന്ന് കണ്ടപ്പോള്‍ സഡണ്‍ ബ്രേക്കിട്ടു. 
 
പിന്നിലിരുന്ന അണ്ണന്‍ തെറിച്ച് റോഡിലേക്ക് വീണു. പെട്ടെന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ആന്തരിക രക്തസ്രാവം കാരണം നില ഗുരുതരമായിരുന്നു. ഏഴു ദിവസമാണ് ആശുപത്രിയില്‍ കിടന്നത്. ഞാന്‍ ആശുപത്രിയിലെത്തിയ ദിവസം അണ്ണനെ കാണാന്‍ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കാണാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിറ്റേ ദിവസം കേട്ടത് അണ്ണന്‍ മരിച്ച വാര്‍ത്തയായിരുന്നു. അതിനുശേഷം ലൊക്കേഷനില്‍ ഒറ്റയ്ക്കു താമസിക്കുമ്പോഴൊക്കെ അണ്ണന്‍ മനസിലേക്ക് കടന്നുവരും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.