അത്തിമരച്ചോട്ടില്‍‍‍‍‍‍‍
Dr D. Babu Paul, IAS [Retd], former Additional Chief Secretary, Government of Kerala‍‍‍‍‍‍
അശ്വമേധവും അത്തിമരത്തിന്റെ തണലും തമ്മില്‍ എന്താണ് ബന്ധം എന്ന് വിശദീകരിച്ചിട്ടാവാം തുടക്കം. അശ്വമേധം വിജിഗീഷുവിന്റെ പ്രഖ്യാപനമാണല്ലോ. ആരുണ്ടിവിടെ പിടിച്ചുകെട്ടാന്‍ ? കുതിരയുടെ മസ്തകത്തില്‍ ജയപത്രം ബന്ധിച്ചിട്ട് കുതിരയെ അഴിച്ചു വിടുക. ആരെങ്കിലും തടഞ്ഞാല്‍ തടയുന്നവരെ യുദ്ധത്തില്‍ തോല്‍പ്പിക്കണം. ഇങ്ങനെ നൂറ് അശ്വമേധം നടത്തിയാല്‍ ആ രാജാവ് ഇന്ദ്രനായിത്തീരും. ഏകാധിപതികളുടെ യാഗമായിരുന്നു ഇത്.

അത്തിമരച്ചോടാവട്ടെ കടകവിരുദ്ധമായ ഒരു സങ്കല്പമാണ് ദ്യോതിപ്പിക്കുന്നതും ബൈബിള്‍ നഥാനിയേല്‍ എന്നൊരാളെക്കുറിച്ച് പറയുന്നുണ്ട്. നഥാനിയേല്‍ യേശുവിന്റെ അടുക്കല്‍ ആദ്യം ചെന്നപ്പോള്‍ തന്നെ യേശു നിഷ്കളങ്കനായ ഇസ്രായേല്യന്‍ എന്ന് സാക്ഷ്യപ്പെടുത്തി. അത്ഭുത പരതന്ത്രനായ നഥാനിയേല്‍ എന്നെ അറിയുമോ ? എങ്ങനെ അറിയും ? എന്ന് ചോദിച്ചു. യേശുവിന്റെ മറുപടി : നീ അത്തിമരച്ചോട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു. ഇത് ഒരു യഹൂദ ശൈലി ആയിരുന്നു. ഓരോരുവനും അവനവന്റെ അത്തിമരച്ചോട്ടില്‍.

അത്തിമരം സമാധആനത്ത
ിന്റെ പ്രതീകമായിരുന്നു ആ സമൂഹത്തില്‍. ഓരോരുത്തനും താന്താന്റെ അത്തിമരച്ചുവട്ടില്‍ നിര്‍ഭയനായി വസിക്കും എന്ന് മീഖാ എന്ന പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് പഴയ നിയമത്തില്‍. അതിനൊക്കെ നൂറ്റാണ്ടുകള്‍ക്കപ്പുറം ജ്ഞാനിയായ ശലോമന്‍ - സോളമന്‍ ; സുലൈമാന്‍ നബി - നാടുവാണ കാലത്ത് യിസ്രായേലും ദാന്‍ മുതല്‍ ബര്‍ശേബാ വരെയും ഓരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിമരച്ചോട്ടിലും നിര്‍ഭയം വസിച്ചു എന്ന് രാജാക്കന്‍മാരുടെ ഒന്നാം പുസ്തകം എന്ന പഴയ നിയമ കൃതി രേഖപ്പെടുത്തിയിരിക്കുന്നു. അത്തിമരം തഴച്ചു വളര്‍ന്ന് തണല്‍ നല്‍കുന്നതായിരുന്നു. അതിന്റെ ചുവട്ടില്‍ ഇരുന്ന് ധ്യാനമഗ്നനാവുക അസാധാരണമായിരുന്നില്ല. ഈശ്വരോന്മുഖ ചിന്തകളോടെ അങ്ങനെ ഇരുന്ന വേദജ്ഞാനിയായ ഏത് യഹൂദനും മിശിഹാ എന്ന സ്വര്‍ഗ്ഗ ശില്‍പ്പിയെക്കുറിച്ചുള്ള വംശീയ സ്വപ്നങ്ങള്‍ നെയ്തിരിക്കണം. അത് യേശു തിരിച്ചറിഞ്ഞു എന്നത് അന്ന് നഥാനിയേലിനെ സന്തുഷ്ടനാക്കി.



അതാണ് അത്തിമരച്ചോട്. അശ്വമേധം വിജിഗീഷുവിന്റെ വിജയഭേരിയാണെങ്കില്‍ അത്തിമരച്ചോട് വിനീതന
ായ ഉപാസകന്റെ ധ്യാന ഭൂമിയിലെ നിശ്ശബ്ദതയാണ്.

ദാന്‍ മുതല്‍ ബര്‍ശേബാവരെ എന്നതിനര്‍ത്ഥം അറിയപ്പെടുന്ന ലോകം മുഴുക്കെ എന്നാണ്. ഭൂമി മലയാളം എന്ന് പറയുമ്പോലെ . അവിടെ ജനം അത്തിമരച്ചോട്ടില്‍ സായൂജ്യം കണ്ടപ്പോള്‍ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല എന്റെ ദൈവമായ യഹോവ ചുറ്റും എനിക്ക് സ്വസ്ഥത നല്‍കിയിരിക്കുന്നു എന്നാണ് ചക്രവര്‍ത്തി പറഞ്ഞത്. അശ്വമേധം പൂര്‍ത്തിയാകുമ്പോഴും ഇതാണല്ലോ അവസ്ഥ.

അശ്വമേധം ഒരു പ്രഖ്യാപനമാണ്. അത്തിമരച്ചുവട് ഒരു പ്രതീകവും. ഞാന്‍ ശത്രുക്കളെ കീഴടക്കിയിരിക്കുന്നു എന്നതാണ് അശ്വമേധത്തിന്റെ അവകാശ വാദം. എല്ലാ കീഴടക്കലിന്റെയും ഒടുവില്‍ ഒരു കീഴടങ്ങല്‍ ഉണ്ടാവണം എന്നതാണ് അത്തിമരച്ചോടിന്റെ സന്ദേശം.

അത്തിമരച്ചോട്ടില്‍ അടുത്തയാഴ്ച വീണ്ടും കാണാം.

ഡി.ബാബുപോള്‍.