വ്യാജ ഏറ്റുമുട്ടല്‍:അമിത് ഷാ സിബിഐയ്ക്ക് മുന്നില്‍ ഹാജരായേക്കും
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച സിബിഐയ്ക്ക് മുന്നില്‍ ഹാജരായേക്കും.സൊഹ്‌റാബുദ്ദീന്‍ കേസില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. അമിത് ഷായും വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മൂന്ന് ഐപി‌എസ് ഓഫീസര്‍മാരും തമ്മില്‍ ടെലഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന് തെളിവുകള്‍ ഉണ്ട് എന്നാണ് സിബിഐ പറയുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലം‌കൈയ്യായ അമിത് ഷാ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സമന്‍‌സ് നല്‍കിയിരുന്നു. എന്നാല്‍, മന്ത്രി സമന്‍‌സിനോട് പ്രതികരിക്കാഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാവാന്‍ സിബിഐ രണ്ടാമതും സമന്‍സ് അയയ്ക്കുകയായിരുന്നു.