കേരളം പിളര്‍ന്നു ;വിദേശമലയാളികള്‍ സൂക്ഷിക്കുക
അനില്‍ പെണ്ണുക്കര‍
;കഴിഞ്ഞ തവണ കേരളത്തില്‍ അവധിക്കാലം ചെലവിടുവാനായി പോയ ഒരു സുഹൃത്തു പറഞ്ഞ ചില കാര്യങ്ങളാണ്. കേരളത്തിലെ സാമൂഹ്യപശ്ചാത്തലവും പുതുതായി ശക്തിയാര്‍ജ്ജിക്കാതെ ചില പ്രവണതകളെ പറ്റിയും അദ്ദേഹം പറയുകയുണ്ടായി.

അദ്ദേഹം ഒരത്യാവശ്യത്തിനായി കാറില്‍ സഞ്ചരിക്കുകയാണ്. ഉത്സവകാലം.

മിക്ക ക്ഷേത്രങ്ങളിലും പളളികളിലും ആഘോഷങ്ങളുടെ കോലാഹലങ്ങള്‍.

റോഡില്‍ എല്ലാം ഉച്ചഭാഷിണികളും തോരണങ്ങളും. പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനകള്‍ ഒക്കെയാല്‍ മുഖരിതമാണ് നിരത്തുകള്‍.

അതൊക്കെ സഹിക്കാം. പക്ഷേ നിരത്തുകളിലൂടെയുളള ഘോഷയാത്രകള്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് അസഹനീയവും ക്രൂരമാണ്. നെടുനീളല്‍ വാഹനനിരകളാല്‍ റോഡ് നിറഞ്ഞിരിക്കുന്നു. അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു ബന്ധുവിനെ കാണുവാനാണ് എന്റെ സുഹൃത്തിന്റെ യാത്ര. ഒരു കവലയില്‍ ഏതാണ്ട് 1 മണിക്കൂര്‍ കുരുങ്ങികിടന്നാല്‍..... വ്യത്യസ്ത മതവിശ്വാസികളിലൂടെയും ജാതിക്കാരുടേയും ആഘോഷ റാലികളും ഘോഷയാത്രകളുമായി റോഡ് ബ്ളോക്കാണ്. എന്തു ചെയ്യാനാകും. ഇത് ഉണ്ടാക്കുന്ന അസൌകര്യത്തെപ്പറ്റി പറഞ്ഞാല്‍ മതനിന്ദയാകില്ലേ. ജാതിയാകില്ലേ.

ഈശ്വരവിശ്വാസികള്‍ക്കെന്തിനാണ് റോഡ് അടച്ചുളള ഘോഷയാത്ര? മറ്റുളളവര്‍ക്ക് കടന്നുപോകാന്‍ കഴിയുന്നവിധം റോഡിലെ ഗതാഗതം കൂടി കണക്കിലെടുത്തു വേണം ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. പോലീസ് അവിടെ വെറുതെ നോക്കി നില്‍ക്കുകയാണ്. ഹൈക്കോടതി വിധിയുണ്ട്. ഗതാഗതം മുടക്കുന്നതരത്തില്‍ ജാഥകളും ഘോഷയാത്രകളും മറ്റും നടത്തരുതെന്ന്. എവിടെ? ഒരു പ്രദേശത്ത് വിശ്വാസികള്‍ അവരുടെ ആഘോഷം നടത്തുമ്പോള്‍ അതറിയാതെ റോഡിലൂടെ അത്യാവശ്യങ്ങള്‍ക്കും പ്രാണരക്ഷാര്‍ത്ഥമുളള ആശുപത്രിയാത്രയ്ക്കുമൊക്കെയായി വരുന്നവര്‍ കുടുങ്ങിയതു തന്നെ. ഇത് ഏത് ഈശ്വരനാണ് ഇഷ്ടപ്പെടുക.

ഒരു മണിക്കൂറിനു ശേഷം യാത്ര പുനരാരംഭിച്ച ആശ്വാസവുമായി സുഹൃത്ത് കാറിലിരിക്കുകയാണ്. കുറെ ദൂരം കഴിഞ്ഞു. ഒരു കവല കുറെപ്പേര്‍ വണ്ടികള്‍ തടഞ്ഞിരിക്കുകയാണ്. അവിടമാകെ തോരണങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയിലൂടെ അനൌണ്‍സ്മെന്റും പാട്ടുമൊക്കെയുണ്ട്. സുഹൃത്തിന്റെ വണ്ടിയും ചെറുപ്പക്കാരും മുതിര്‍ന്നവരുമായ സംഘം കൈകാട്ടി നിര്‍ത്തിച്ചു. അയാള്‍ ആകെ പരിഭ്രമിച്ചു.

എന്താണ് കാര്യം ?

കൂട്ടത്തിലൊരാള്‍ ഒരു രസീതു ബുക്കുമായി വന്നു. മറ്റൊരാള്‍ ഒരു നോട്ടീസ്സും. പിരിവാണ്. പിരിവിന്റെ പുതിയ മുഖം. എങ്ങും തേടിപോകേണ്ട. വീടുകള്‍ കയറി എന്‍.പി എഴുതി പിന്നെ പിരിയ്ക്കാന്‍ നടക്കേണ്ട. വരുന്ന വാഹനം ഏതു ദിക്കില്‍ നിന്നുമാകാം. അപരിചിതരാകാം. ചിലര്‍ കൊടുക്കാതെ പോകില്ല. നല്ല കളക്ഷന്‍ ഉണ്ടാക്കാം.

തര്‍ക്കിക്കാനും ഒന്നും നിന്നില്ല. (ഈ പിരിവിനു അങ്ങനൊരു സൌകര്യം കൂടി സംഘാടകര്‍ക്കു നല്‍കുന്നുണ്ട്. ധൃതി വെച്ചു പോകുന്നവര്‍ രസീതിനു കാത്തുനില്‍ക്കുകയില്ല.) ഡ്രൈവറോട് ചോദിച്ചു മാരണമായല്ലേ ജയിംസേ... ഇനി തടസ്സം വല്ലതുമുണ്ടോ.

ഇതൊക്കെ പതിവാണ് ചേട്ടാ ഇനിയും പ്രതീക്ഷിക്കാം.

തുടരുകയാണ്.

ദാ വരുന്നു അടുത്ത ബ്ളോക്ക്. ജാഥയാണ്. രാഷ്ട്രീയക്കാരുടെ ....... ഏതോ നേതാവു വരുന്ന...

ഏതാണ്ട് അരമണിക്കൂര്‍ അവിടെ കിടന്നു.

ഇടയ്ക്കിടെ ചിലര്‍ കാറില്‍ തട്ടി ...മാറ്റിയിടെടാ വണ്ടി .....എന്നൊക്കെ പറഞ്ഞു.

ഏതായാലും രക്ഷപെട്ടു.

തിരുവനന്തപുരത്തിനു ഇനി എത്രദൂരമുണ്ട്.

ഇനിയും 40 കിലോമീറ്ററുണ്ടെന്നു ഡ്രൈവര്‍

അധികം ചെന്നില്ല ഒരു കരിങ്കൊടി . വാഹനങ്ങളില്‍ കരിങ്കൊടി കെട്ടിയിട്ടുണ്ട്. റോഡ് നിറഞ്ഞു ഘോഷയാത്ര. ഒരു ശവം കൊണ്ടുപോകുകയാണ്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ സങ്കീര്‍ത്തനങ്ങളും കണ്ണടപ്പു പാട്ടുമുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ഈ ശവമഞ്ചം എടുപ്പ് റോഡിനരികിലൂടെ ആകാവുന്നതേയുളലു. പക്ഷേ അവര്‍ക്കും ആ ബോധമില്ല. വന്ന വണ്ടികള്‍ മാറി കിടന്നു. ശവമല്ലേ ബഹുമാനിക്കണമല്ലോ. പത്തു മിനിട്ട് അവിടെപ്പോയി .യാത്ര തുടരുകയാണ്.

അതാ രസീതു കുറ്റികളുമായി ചിലര്‍ വണ്ടികള്‍ തടയുന്നു. പിരിവാണ്. ഏതോക്ളബ്ബിന്റെ വാര്‍ഷികം. വീണ്ടും യാത്ര.

റോഡുകളില്‍ ഇരുമ്പുകമ്പികളില്‍ തീര്‍ത്ത ഇടുങ്ങിയ കമാനങ്ങള്‍.

നിരത്തുകളില്‍ കൈയടക്കി ഉന്തുവണ്ടികളും കച്ചവടക്കാര്‍. ബൈക്കുകള്‍ തലങ്ങും വിലങ്ങുമായി വെച്ച് പരസ്പരം കാലുകള്‍ കയറ്റി വെച്ച് സൊറ പറഞ്ഞു. ഗതാഗതം വിഷയമല്ലാ ആ കൌമാരക്കാരും യുവാക്കളും.

വാട്ടര്‍ അതോറിറ്റിക്കാരും ടെലിഫോണ്‍കാരും കുഴിച്ചിട്ട റോഡുകള്‍.

ഗട്ടറുകളും ബംമ്പറുകളും നിറഞ്ഞ റോഡുകള്‍..

ബംമ്പുകള്‍ പൊതുനിരത്തില്‍ ആര്‍ക്കു വേണമെങ്കിലും ആകാം. അമ്പലങ്ങളുടെ മുന്നില്‍, പളളികളുടെ മുന്നില്‍, കളളുഷാപ്പുകളുടെ മുന്നില്‍..

സുഹൃത്തിന്റെ ഉപദേശം ...താന്‍ കേരളത്തില്‍ പോയാല്‍ ബാഗില്‍ ചില്ലറ കരുതി കൊളളണം. കഴിവതും നടക്കാന്‍ പഠിച്ചിട്ടേ പോകാവൂ. പറ്റുന്നില്ലെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരം പോകണമെങ്കില്‍ കുറഞ്ഞത് ആറുമണിക്കൂര്‍ മുമ്പേ ഇറങ്ങണം. അസുഖമുളളവരാണെങ്കില്‍ ആശുപത്രിയ്ക്കരുകിലെവിടെയെങ്കിലും മുറി എടുക്കുക. ഉത്സവങ്ങള്‍ മാത്രമല്ല ;ബന്ദും ഇന്ന് കേരളത്തിലെ കലണ്ടറുകളില്‍ രേഖപ്പെടുത്താറുണ്ടത്രേ.