You are Here : Home / അഭിമുഖം

ഡോ. പത്മസുബ്രഹ്മണ്യത്തെപ്പോലെ ഒരു ഗുരുവിനെ ലഭിക്കുക, അതൊരു ഭാഗ്യമല്ലേ

Text Size  

Story Dated: Monday, April 07, 2014 09:05 hrs EDT

സിനിമ കണ്ടിറങ്ങിയാലും മനസില്‍ അല്പം നൊമ്പരമുണര്‍ത്തി ആ കഥാപാത്രങ്ങള്‍ പിന്നെയും നമ്മുടെ ഉള്ളില്‍ ജീവിക്കുകയായിരുന്നു. നഖക്ഷതങ്ങളിലെ രാമു, സര്‍ഗത്തിലെ ഹരിദാസ്, മാനത്തെ വെള്ളിത്തേരിലെ രമേഷ്... വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ കഥാപാത്രങ്ങള്‍ ഇപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെയാണ് വിനീതിനോടുള്ള ഇഷ്ടവും. ഒരിക്കലും സിനിമയിലെ നിറ സാന്നിധ്യമായിരുന്നില്ല വിനീത്. ഇടയ്ക്കിടെ ശക്തമായ കഥാപാത്രങ്ങളിലൂടെ വിനീത് തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടേയിരിക്കുന്നു. അതിനൊപ്പം നൃത്തത്തില്‍ സര്‍ഗവിസ്മയങ്ങള്‍ തീര്‍ത്തു. ജീവനുതുല്യം സ്‌നേഹിക്കുന്ന നൃത്തത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനീത് വാചാലനാകുന്നു.

പത്മിനിയാണ് വിനീതിലെ നടനെ കണ്ടെത്തിയതെന്ന് പറഞ്ഞിട്ടുണ്ടല്ലോ? അതെങ്ങനെയാണ്?
എന്റെ അച്ഛന്‍ വക്കീലും അമ്മ ഡോക്ടറുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ പത്മിനിയമ്മ മാത്രമാണ് കലാകാരിയായിട്ടുള്ളത് (തിരുവിതാംകൂര്‍ സഹോദരിമാരിലെ പത്മിനി). ചെറുപ്പത്തിലേ പത്മിനിയമ്മയാണ് എന്റെ കഴിവ് മനസിലാക്കുന്നത്. ഞങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും ആഘോഷങ്ങള്‍ വരുമ്പോള്‍ നൃത്തം ചെയ്യാന്‍ അവര്‍ പ്രോത്‌സാഹിപ്പിക്കും. അങ്ങനെയാണ് നൃത്തം പഠിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്.

നൃത്തവേദിയില്‍നിന്ന് സിനിമയിലെത്തിയപ്പോഴോ?
എന്റെ ഭാഗ്യത്തിന് നല്ല കഥാപാത്രങ്ങളാണ് സിനിമയില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. അത് ദൈവാനുഗ്രഹം കൊണ്ടാണ്. തുടക്ക കാലത്തുതന്നെ മലയാളത്തിലെ പ്രശസ്തരായ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. വ്യത്യസ്തയുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

ഡോ. പത്മസുബ്രഹ്മണ്യത്തെപ്പോലെ ഒരു ഗുരുവിനെ ലഭിക്കുക, അതൊരു ഭാഗ്യമല്ലേ?
തീര്‍ച്ചയായും. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. പന്ത്രണ്ടാം വയസ് മുതലാണ് ഞാന്‍ പത്മയക്കയുടെ അടുത്ത് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. അവരെ പരിചയപ്പെടുന്നതു പത്മിനിയമ്മ വഴിയാണ്.

നൃത്തം ചെയ്യുന്ന പുരുഷന്മാരുടെ ശരീരഭാഷയില്‍ സ്‌ത്രൈണ സ്വഭാവം കണ്ടുവരാറുണ്ട്? എന്നാല്‍ വിനീത് അതില്‍നിന്ന് വ്യത്യസ്തനാണ്?
അഭിനയമാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രീതിയില്‍ അത്രയും സ്വാഭാവികമായി വേണം കഥാപാത്രമായി മാറാന്‍. പൗരുഷം നിറഞ്ഞ നൃത്തരൂപം ചെയ്യുമ്പോള്‍പോലും ലാസ്യം പ്രകടമാകാറുണ്ട്. ആദ്യം അഭിനയിക്കുമ്പോഴൊക്കെ നൃത്തത്തിന്റെ സ്വാധീനം കടന്നു വരുമായിരുന്നു. അതിനാല്‍ അമിതാഭിനയത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. അത് വിജയിച്ചു. ഇപ്പോള്‍ ആ പ്രശ്‌നമില്ല.

മണിച്ചിത്രത്താഴിലെ രാമനാഥനെ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോ?
ഞാന്‍ പരിണയം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഫാസില്‍സാര്‍ മണിച്ചിത്രത്താഴിലേക്ക് വിളിക്കുന്നത്. അതുകൊണ്ട് ഡേറ്റ് ഉണ്ടായിരുന്നില്ല. അതില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ ശരിയ്ക്കും വിഷമമുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് തമിഴിലും തെലുങ്കിലും കന്നടയിലും എടുത്തപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തമിഴില്‍ ബാലചന്ദ്രര്‍ സര്‍, പി. വാസു സാര്‍ ഇവരുടെയൊക്കെ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

അഭിനയരംഗം തെരഞ്ഞെടുത്തതില്‍ എപ്പോഴെങ്കിലും നിരാശ തോന്നിയോ?
ഇല്ല. ഡിഗ്രി പഠനത്തിനുശേഷമാണ് ഞാന്‍ സിനിമ തൊഴിലായി സ്വീകരിക്കുന്നത്. ഈശ്വരാധീനത്താല്‍ നല്ല സിനിമകള്‍ ലഭിക്കുകയും ചെയ്തു. സിനിമകള്‍ ഇല്ലാതിരുന്ന സമയത്ത് ഞാന്‍ നൃത്തത്തിന്റെ തിരക്കുകളിലായിരുന്നു. എങ്കിലും വലിയ ഇടവേളകളൊന്നും എന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എനിക്ക് കിട്ടുന്ന വേഷങ്ങളില്‍ ഞാന്‍ പൂര്‍ണ സന്തോഷവാനാണ്.

കുടുംബത്തെക്കുറിച്ച് ?
ഞങ്ങള്‍ ചെന്നൈയിലാണ് താമസം. ഭാര്യ പ്രസീല, മകള്‍ അവന്തി. ഭാര്യ എന്റെ സിനിമകളും നൃത്തവും ഒക്കെ കണ്ടിട്ട് അവളുടേതായ അഭിപ്രായങ്ങള്‍ പറയാറുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More