You are Here : Home / അഭിമുഖം

ചിരിയുടെ കുട്ടൻ ശ്രീക്കുട്ടൻ

Text Size  

Story Dated: Monday, October 17, 2016 10:48 hrs UTC

അമേരിക്കൻ മലയാളികൾക്കായി എം ജി ശ്രീകുമാറുമായി ജിനേഷ് തമ്പിയുടെ പ്രേത്യേക അഭിമുഖം..... ചിത്രം എന്ന സിനിമയിലെ ഒരു പിടി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി മനസുകളിൽ ഒരു സംഗീത മഴയായി പെയ്തിറങ്ങിയ എം ജി ശ്രീകുമാർ സംഗീത യാത്രയിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ടു തന്റെ ജൈത്രയാത്ര തുടരുകയാണ്. മലയാളികൾ ഹൃദയത്തിൽ ഏറ്റു വാങ്ങിയ "കണ്ണീൽ പൂവിന്റെ കവിളിൽ തലോടി , ദൂരേ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക, നാദരൂപിണി " എന്നീ അനശ്വര ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ ജനപ്രിയ ഗായകൻ എം ജി ശ്രീകുമാർ , പിന്നീട് ചാനൽ ഷോ അവതാരകനായും , വിധികർത്താവായും ടിവി സ്‌ക്രീനുകളിൽ നിറസാന്നിധ്യമായി മറ്റു അനേകം പുരസ്കാരങ്ങൾക്കൊപ്പം , രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ മലയാളത്തിന്റെ സ്വന്തം ശ്രീക്കുട്ടൻ അമേരിക്കൻ യാത്രക്കിടെ ജിനേഷ് തമ്പിയുമായി മനസ്സ് തുറക്കുന്നു .....................

 

1)എം ജി ശ്രീകുമാറിനെ എല്ലാവരും സ്നേഹപൂർവ്വം ശ്രീക്കുട്ടൻ എന്നാണല്ലോ വിളിക്കുന്നത് , ഈ ശ്രീക്കുട്ടൻ എന്ന വിളി പേര് എങ്ങനെ കിട്ടി ? എന്റ്റെ വീട്ടുകാർ എല്ലാവരും എന്നെ ചെറുപ്പം മുതൽ വീട്ടിൽ വിളിച്ചു കൊണ്ടിരുന്നത് ശ്രീക്കുട്ടൻ എന്നാണ് . എന്റെയും എന്റ്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണന്റെയും സുഹൃത്തുക്കൾ ഒക്കെ വീട്ടിൽ വരുമ്പോൾ "ആ ശ്രീകുട്ടനെ വിളിക്കൂ" എന്നേ പറയൂ. എം ജി ശ്രീകുമാർ എന്നൊന്നും ആരും വിളിക്കാറില്ല . എം ജി ശ്രീകുമാർ എന്നൊക്കെ പറയുമ്പോൾ ....അത് വളരെ ഒഫീഷ്യൽ ആയി പോയി . പിന്നീട് ആത്മ മിത്രങ്ങൾ പ്രിയദർശൻ ,അത് പോലെ മോഹൻലാൽ, സുരേഷ്‌കുമാർ ഇവരും ശ്രീക്കുട്ടൻ എന്ന് തന്നെ എന്നെ വിളിച്ചു തുടങ്ങി . ഇപ്പൊ മിക്കവാറും എല്ലാവരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുന്നത്. അമേരിക്കയിൽ വരുമ്പോൾ ആളുകൾ എന്റ്റെ അടുക്കൽ വന്നു ചോദിക്കും " ഈ എം ജി ശ്രീകുമാർ എന്നതിന് പകരം ശ്രീകുട്ടാ എന്ന് വിളിച്ചോട്ടെ എന്ന് , ഞാൻ പറയും " സന്തോഷം , എന്ത് വേണമെങ്കിലും വിളിച്ചോ , തെറി വിളിക്കാതിരുന്നാ മതി "(സ്വതസിദ്ധമായ ശൈലിയിൽ പൊട്ടിച്ചിരിക്കുന്നു)

 

2)മൂന്ന് പതിറ്റാണ്ടു നീണ്ട സംഗീത യാത്രയിൽ എം ജി. ശ്രീകുമാറിന് ആശിച്ചതൊക്കെ നേടാൻ സാധിച്ചു എന്ന് കരുതുന്നുണ്ടോ ?

 

ആശിച്ചതു നേടി എന്നല്ല , വിധിച്ചത് കിട്ടി എന്ന് കരുതാനാണ് ഇഷ്ടം. അതിനു കാരണം നമ്മൾ വിശ്വസിക്കുന്ന ദൈവം , അത് കർത്താവായാലും, കൃഷ്ണൻ ആയാലും, അള്ളാഹു ആയാലും നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുമല്ലോ , "ദൈവമേ അനുഗ്രഹിക്കണേ എന്ന്" . ആ ഈശ്വരാനുഗ്രഹമൊക്കെ ദൈവകൃപയാൽ കിട്ടിയിട്ടുണ്ട് എന്റ്റെ ഒരു കാര്യത്തിൽ ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഈ ഫീൽഡിൽ വരുമെന്ന് . എന്റ്റെ രണ്ടാം വയസിലാണ് ഞങ്ങളുടെ കുടുംബം ഹരിപ്പാട് നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത് .

 

 

അമ്മ അവിടെ കരമന എൽ പി സ്കൂളിൽ സംഗീത അദ്ധ്യാപിക ആയിരുന്നു. മ്യൂസിക് അക്കാദമിയുടെ അരികിൽ ഒരു കുഴിയിൽ ഉള്ള ചെറിയ ഒരു വീട്ടിലായിരുന്നു ഞങ്ങൾ അന്ന് താമസിച്ചു കൊണ്ടിരുന്നത്. അമ്മയുടെ എഴുപത്തിയഞ്ചു രൂപ ശമ്പളത്തിൽ നിന്ന് പതിനഞ്ചു രൂപ വീട് വാടകക്ക്‌ കൊടുക്കണം. ബാക്കിയുള്ള പൈസയിൽ നിന്ന് വേണം വീട്ടിലെ ചിലവൊക്കെ നടത്താൻ . ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് എന്റ്റെ 'അമ്മ ബസ് ചാർജിനുള്ള പതിനഞ്ചു പൈസ ലഭിക്കാൻ വേണ്ടി എനിക്ക് മുട്ടായി ഒക്കെ മേടിച്ചു സ്കൂളിൽ നിന്നും നടന്നു വരുന്നത് . ഞങ്ങൾക്ക് അന്ന് വളരെ മിതമായ സാമ്പത്തിക ശേഷിയെ ഉണ്ടായിരുന്നുള്ളൂ .

 

എന്നെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള സാമ്പത്തികം വീട്ടിൽ ഇല്ലായിരുന്നു ,സെക്രെട്ടറിയേറ്റിലോ , അത് പോലെ ഏതെങ്കിലും സർക്കാർ ഓഫീസിൽ ഒരു ജോലി അത്രെയേ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചേട്ടന് ഓൾ ഇന്ത്യ റേഡിയോയിൽ ജോലി കിട്ടി , ചേച്ചിക്ക് വിമൻസ് കോളേജിൽ പ്രൊഫസർ ആയി നിയമനം കിട്ടി , അങ്ങനെയാണ് കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നത്. ആ സമയത്താണ് എനിക്ക് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ജോലി കിട്ടുന്നത്. ഡെപ്യൂട്ടേഷനിൽ ലിബിയക്ക് പോയി. അവിടെ പോയി കുറച്ചു പാട്ടു ഒക്കെ പാടണം എന്ന് ഉണ്ടായിരുന്നു .പക്ഷെ ഒന്നും ശരിയായില്ല. നാട്ടിലേക്കു തിരിച്ചു വന്നു ടെസ്റ്റ് എഴുതി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോറിൽ ജോലി കിട്ടി. വിധിയെ തടുക്കാൻ നമുക്ക് പറ്റില്ലല്ലോ. മനസ്സിൽ അപ്പോഴും പാട്ടു തന്നെയായിരുന്നു. അന്നേരമാണ് പ്രിയദർശനെ കണ്ടു മുട്ടുന്നത് .എന്റ്റെ അമ്മയും പ്രിയന്റെ അമ്മയും വലിയ കൂട്ടുകാരായിരുന്നു അന്നൊക്കെ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും വൈകുന്നേരം ഇന്ത്യൻ കോഫി ഹൊസ്സിൽ ഒത്തു ചേരും

 

.ഞാൻ, പ്രിയൻ , സുരേഷ് കുമാർ, .പിന്നെ മോഹൻലാലും വരും. മോഹൻലാൽ മൂന്ന് വർഷം ഞങ്ങളുടെ ജൂനിയർ ആയിരുന്നു. സംസാരം മുഴുവൻ സിനിമയെ കുറിച്ചായിരുന്നു . മോഹൻലാലിന്റെ ഫോട്ടോ ഒക്കെ വെച്ച് നവോദയക്ക് അപേക്ഷ അയച്ചത് ഞങ്ങളായിരുന്നു . അപേക്ഷ അയക്കുമ്പോൾ വെല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു . പക്ഷെ വില്ലൻ ആയി തുടങ്ങിയ മോഹൻലാൽ ഇന്ന് മലയാളത്തിന്റെ മഹാ നടനായി മാറി . ഇതെല്ലം ഓരോ നിമിത്തങ്ങളാണ്. എന്തായിരുന്നു എന്ന് ചോദിച്ചാൽ നമ്മൾ ഒന്നും ആയിരുന്നില്ല . ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി യഹോവ സഹായിച്ചു എന്ന പാട്ടു പോലെ എല്ലാം വന്നു ഭവിച്ചതാണ്. പിന്നീട് എനിക്കും സിനിമയിൽ പാടാൻ അനേകം അവസരങ്ങൾ തേടി എത്തി. എല്ലാം ദൈവാനുഗ്രഹം .

 

3)സംഗീതത്തിൽ പ്രൊഫഷണൽ ആയി പഠിച്ചിട്ടില്ലെങ്കിൽ കൂടി എം ജി ശ്രീകുമാർ രണ്ടു നാഷണൽ അവാർഡും , സ്റ്റേറ്റ് അവാർഡുകളും ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾ നേടി വമ്പിച്ച ജനപ്രീതിയുള്ള ഗായകനായി മാറി. വേണുഗോപാൽ, ഉണ്ണി മേനോൻ തുടങ്ങിയ മറ്റു ഗായകരുമായി താരതമ്യം ചെയ്യുമ്പോൾ ശ്രീകുമാർ ആണ് മുൻപന്തിയിൽ എത്തിയത്. ഇത് കഠിനാധ്വാനം കൊണ്ടാണോ, അതോ ഭാഗ്യം ആണോ

 

എല്ലാം വേണം . മ്യൂസിക് ഫീൽഡ് ആയാലും , ഏതു ഫീൽഡ് ആയാലും ഏറ്റവും കൂടുതൽ വേണ്ടത് ദൈവാധീനം ആണ് .പിന്നെയാണ് ഭാഗ്യം . ശുപാർശ കൊണ്ടൊക്കെ ഒരു പരിധി വരെയേ കാര്യങ്ങൾ നടക്കൂ. നമ്മൾ നന്മകൾ ചെയ്യുമ്പോഴും , നന്നായി പ്രാര്ഥിക്കുമ്പോഴും നമ്മളെ തേടി നല്ല കാര്യങ്ങൾ വരും . എനിക്ക് കിട്ടിയിട്ടുള്ള ഓരോ സിനിമ ഗാനവും , ഓരോ നാഷണൽ അവാർഡും , അത് പോലെ സ്റ്റേറ്റ് അവാർഡും , ഇതെല്ലാം നിമിത്തങ്ങളാണ് , അല്ലാതെ അതിന്റെ പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല. ഉദാഹരണത്തിന് ഒരു സിനിമ പാട്ടു വരുമ്പോൾ ഓടി പോയി എന്നെ പാടിക്കണം എന്ന് സംവിധായകനോടും , പ്രൊഡ്യൂസറോടു, പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. അവർ അതൊക്കെ വളരെ നേരത്തെ തീരുമാനിച്ചു കാണും

 

4) യേശു ക്രിസ്തുവിൽ ഒരു പാട് വിശ്വാസം ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട് , ശരിയാണോ ?

 

 

അതെ , അത് സത്യം ആണ് . ഞാൻ യേശു ക്രിസ്തുവിൽ അകമഴിഞ്ഞ് വിശ്വസിക്കുന്നുണ്ട്. ക്രിസ്തുവിനെ മഹത്വപ്പെടുത്തി ഒരു പാട് പാട്ടുകൾ പാടിയിട്ടുണ്ട്. ഞാൻ എന്റ്റെ അനുഭവങ്ങൾ കൊണ്ട് പറയുന്നതാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെന്ന് .പലരും ചോദിച്ചിട്ടുണ്ട് "മതം മാറിയോ , ക്രിസ്തുമതം സ്വീകരിച്ചോ എന്നൊക്കെ " ഇത് , ഞാൻ മതം മാറുന്നതല്ല. ചില പാട്ടുകൾ പാടുമ്പോൾ , ഉദാഹരണത്തിന് "ഇത്രത്തോളം യഹോവ സഹായിച്ചു , ഇന്നയോളം എന്നെ നടത്തി , ഒരിക്കൽ യേശു നാഥൻ ഗലീലി കടൽ തിരയിൽ " , ഈ പാട്ടുകൾ പാടുമ്പോൾ എനിക്ക് ഉണ്ടായ നല്ല അനുഭവങ്ങളാണ് എന്നെ യേശു ക്രിസ്തുവിന്റെ വിശ്വാസിയാക്കിയത് . നമുക്ക് ഏതു ദൈവത്തിലും വിശ്വസിക്കാൻ സ്വാതന്ത്രം ഉണ്ടല്ലോ . ഞാൻ ഇപ്പൊ മലബാർ ദേവസ്വം ബോർഡിന്റെ ചെയർമാൻ കൂടിയാണ്. വയനാട്ടിൽ ഒരു ശിവ ക്ഷേത്രം ഉണ്ട് .മാലിഗാവ് എന്ന സ്ഥലത്തു. അവിടെ വർഷത്തിലെ എല്ലാ ദിവസവും എവിടെ നിന്നോ വെള്ളം വീണു കൊണ്ടിരിക്കുകയാണ് . ആർക്കും അറിയില്ല ഈ വെള്ളം എവിടെ നിന്നാണ് വരുന്നതെന്ന് . അടുത്തയിടെ ഞാൻ അവിടെ പോയിരുന്നു . ക്ഷേത്രത്തിൽ പുനരുദ്ധാനം ഒക്കെ നടത്തി. ഈ ക്ഷേത്രം ലോകപ്രശസ്തി നേടാൻ വളരെ സാധ്യത ഞാൻ കാണുന്നുണ്ട്

 

5)മോഹൻലാൽ എന്ന മഹാ നടൻ എം ജി ശ്രീകുമാറിന്റെ ഉറ്റ സ്നേഹിതൻ കൂടിയാണല്ലോ. മോഹൻ ലാൽ എന്ന സൃഹൃത്തിനെ എങ്ങനെ വിലയിരുത്തുന്നു ?

 

മോഹൻ ലാൽ എന്റ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ ആണ് . നമുക്ക് ജീവിതത്തിൽ എല്ലാ കാര്യവും എല്ലാവരോടും തുറന്നു പറയാൻ പറ്റില്ലല്ലോ . പക്ഷെ ലാലിനോട് എല്ലാം പറയാം . ഞങ്ങളുടെ ഇടയിൽ ഒരു രഹസ്യവും ഇല്ല . പ്രിയദർശനായും അങ്ങനെ തന്നെ . ഞാനും , പ്രിയനും, ലാലും കൂടി ഒരു ശപഥം എടുത്തിട്ടുണ്ട്, ഏതു വലിയ ശക്തി വിചാരിച്ചാലും ഞങ്ങളെ പിണക്കാൻ പറ്റത്തില്ല എന്ന് . നമ്മുടെ നാട്ടിൽ പറയില്ലേ , ദേവേന്ദ്രന്റെ അച്ഛൻ മുത്ത് പട്ടർ എന്ന് (ചിരിക്കുന്നു ..) . അങ്ങേരു വിചാരിച്ചാലും ഞങ്ങളെ പിണക്കാൻ പറ്റത്തില്ല . ഞങ്ങൾ മൂന്നു പേരും തമ്മിൽ യാതൊരു സാമ്പത്തിക ഇടപാടോ, ബിസിനസ് പങ്കാളിത്തമോ ഒന്നുമില്ല . മോഹൻലാൽ അഭിനയിച്ച എല്ലാ പടത്തിലും ഞാൻ പാടിയിട്ടില്ല. അതിൽ എനിക്ക് യാതൊരു സങ്കടവുമില്ല. സൗഹൃദം വേറെ ബിസിനസ് വേറെ

 

 

6) വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ കേട്ട് കേൾവി പോലും ഇല്ലാത്ത സമയത്തു പതിനഞ്ചു വർഷം "Live in relationship" കഴിഞ്ഞു കല്യാണം കഴിച്ച ആളാണ് എം ജി ശ്രീകുമാർ . അതെങ്ങനെ സംഭവിച്ചു ?

 

 

അത് ആ സമയം ആയതു കൊണ്ട് രക്ഷ പെട്ടതാണ് (വീണ്ടും എം ജി ശ്രീകുമാർ സ്റ്റൈൽ പൊട്ടി ചിരി) ഇപ്പൊ ആണേൽ പതിനഞ്ചു വർഷം പോയിട്ട് പതിനഞ്ചു ദിവസം പോലും ഇരുത്തില്ല. . മീഡിയയിൽ വലിയ ന്യൂസ് ഒക്കെ ആയി വന്നു വെല്യ പ്രശ്നം ആയേനെ .

 

 

7) വേണുഗോപാലുമായി എം ജി ശ്രീകുമാറിന് നല്ല ബന്ധം ഇല്ല എന്നാണല്ലോ പൊതുവെ ഉള്ള സംസാരം . വേണുഗോപാലായി എന്താണ് പ്രെശ്നം ?

 

എനിക്ക് ഒരു പ്രശ്നവും ഇല്ല. അതാണ് സത്യം. വേണുഗോപാൽ എന്നെ പറ്റി പലതും എഴുതുന്നുണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവും ഇല്ല. വേണുഗോപാൽ നല്ലൊരു പാട്ടുകാരനാണ്. നല്ലൊരു മെലഡി ഗായകനാണ്. അദ്ദേഹം എന്റെ കുടുംബകാര്യത്തിൽ ഒക്കെ ഇടപെട്ടു ഒരു പാട് എഴുതിയിട്ടുണ്ട് . ചേട്ടൻ മരിച്ചപ്പോൾ വരാത്ത കാപാലികനാണു ഞാൻ എന്നും പറഞ്ഞു അതിനൊന്നും ഒരു മറുപടിയും ഞാൻ പറയുന്നില്ല . ഇതൊക്കെ ഓരോരുത്തരുടെ വ്യക്തി സ്വാതന്ത്രമാണ്. ഒരാളെ പറ്റി ആർക്കും എന്തും പറയാം . ഉമ്മൻ ചാണ്ടിയെ പറ്റിയും, അച്യുതാനന്ദനെ പറ്റിയും , മോദിയെ പറ്റിയും ഒക്കെ എന്തെല്ലാം കമന്റ് ആണ് ആളുകൾ പറയുന്നേ . അപ്പൊ ഈ പാവപെട്ട എം ജി ശ്രീകുമാറിനെ പറ്റി വേണുഗോപാൽ പറയുന്നതിന് എന്താ കുഴപ്പം. ഒരു കുഴപ്പവുമില്ല, പറഞ്ഞോണ്ട് പോട്ടെ

 

 

8)മോഹൻ ലാലിന്റെ ശബ്ദം ആയി എം ജി ശ്രീകുമാറിന്റെ സ്വരത്തിനു നല്ല സാമ്യം ഉണ്ട് എന്ന് പറയാറുണ്ട്. ഈ താരതമ്യം എപ്പോഴെങ്കിലും സഹായിച്ചിട്ടുണ്ടോ ?

 

നൂറു ശതമാനം. പക്ഷെ ഇത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല . ചിത്രം എന്ന സിനിമയിൽ ആണ് ആദ്യം ഈ താരതമ്യം ആദ്യം പറഞ്ഞു കേട്ടത് . ഇതെല്ലം സംഭവിച്ചു പോകുന്നതാണ്. അറിഞ്ഞു കൊണ്ട് മോഹൻലാലിനെ അനുകരിച്ചു ഞാൻ പാടുന്നതല്ല. അങ്ങനെ ആണേൽ ഞാൻ ഇതിനോടകം ഏകദേശം നാലായിരം പാട്ടുകൾ പാടിയിട്ടുണ്ട്. ഇതിലെല്ലാം എനിക്ക് മോഹൻ ലാലിലെ അനുകരിച്ചു പാടാൻ പറ്റുമോ ?

 

 

9) അടിപൊളി പാട്ടുകൾ എന്ന് പറയുമ്പോൾ മലയാള സംഗീത ലോകത്തു ആദ്യം ഓർമ വരുന്ന പേര് എം ജി ശ്രീകുമാർ ആയിരിക്കും . "നാദരൂപിണി" എന്ന ക്ലാസിക്കൽ ഗാനത്തിന് ശ്രീകുമാറിന് ദേശിയ പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ട് . ഏതു താരം പാട്ടുകൾ പാടാനാണ് ഇഷ്ടം ?

 

 

പാട്ടുകളെ നമുക്ക് അങ്ങനെ താരതമ്യം ചെയ്യാൻ പറ്റത്തില്ല . സംഗീതത്തിലെ ഏഴു സ്വരങ്ങളുടെ വിവിധ ശാഖകളാണ് മെലഡി , ക്ലാസിക്കൽ , സെമി ക്ലാസിക്കൽ എന്നൊക്കെ പറയുന്നത് . എനിക്ക് എല്ലാ തരം പാട്ടുകളും പാടാൻ ഇഷ്ടമാണ് . അടിപൊളി പാടുമ്പോൾ , പടകാളി ചണ്ടി ചങ്കരി പോര്ക്കനലി .പോലെയുള്ള പാട്ടുകൾ അക്ഷര സ്പുടത വളരെ പ്രധാനമാണ് .ഇന്ന് അതില്ല . പിന്നെ ശ്രുതി ശുദ്ധതയും . മെലഡി പാടുമ്പോഴാണ് ഏറ്റവും കൂടുതൽ ലയിച്ചു പാടേണ്ടത്. നല്ല ഭാവം വരണം. ക്ലാസിക്കൽ പാടുമ്പോൾ അതിനു കാലപ്രമാണം , നല്ല തഴക്കം വരണം . അത് അനുഭവസമ്പത്തിൽ നിന്നേ കിട്ടുകയുളൂ. ചേട്ടന്റെ കൂടെ പത്തു പതിനാലു കൊല്ലം അഭ്യസിച്ചതിനു ശേഷം ആണ് ക്ലാസിക്കൽ പാടാൻ തുടങ്ങിയത് . ദുഃഖ ഗാനം പാടുമ്പോൾ അത് കേൾക്കുന്ന ആൾക്ക് ദുഃഖം വരുന്ന വികാരം നമ്മൾ ഉണ്ടാക്കണം. നാടകം ആവുകയും അരുതു. ഇതെല്ലം നോക്കി വേണം പാട്ടു നന്നായി പാടാൻ

 

 

10)അമേരിക്കൻ ശ്രോതാക്കളെ പറ്റി എന്താണ് അഭിപ്രായം ?

 

ഞാൻ ആദ്യമായി അമേരിക്കയിൽ വരുന്നത് 1985' ഇൽ ആണെന്ന് തോന്നുന്നു. ഇക്കാലമത്രെയും അമേരിക്കൻ മലയാളികളും , കുടുംബങ്ങളും എനിക്ക് അകമഴിഞ്ഞ സ്നേഹവും, പ്രോത്സാഹവും ആണ് തന്നിട്ടുള്ളത്. അമേരിക്കൻ കാണികളെ പറ്റിയും , ശ്രോതാക്കളെ പറ്റിയും എനിക്ക് എന്നും വളരെ നല്ല അഭിപ്രായമാണ്. അമേരിക്കൻ ഓഡിയൻസ് "Gem of people" ആയിട്ടാണ് എന്നും തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതൽ ആളുകൾ വളരെ സ്നേഹത്തോടെ ശ്രീക്കുട്ടൻ എന്ന് എന്നെ വിളിക്കുന്നത് അമേരിക്കയിലാണ് . അതിലൊക്കെ ഒരു പാട് സന്തോഷം ഉണ്ട്. ദൂരെ നഗരങ്ങളിൽ നിന്നൊക്കെ പ്രോഗ്രാം കാണാൻ അമേരിക്കൻ മലയാളികൾ വരുന്നത് കാണുമ്പോൾ ഒരു പാട് കടപ്പാടും തോന്നാറുണ്ട്

 

11)സംഗീത ജീവിതത്തിൽ ഇനി എന്തെല്ലാം സ്വപ്നങ്ങളാണ് ബാക്കി

 

ഇവിടെ അമേരിക്കയിൽ ഓൺലൈൻ മ്യൂസിക് ക്ലാസ് തുടങ്ങാൻ പദ്ധതിയുണ്ട്. നാട്ടിൽ തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ചിക്കാഗോ കേന്ദ്രീകരിച്ചു തുടക്കം ഇടാനാണ് പ്ലാൻ. ഒരു സുഹൃത്തിനോട് ഇതെല്ലം സംസാരിച്ചു വരികയാണ്. ഇവിടത്തെ കുട്ടികൾക്ക് നല്ല സംഗീത അടിത്തറ ഉണ്ടാവാൻ അത്തരം ക്ലാസുകൾ സഹായിക്കും. എന്റെയൊപ്പം വേറെ സംഗീത വിദഗ്ദ്ധരും ക്ലാസുകൾ എടുക്കും. അമേരിക്കയിൽ വളർന്നു വരുന്ന നമ്മുടെ മലയാളി കുട്ടികൾക്ക് ഇത്നല്ല ഒരു സംരംഭമാവും എന്നാണ് പ്രതീക്ഷ.

 

 

12)വളർന്നു വരുന്ന ഗായകരുടെ അടുത്ത് എന്ത് ഉപദേശമാണുള്ളത്

 

അർപ്പണ മനോഭാവം, അത് വളരെ പ്രധാനപെട്ടതാണ്. അത് അവർ മനസിലാക്കി ഇരിക്കണം, ഐഡിയ സ്റ്റാർ സിംഗറോ അത് പോലെ മറ്റു മത്സരങ്ങളോ ജയിച്ചാൽ എല്ലാം ആയി എന്ന് കരുതരുത്. സംഗീതം സാഗരമാണ്. അത് പഠിച്ചു കൊണ്ടേയിരിക്കണം.പിന്നെ കുട്ടികൾക്ക് വേണ്ടത് പരസ്പര ബഹുമാനമാണ് . പുതിയ കുട്ടികളിൽ അത് പലപ്പോഴും കാണാറില്ല. മുതിർന്നവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. യേശുദാസോ , ജയചന്ദ്രനോ ഒക്കെ വരുമ്പോൾ കാലിൽ മേൽ കാല് കേറ്റി ഇരിക്കുന്നത് ശരിയായ ഒരു കാര്യം ആണെന്ന് എന്ന് തോന്നുന്നില്ല . കുട്ടികൾ അങ്ങനെ ചിന്തിക്കില്ലായിരിക്കും. പക്ഷെ മാതാപിതാക്കൾ ഇതൊക്കെ കുട്ടികളെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കണം

 

13)ന്യൂ ജനറേഷൻ പാട്ടുകളെ പറ്റി എന്താണ് അഭിപ്രായം ?

 

 

എനിക്ക് ഒരു അഭിപ്രായവും ഇല്ല. കാരണം സംഗീതം എന്ന് പറഞ്ഞാൽ നമുക്ക് കേട്ട് ആസ്വദിക്കാൻ ഉള്ളതാണ് അല്ലാതെ കേട്ടിട്ട് തലയ്ക്കു മത്തുപിടിക്കാൻ ഉള്ളതല്ല. ആസ്വാദനത്തിലൂടെ , നല്ല സംഗീതത്തിലൂടെ വേണം മത്തു പിടിക്കാൻ ,പക്ഷെ ഇപ്പൊ അങ്ങനെയല്ല. ഇവരുടെ ഈ കോപ്രായവും, അടിപിടി ബഹളങ്ങളും കേട്ടിട്ടാണ് തല മത്തു പിടിക്കുന്നത്. "ആയിരം പാദസരങ്ങൾ കിലുങ്ങി" എന്ന പാട്ടു കേൾക്കുമ്പോൾ എന്ത് നല്ല ആസ്വാദന സുഖം ആണ്കിട്ടുന്നത്. ഇപ്പോഴത്തെ അടിപൊളി പാട്ടുകളിലെ "ടകാ ടകാ" എന്ന അടി കേട്ടിട്ടാണ് തല പെരുത്ത് വരുന്നത്. എന്നെ വായിക്കുന്ന അമേരിക്കൻ മലയാളികൾ ഒന്ന് വിലയിരുത്തുക , അടുത്തിറങ്ങിയ പടങ്ങളിൽ , ഏതാനും പാട്ടുകൾ ഒഴിച്ചാൽ എത്ര പാട്ടുകൾ മനസ്സിൽ ഇരിക്കുന്നുന്നവയുണ്ട്. ന്യൂ ജനറേഷൻ സിനിമ എടുത്തോട്ടെ. പക്ഷേ പാട്ടുകൾ എന്നും മനോഹരമായിരിക്കണം .

 

 

14)വിധികർത്താവ് എന്ന നിലയിൽ എം ജി ശ്രീകുമാർ ഐഡിയ സ്റ്റാർ സിങ്ങർ പോലെയുള്ള ടിവി ഷോകളിൽ സുപരിചിതനായിരുന്നല്ലോ . എങ്ങനെ ഉണ്ടായിരുന്നു വിധികർത്താവിന്റെ റോൾ ?

 

 

സത്യസന്ധമായിട്ടു ആണ് എന്നും ടിവി ഷോകളിൽ വിധികർത്താവായി മാർക്ക് കൊടുത്തിട്ടുള്ളത്. ഒരു കുട്ടിയെ കണ്ടു ,"ആ ഇവൻ കൊള്ളാം, ഇവന് രണ്ടു മാർക്ക് കൂടുതൽ ഇരിക്കട്ടെ" എന്ന് കരുതി ഒരിക്കലും മാർക്ക് കൂടുതൽ കൊടുത്തിട്ടില്ല. തെറ്റ് പാടിയാൽ മാർക്ക് കുറച്ചിട്ടുണ്ട് , ശെരിയാണെങ്കിൽ മാർക്ക് കൊടുത്തിട്ടുമുണ്ട്. അതിനുള്ള തക്കതായ കാരണങ്ങൾ പ്രോഗ്രാമിൽ പറഞ്ഞിട്ടുമുണ്ട്.

 

15) ഏറ്റവും ഇഷ്ടമുള്ള പാട്ട് അങ്ങനെ പ്രേത്യേകിച്ചു പറയാൻ പറ്റത്തില്ല .എന്നാലും എന്റ്റെ ഭാര്യക്ക് വേണ്ടി ഒരു പാട്ട് ചെയ്തിരുന്നു. " നെയ്തലാവും രാവിൽ ....." ഞാൻ ലേഖയെ ആദ്യമായി കണ്ടു മുട്ടിയപ്പോൾ ഒരു കവിയെ കൊണ്ട് എഴുതിച്ചു പാടിയ പാട്ടാണ്. "നാഗപഞ്ചമി" എന്നാണ് ആ ചിത്രത്തിന്റെ പേര്. വലിയ ഇഷ്ടമുള്ള പാട്ടാണ് . അതുപോലെ "പുതു മഴയായി പൊഴിയാം" എന്ന പാട്ട് . തുടക്കകാലത്തിലെ പാട്ടുകൾ ഒക്കെ നമ്മുടെ മനസിനെ ഒരു പാട് സ്വാധീനിക്കും അവിടുന്ന് ഇങ്ങോട്ടുള്ള പാട്ടുകളും വളരെ ഇഷ്ടമാണ് . മലയാളത്തിന്റെ സ്വന്തം ശ്രീക്കുട്ടൻ തനതായ ശൈലിയിൽ കുടു കൂടാ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി .....................................

 

അഭിമുഖം - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.