You are Here : Home / അഭിമുഖം

ബാന്‍ഡില്‍ വേണ്ടത് ക്രിയേറ്റിവിറ്റി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, October 30, 2014 11:43 hrs UTC

ഔസേപ്പച്ചന്‍

 



ഞാന്‍ സംഗീതസംവിധാനരംഗത്തേക്ക് വരുന്നത് ഓര്‍ക്കസ്ട്ര വഴിയാണ്. സിനിമാഗാനങ്ങള്‍ മാത്രം സ്റ്റേജിലവതരിപ്പിക്കുന്ന ഓര്‍ക്കസ്ട്ര ഗ്രൂപ്പുകളാണ് അന്നുണ്ടായിരുന്നത്. മ്യൂസിക് ബാന്‍ഡുകളൊന്നും അന്നില്ല. അതിന്റെയൊക്കെ ആദ്യകാലരൂപമായ ഓര്‍ക്കസ്ട്രയാണ് അന്നുള്ളത്.
എന്റെ സംഗീതയാത്ര ആരംഭിക്കുന്നത് 'വോയ്‌സ് ഓഫ് ട്രിച്ചൂര്‍' എന്ന ഗാനമേള ട്രൂപ്പിലൂടെയാണ്.
വയലിനിസ്റ്റായിരുന്നു ഞാനതില്‍. അതില്‍ തുടങ്ങി കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒരുപാട് ഗാനമേളകളില്‍ ഒരുപാട് ട്രൂപ്പുകള്‍ക്കൊപ്പം പങ്കെടുത്തു. അന്ന് 'വോയ്‌സ് ഓഫ് ട്രിച്ചൂരി'ല്‍ ജോണ്‍സണ്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ ട്രൂപ്പിന്റെ സവിശേഷത എന്നത് ഞങ്ങള്‍ പരമാവധി പൂര്‍ണതയില്‍ ഗാനങ്ങള്‍ അവതരിപ്പിക്കുമായിരുന്നു എന്നതായിരുന്നു. ഗാനങ്ങള്‍ ഒറിജിനലിനേക്കാള്‍ നന്നാക്കാന്‍ വരെ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ജോണ്‍സണ്‍ അതില്‍ മ്യൂസിക് ഡയറക്ടര്‍ ആയിരുന്നു. ഞാന്‍ ലീഡിംഗ് വയലിനിസ്റ്റും. അതിലെ മറ്റൊരാള്‍ അജി ഡിക്രൂസ ആയിരുന്നു. അദ്ദേഹം രണ്ടു വര്‍ഷം മുമ്പു വരെ ഗാനമേളകള്‍ നടത്തിയിരുന്നു. ജോണ്‍സണുള്‍പ്പടെ അതിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
17 വയസു മുതല്‍ 20 വയസു വരെ മൂന്നു വര്‍ഷമാണ് ഞാന്‍ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചത്.
20 വയസിനിടയില്‍ പതിനായിരക്കണക്കിനാളുകളുമായി സഹകരിച്ചിട്ടുണ്ട്. മൂന്നാമത്തെ വര്‍ഷം, എന്റെ ഇരുപതാമത്തെ വയസ്സില്ലാണ് ദേവരാജന്‍ മാഷിനു വേണ്ടി 'വോയ്‌സ് ഓഫ് തൃശ്ശൂര്‍' ഓര്‍ക്കസ്ട്ര നല്‍കുന്നത്. അങ്ങനെ ദേവരാജന്‍ മാഷുമായുള്ള പരിചയത്തില്‍ നിന്നാണ് ഡ്യൂപ്ലിക്കേറ്റ് സംഗീതത്തില്‍ നിന്ന് യഥാര്‍ത്ഥ സംഗീതത്തിലേക്ക് വരുന്നത്. ഗാനമേളയില്‍ യഥാര്‍ത്ഥ സംഗീതത്തിന്റെ സറോക്‌സ് ആണ് അവതരിപ്പിക്കുന്നത്. അങ്ങനെ അദ്ദേഹം വഴി മ്യൂസിക് റിക്രിയേഷനില്‍ നിന്നും യഥാര്‍ത്ഥ സംഗീതമുണ്ടാക്കുന്ന ചെയ്യുന്ന ക്രിയേറ്റീവ് ഡിപ്പാര്‍ട്ടുമെന്റിലേക്ക് മാറാന്‍ കഴിഞ്ഞു.
അങ്ങനെ 1975 ല്‍ തുടങ്ങി 1977 ആയപ്പോഴേക്കും സ്വന്തമായി ക്രിയേറ്റ് ചെയ്യാന്‍ തുടങ്ങി. 'ആരവ'ത്തില്‍ ഞാനും ജോണ്‍സണും കൂടി ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തു. 1983 യില്‍ 'ഈണ'ത്തില്‍ ഭരതനു വേണ്ടി സ്വന്തമായി ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തു. 1985 ലാണ് സ്വതന്ത്ര സംഗീതസംവിധായകനാവുന്നത്. 'കാതോടുകാതോരം' എന്ന ചിത്രത്തിനു വേണ്ടി. അതിനു ശേഷം കഴിഞ്ഞ ഏഴു വര്‍ഷം വരെ വയലിന്‍ വായിച്ച് പല സംഗീതത്തിന്റെയും ഭാഗമായിട്ടുണ്ട്. അസിസ്റ്റന്റായിട്ടും സ്ട്രിങ് അറേഞ്ച്‌മെന്റ്, വയലിനിസ്റ്റ് ഒക്കെയായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലെല്ലാം വര്‍ക്ക് ചെയ്തു. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷമായി എന്റെ സംഗീതം മാത്രമാണ് ചെയ്യുന്നത്.
ഇന്ന് ബാന്‍ഡ് എന്നു പറയുന്നത് ഒരു തരത്തിലുള്ള റൂള്‍സോ റെഗുലേഷന്‍സോ ഇല്ലാത്ത ഒന്നാണ്. അവര്‍ക്കെന്താണോ തോന്നുന്നത്. അത് ചെയ്യും. അതിനെ ആല്‍ബം എന്നൊന്നും പറയാനാവില്ല. എന്തുമാവാം. എന്തും. ഒരു ഗാനം തെറ്റിച്ചുപാടണമെങ്കില്‍ അതുപോലുമാവാം. അതാണ് ഇന്നത്തെ ബാന്‍ഡ്. അവിടെ സംഗീതം വിശാലമായി കിടക്കുകയാണ്. ഏതു വഴി വേണമെങ്കിലും സഞ്ചരിക്കാം. പ്രാദേശികഭാഷയിലുള്ള സംസാരം പോലും ഗാനമായി പിറക്കാം. ഏതു പിച്ചിലും ഏതു ശ്രുതിയിലും ഏതു താളത്തിലും പാടാം. അവിടെ നിയമങ്ങളില്ല.

"വളരെ സിസ്റ്റമാറ്റിക് ആയ സംഗീതത്തോടൊപ്പമാണ് ഞാന്‍ വളര്‍ന്നു വന്നത്. മരിക്കുന്നതിനു മുമ്പ് സംഗീതത്തില്‍ സ,പ തുടങ്ങിയ സ്വരങ്ങള്‍ ശ്രുതിശുദ്ധമായി പാടാനാവുമോയെന്നാണ് ലോകം കണ്ട ഏറ്റവും വലിയ സംഗീതജ്ഞര്‍ പോലും നോക്കുന്നത്. ബാന്‍ഡില്‍ പക്ഷേ അങ്ങനെയൊന്നില്ല. ഇവിടെ എന്തും പാട്ടാണ്. ഏതും പാട്ടാണ്.
ഓര്‍ക്കസ്ട്രയുടെ പുതിയ മുഖമാണ് ബാന്‍ഡ് എങ്കിലും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബാന്‍ഡില്‍ പെര്‍ഫോര്‍മന്‍സും ക്രിയേറ്റിവിറ്റിയും വേണം. എന്നാല്‍ ഗാനമേളകളില്‍ പെര്‍ഫോര്‍മന്‍സ് മാത്രം മതി. അവര്‍ക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബാന്‍ഡില്‍ പെര്‍ഫോര്‍മന്‍സ് കുറഞ്ഞാലും ക്രിയേറ്റിവിറ്റി വേണം. അവരുടെ ക്രിയേറ്റിവിറ്റിയിലെ വ്യത്യസ്തതകളാണ് അവരെ നല്ല ബാന്‍ഡും മോശം ബാന്‍ഡുമാക്കുന്നത്. നല്ല ക്രിയേറ്റിവിറ്റിയുള്ളവര്‍ക്കു മാത്രമേ ബാന്‍ഡില്‍ മാര്‍ക്കറ്റുമുള്ളൂ. ചില കഴിവുള്ള കലാകാരന്‍മാര്‍ അപ്രതീക്ഷിതമായ ട്രീറ്റ് കൊടുക്കുന്നുമുണ്ട്. കണ്ടുശീലിച്ചതില്‍ നിന്നും ഒരു മാറ്റം വേണം. പുതിയ പുതിയ ക്രിയേറ്റിവിറ്റി കൊണ്ടുവരണം. അതാണ് കേള്‍ക്കുന്നവര്‍ക്കും കേള്‍പ്പിക്കുന്നവര്‍ക്കും ഒരുപോലെ സുഖം പകരുക. അത്തരം സംഗീതവിരുന്ന് കൊടുക്കുന്ന കലാകാരന്‍മാര്‍ വിജയിക്കുകയും ചെയ്യും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.