You are Here : Home / അഭിമുഖം

മ്യൂസിക് ബാന്‍ഡുകളുടെ ചരിത്രം

Text Size  

Story Dated: Sunday, October 19, 2014 09:20 hrs UTC

 
 
 വിവിധ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന കലാകാരന്‍മാര്‍ ഒരുമിച്ച് ചേര്‍ന്ന് അവരുടെ പ്രകടനം കാഴ്ച വെക്കുന്നതിനെയാണ് മ്യൂസിക് ബാന്‍ഡ് എന്നു പറയുന്നത്. പല തരത്തിലുള്ള സംഗീതജ്ഞര്‍- . ഉപകരണം കൈകാര്യം ചെയ്യുന്നവര്‍, പാട്ട് പാടുന്നവര്‍ ഒക്കെ ഈ ഗ്രൂപ്പില്‍ പെടും. അവര്‍ സമ്മേളിച്ച് അവരുടെ പ്രകടനം ഗ്രൂപ്പായി പ്രാക്ടീസ് ചെയ്ത് അവതരിപ്പിക്കുന്നു. അപ്പോള്‍ പുതിയൊരു സംഗീതാനുഭവം ഉണ്ടാകുന്നു. അതാണ് മ്യൂസിക് ബാന്‍ഡ്. ഇന്ന് കാണുന്ന ബാന്‍ഡ് ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഒരു ബാന്‍ഡില്‍ ഇത്ര അംഗസംഖ്യയേ പാടുള്ളൂ എന്നൊന്നുമില്ല. പക്ഷേ ഇന്ന് അഞ്ചോ ആറോ പേരില്‍ കൂടുതല്‍ ഒരു ബാന്‍ഡിലില്ല. 
 
 കേരളത്തിലെ മ്യൂസിക് ബാന്‍ഡുകളുടെ ചരിത്രം തേടിയിറങ്ങിയാല്‍ ആദ്യം ചെന്നെത്തുക ക്രിസ്ത്യന്‍ ദേവാലയങ്ങളിലാണ്. ആദ്യകാലത്ത് ചര്‍ച്ച് ക്വയറായിരുന്നു ഇവിടെ ആകെയുണ്ടായിരുന്ന മ്യൂസിക് ഗ്രൂപ്പ്. നാട്ടില്‍ എന്തെങ്കിലും ആഘോഷം നടന്നാല്‍ സമീപവാസികളായ ചെറുപ്പക്കാര്‍ ഒത്തുകൂടി പ്രാക്ടീസ് ചെയ്ത് അവതരിപ്പിക്കുന്ന സംഗീതപരിപാടികള്‍. അതായിരുന്നു ചര്‍ച്ച് ക്വയറുകള്‍. അത് മിക്കപ്പോഴും പള്ളികളുടെ പരിപാടികള്‍, തൊട്ടടുത്തുള്ള കലാസംഘങ്ങളുടെ പരിപാടികള്‍ തുടങ്ങിയവയില്‍ മാത്രം ഒതുങ്ങി. ഗാനമേളയായിരുന്നു ക്വയറുകള്‍ വഴി പ്രധാനമായും ചെയ്തിരുന്നത്. ഇതല്ലാതെ മറ്റൊരു ഓര്‍ക്കസ്ട്ര ഗ്രൂപ്പ് അന്ന് ഉണ്ടായിരുന്നില്ല. 
 
 
ആ സമയത്താണ് ആബേലച്ചന്റെ 'കലാഭവന്‍' ആരംഭിക്കുന്നത്. ഏകദേശം 50 വര്‍ഷം മുമ്പാണത്. ഓര്‍ക്കസ്ട്ര ഗ്രൂപ്പുകള്‍ കേരളത്തില്‍ സജീവമാകുന്നത് കലാഭവന്റെ വരവോടെയാണ്. കേരളത്തിലെ പ്രശസ്തരായ പല കലാകാരന്‍മാരും കലാഭവന്റെ പ്രൊഡക്ടാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അതിന്റെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന ആളാണ്. കേരളത്തില്‍ സിസ്റ്റമാറ്റിക് ആയി ഒരു ഓര്‍ക്കസ്ട്ര പ്രസ്ഥാനം തുടങ്ങിയത് കലാഭവനാണ്. കേരളത്തിലെ ഓര്‍ക്കസ്ട്രയെപ്പറ്റി പറയുമ്പോള്‍ കലാഭവന്റെ പേര് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.ഈ ഓര്‍ക്കസ്ട്ര ഗ്രൂപ്പുകളില്‍ നിന്നാണ് ബാന്‍ഡ് ഫോം ചെയ്യുന്നത്. 
 
 
പോര്‍ച്ചുഗീസ് മിഷനറിമാരാണ് കേരളത്തില്‍ ബാന്‍ഡ് സംഗീതം കൊണ്ടുവന്നതെന്ന് ചരിത്രം പറയുന്നു. ആദ്യകാലത്ത് വെസ്‌റ്റേണ്‍ മ്യൂസിക് ഗ്രൂപ്പിനെയാണ് ബാന്‍ഡ് എന്നു പറഞ്ഞിരുന്നത്. എമില്‍ - റെക്‌സ് സഹോദരന്‍മാരുടെ എലൈറ്റ് ഐസക്‌സ് ,  ഹൈജാക്കേഴ്‌സ്, ഇവയൊക്കെയായിരുന്നു ആദ്യകാലത്തെ ബാന്‍ഡുകള്‍. ഉഷാ ഉതുപ്പിന്റെ ഒരു ബാന്‍ഡ് ഉണ്ടായിരുന്നു. കോട്ടയത്തും ഉണ്ടായിരുന്നു അതുപോലെ മറ്റൊരു ബാന്‍ഡ്. ഇങ്ങനെ കുറച്ചു ബാന്‍ഡുകള്‍ റോക്ക് മ്യൂസിക്കും പോപ്പ് മ്യൂസിക്കും കൈകാര്യം ചെയ്തിരുന്നു. 
1940-50 കാലഘട്ടത്തില്‍ അമേരിക്കയില്‍ രൂപം കൊണ്ട ഒരു സംഗീതവിഭാഗമാണ് റോക്ക് ആന്‍ഡ് റോള്‍. ആദ്യകാലത്ത് റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പിയാനോ, സാക്‌സഫോണ്‍ എന്നിവയായിരുന്നു. പിന്നീട് ലീഡ് ഗിറ്റാര്‍, റിഥം ഗിറ്റാര്‍, ബേസ് ഗിറ്റാര്‍, ഡ്രംസ് തുടങ്ങിയവയും ഉപയോഗിച്ചു തുടങ്ങി. 
 
 
മുപ്പതു വര്‍ഷം മുമ്പു പോലും മൂന്നോ നാലോ ബാന്‍ഡുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് എണ്‍പതിലധികം മ്യൂസിക് ബാന്‍ഡുകളുണ്ട്. ഗിറ്റാറിസ്റ്റായ ജോണ്‍ ആന്റണിയുടെ കര്‍ണാട്രിക്‌സ് ആരംഭിച്ചിട്ട് ഏകദേശം പത്തുവര്‍ഷമായി.  തൈക്കൂടം ബ്രിഡ്ജ്, അവിയല്‍ എന്നിവയാണ് ഇന്ന് കേരളത്തിലുള്ള മറ്റ് രണ്ട് പ്രധാന ബാന്‍ഡുകള്‍. ഈ രണ്ടു ബാന്‍ഡുകളും സിനിമയിലേക്കും കടന്നുകഴിഞ്ഞു. സംഗീതസംവിധായകനായ ഗോവിന്ദ് മേനോന്‍ തൈക്കൂടം ബ്രിഡ്ജിലെ ഗായകനാണ്. 
ഇത് ബാന്‍ഡുകളുടെ കാലമാണ്. മ്യൂസിക് ബാന്‍ഡുകളെ മുന്‍നിര്‍ത്തി കേരളത്തിലെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി ഷോ പോലും ആരംഭിച്ചു കഴിഞ്ഞു. ഇനി വരുന്നത് സംഗീതത്തിന്റെ വേറിട്ട കാഴ്ചകളുടെ, കേള്‍വിയുടെ ഒരു കാലമാണ്. കാത്തിരിക്കാം നല്ല സംഗീതത്തിന്റെ പിറവിക്കായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.