കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കൊടിക്കുന്നിലിനോട് മത്സരിച്ച് പരാജയപ്പെട്ട സിപി സ്ഥാനാര്‍ഥി ആര്‍എസ് അനിലും മറ്റു രണ്ടുപേരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ കൊടിക്കുന്നിലിന് യോഗ്യതയില്ലെന്നും ഇതു സംബന്ധിച്ച കൊടിക്കുന്നില്‍ സമര്‍പ്പിച്ച തെളിവുകളും സാക്ഷി മൊഴികളും വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.



ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നു കാണിച്ചാണ് കൊടിക്കുന്നില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, നേരത്തെ സമര്‍പ്പിച്ച മറ്റൊരു രേഖയില്‍ ഹിന്ദു പുലയ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും കാണിച്ചിരുന്നു. ഈ മൂന്ന് രേഖകളും പരസ്പരവിരുദ്ധങ്ങളാണെന്ന് 194 പേജുള്ള കോടതി വിധിയിലുണ്ട്.



കൊടിക്കുന്നില്‍ സുരേഷ് മലങ്കര കത്തോലിക്ക സമുദായത്തില്‍ അംഗമാണെന്നും ആര്‍എസ് അനില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. അതുപോലെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അച്ഛന്റെ പേര് കുഞ്ഞന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ജോസഫ് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞു.



അടിസ്ഥാന വിവരങ്ങള്‍ പോലും പരിഗണിക്കാതെയാണ് വരണാധികാരി കൊടിക്കുന്നിലിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചത്. ഇക്കാര്യത്തില്‍ നേരേെത്ത എതിര്‍ സ്ഥാനാര്‍ഥി പരാതി നല്‍കിയിരുന്നെങ്കിലും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വരണാധികാരി പരിശോധിക്കുക പോലും ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.