You are Here : Home / അഭിമുഖം

റിക്കീ, നിനക്കുവേണ്ടി...

Text Size  

Story Dated: Wednesday, August 06, 2014 06:11 hrs UTC

സ്വന്തം പട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ രഞ്ജിനി പോയത്
മദ്രാസിലേക്കായിരുന്നു. അവിടെ പന്ത്രണ്ടുദിവസം സ്വന്തം സഹോദരനെപ്പോലെയാണ്
അവര്‍ റിക്കിയെ പരിചരിച്ചത്. രഞ്ജിനി ഹരിദാസിന്റെ വേറിട്ട മുഖം ഈ
അനുഭവക്കുറിപ്പിലൂടെ അറിയുക.


റിക്കീ, നിനക്കുവേണ്ടി...
-----------------------
രഞ്ജിനി ഹരിദാസ്

ഒരുവര്‍ഷം മുമ്പാണ് ആ പത്രവാര്‍ത്ത എന്നെ പിടിച്ചുലച്ചത്. ആസിഡെറിഞ്ഞ്
പരുക്കേറ്റ പട്ടി ഗുരുതരാവസ്ഥയില്‍. അപ്പോള്‍ത്തന്നെ കൊച്ചിന്‍ പെറ്റ്
ഹോസ്പിറ്റലില്‍ വിളിച്ച് വിവരമന്വേഷിച്ചു. ഡോ.സൂരജാണ് പട്ടിയെ
ചികിത്സിക്കുന്നത്. സന്നദ്ധസംഘടനയായ 'കര്‍മ്മ'യുടെ പ്രസിഡന്റ് പ്രദീപാണ്
പട്ടിയെ ആശുപത്രിയിലെത്തിച്ചത്. പട്ടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍
കാണാനൊരാഗ്രഹം. അങ്ങനെയാണ് ഞാനും പെറ്റ് ഹോസ്പിറ്റലിലെത്തിയത്.
ഗുരുതരാവസ്ഥ മാറിവരികയാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മനസിനൊരു ആശ്വാസം.
ബെഡ്ഡില്‍ കിടക്കുന്ന ആണ്‍പട്ടിയെ സ്‌നേഹപൂര്‍വം തലോടി.
''അസുഖം ഭേദമായാല്‍ ഞാനിവനെ ദത്തെടുത്തോട്ടെ?''
തൊട്ടടുത്തുനില്‍ക്കുന്ന പ്രദീപിനോടും ഡോ.സൂരജിനോടും ചോദിച്ചു.
നമുക്കാലോചിക്കാം എന്നായിരുന്നു മറുപടി. മരണത്തില്‍നിന്ന് അദ്ഭുതകരമായി
റിക്കവര്‍ ചെയ്ത പട്ടിക്ക് ഡോ.സൂരജാണ് പേരിട്ടത്-റിക്കി. അഞ്ചു ദിവസം
കഴിഞ്ഞ് മുറിവുണങ്ങിയപ്പോള്‍ ഞാനവനെ വീട്ടിലേക്കു കൊണ്ടുവന്നു. എനിക്കും
അമ്മയ്ക്കുമിടയില്‍ മറ്റൊരംഗത്തെപ്പോലെ അവന്‍ വളര്‍ന്നു.
വീട്ടിലെത്തിയാല്‍ മിക്കപ്പോഴും റിക്കി എനിക്കൊപ്പമുണ്ടാകും.
അകത്തുകയറാറില്ല. ആരു വന്നാലും ശബ്ദമുണ്ടാക്കി വിവരമറിയിക്കും.
പ്രാഥമികകാര്യങ്ങള്‍ പോലും ചെയ്യുന്നത് വീട്ടിന് വെളിയിലാണ്.
മനുഷ്യരെക്കാളും എനിക്ക് വിശ്വാസമാണവനെ.
കഴിഞ്ഞ ജൂണ്‍ 27ന് രാത്രി റിക്കി വല്ലാതെ അസ്വസ്ഥപ്പെടുന്നതു കണ്ടു.
പിറ്റേ ദിവസം കടുത്ത പനി. ഛര്‍ദ്ദില്‍. അതോടെയാണ് കൊച്ചിന്‍ പെറ്റ്
ഹോസ്പിറ്റലിലെത്തിച്ചത്. മൂത്രത്തില്‍ ചോര കണ്ടതോടെ എല്ലാവരും
അസ്വസ്ഥരായി. എന്താണ് സംഭവിച്ചതെന്ന് റിക്കിക്ക് പറയാന്‍ കഴിയില്ലല്ലോ.
''അണലിയുടെ കടിയേറ്റിട്ടുണ്ട്. വിഷം ഉള്ളില്‍ച്ചെന്നതിനാല്‍ കിഡ്‌നി
പ്രോബ്ലമാണ്. ഉടന്‍ ഡയാലിസിസ് ചെയ്‌തേ പറ്റൂ.''
ഡോ.സൂരജ് വിശദീകരിച്ചു. ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം പെറ്റ്
ഹോസ്പിറ്റലില്‍ ഇല്ല. ഏറ്റവുമടുത്തുള്ളത് ചെന്നൈയിലാണ്. മദ്രാസ്
വെറ്റിനറി ഹോസ്പിറ്റല്‍. ഫ്‌ളൈറ്റില്‍ റിക്കിയെ കൊണ്ടുപോകാന്‍
പറ്റാത്തതിനാല്‍ കാറിലായിരുന്നു യാത്ര. അമ്മയും
ഒപ്പമുണ്ടായിരുന്നെങ്കിലും പന്ത്രണ്ടുമണിക്കൂര്‍ നേരവും അവന്‍ എന്റെ
മടിയിലായിരുന്നു.
മദ്രാസ് വെറ്റിനറി ഹോസ്പിറ്റലിലെ ഡോ.നന്‍വിയും ചന്ദ്രശേഖറും റിക്കിയെ
വിശദമായി പരിശോധിച്ചു.
''കഴിവിന്റെ പരമാവധി പരിശ്രമിക്കാം.''
എന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്.  പിന്നീട് ഡയാലിസിസ് ചെയ്തു. ഓരോ
ദിവസവും അവന്റെ നിലയില്‍ മാറ്റം വന്നു. പന്ത്രണ്ടുദിവസവും ഞാനും അമ്മയും
റിക്കിക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞു. എന്റെ എല്ലാ പ്രോഗ്രാമുകളും
കാന്‍സല്‍ചെയ്തു. കിടക്കയില്‍ത്തന്നെയാണ് അവന്‍ മൂത്രമൊഴിച്ചതും
ഛര്‍ദ്ദിച്ചതും. എല്ലാം ഒരമ്മയെപ്പോലെ ഞാന്‍ വൃത്തിയാക്കി. വിറ്റാമിനുള്ള
ഭക്ഷണം നല്‍കി അവനെ സ്‌നേഹപൂര്‍വം പരിചരിച്ചു. അവന്‍ വേദന കൊണ്ട്
പുളയുമ്പോള്‍ ഞാനും പൊട്ടിക്കരഞ്ഞു. റിക്കി സങ്കടപ്പെടുന്നത് കാണാന്‍
എനിക്കൊരിക്കലും കഴിയില്ല. ഓരോ ദിവസവും ഞങ്ങള്‍ അവനുവേണ്ടിയാണ്
പ്രാര്‍ത്ഥിച്ചത്.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് എനിക്ക് സമാധാനമായത്.
ഇപ്പോള്‍ റിക്കി പഴയതുപോലെയായിരിക്കുന്നു. റിക്കിയെ മദ്രാസില്‍
കൊണ്ടുപോയപ്പോള്‍ പലരും ഞങ്ങളെ പരിഹസിച്ചു. അവരോടൊക്കെ എനിക്ക് ഒരു
ചോദ്യമേയുള്ളൂ.
''നിങ്ങളുടെ സഹോദരനോ മക്കള്‍ക്കോ രോഗം വന്നാല്‍ ആശുപത്രിയില്‍
കൊണ്ടുപോകില്ലേ. അത്രയേ ഞാനും ചെയ്തുള്ളൂ. റിക്കി എന്റെ കൂടപ്പിറപ്പാണ്.
അത്രയ്ക്ക് സ്‌നേഹമാണ് അവനോട്.''

തയ്യാറാക്കിയത്: പി.കെ.പിഷാരടി

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.