You are Here : Home / അഭിമുഖം

വി.എസ്സിനോട് തൂങ്ങിച്ചാകാന്‍ പറഞ്ഞത് ബോധപൂര്‍വ്വമല്ല : ബിന്ദുകൃഷ്ണ

Text Size  

Geethu Thambi

Aswamedham News Team

Story Dated: Sunday, February 23, 2014 06:52 hrs EST

മൈക്ക്‌ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞും പ്രസംഗം
തുടര്‍ന്നപ്പോള്‍ മൈക്ക്‌ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട എസ്‌.ഐക്കെതിരേ
മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ബിന്ദു കൃഷ്‌ണയുടെ
ആക്രോശം വന്‍ വിവാദമായി. എസ്‌.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും
കേരളത്തിലെ ആഭ്യന്തരമന്ത്രി മാറിയത്‌ അറിഞ്ഞില്ലേ എന്നും
ചോദിച്ചായിരുന്നു ആക്രോശം. സത്യത്തില്‍ എന്താണ് സംഭവിച്ചത്?. ബിന്ദു
കൃഷ്ണ അശ്വമേധത്തോട് തുറന്നു പറയുന്നു.


വി.എസിനോട്‌ തൂങ്ങിച്ചാകാന്‍ പറഞ്ഞത്‌ ബോധപൂര്‍വ്വമാണോ ?
സ്‌ത്രീമുന്നേറ്റയാത്രക്ക്‌ പിന്നില്‍ സീറ്റുറപ്പിക്കുക എന്നൊരു തന്ത്രമുണ്ടോ ?

ബിന്ദു കൃഷ്ണ വീണ്ടും പ്രതികരിക്കുന്നുമാനന്തവാടിയിലെ സ്‌ത്രീമുന്നേറ്റയാത്രയുടെ സ്വീകരണത്തിനിടെ മൈക്ക്‌ ഓഫ്‌
ചെയ്‌ത എസ്‌ ഐയെ സ്ഥലം മാറ്റിയതിനു പിന്നില്‍ ബിന്ദു കൃഷ്‌ണയുടെ
കരങ്ങളാണെന്നാണ്‌ കേള്‍ക്കുന്നത്‌ ?

എന്റെ കരങ്ങളുമില്ല, എന്റെ ചിന്തയുമില്ല. അത്തരം കാര്യങ്ങളില്‍ ഞാന്‍
ഇടപെടാറുമില്ല. വളരെ നന്നായി നിയമം പഠിച്ച ആളാണ്‌ ഞാന്‍. 20 വര്‍ഷം
പ്രാക്‌ടീസ്‌ ചെയ്‌തതുമാണ്‌. ആ നിയമം തകര്‍ക്കുന്ന വിധത്തില്‍ ഞാന്‍
ഒന്നും ചെയ്യില്ല. മാനന്തവാടിയില്‍ സ്‌ത്രീമുന്നേറ്റയാത്ര എത്തിയപ്പോള്‍
10 മണിക്കു തന്നെ മൈക്ക്‌ ഓഫ്‌ ചെയ്യണമെന്ന്‌ പോലീസ്‌ അറിയിച്ചിരുന്നു.
പക്ഷേ ഇവിടെ സംഭവിച്ചത്‌ 10 മണിക്ക്‌ ഒരു മിനിട്ടുള്ളപ്പോള്‍ ഞാന്‍
പ്രസംഗിച്ചു കൊണ്ടിരിക്കെ ക്രുദ്ധനായി ഒരു പോലീസുകാരന്‍ കയറി വരുന്നതു
കണ്ടു. അത്‌ എസ്‌ ഐ യാണെന്നു പോലും എനിക്കറിയില്ല. വരുന്നതു കണ്ടപ്പോള്‍
സമയം കഴിഞ്ഞിട്ടുണ്ടാവുമെന്ന്‌ എനിക്ക്‌ മനസിലായി. ഞാന്‍ അപ്പോള്‍ തന്നെ
നിങ്ങള്‍ നല്‍കിയ സ്വീകരണത്തിന്‌ എന്നു പറഞ്ഞ്‌ പ്രസംഗം
അവസാനിപ്പിക്കുമ്പോഴേക്കും അയാള്‍ കയറി വന്ന്‌ മൈക്ക്‌ ഓഫ്‌ ചെയ്‌തു. 10
മണിയാകുന്നതല്ലേയുള്ളൂ സാറേ പിന്നെന്തിനാ മൈക്ക്‌ ഓഫ്‌ ചെയ്‌തത്‌ എന്നു
ചോദിച്ച വേദിയിലിരുന്ന സ്‌ത്രീകളോട്‌ അയാള്‍ തട്ടിക്കയറുന്നതു കണ്ടാണ്‌
ഞാന്‍ രൂക്ഷമായി പ്രതികരിച്ചത്‌. അതിലെനിക്ക്‌ അല്‍പ്പം പോലും കുറ്റബോധം
ഇല്ല. അതില്‍ പ്രതികരിക്കാതിരിക്കാനാണെങ്കില്

‍ ഞാന്‍
സ്‌ത്രീമുന്നേറ്റയാത്ര എന്ന പേരു തന്നെ മാറ്റേണ്ടി വരും. എന്റെ
മുന്നിലിരിക്കുന്ന സ്‌ത്രീകളോട്‌ മോശമായി പെരുമാറുന്നത്‌ എത്ര
ഉന്നതാനായാലും അത്‌ കേട്ടു കൊണ്ട്‌ വീട്ടില്‍ പോകാന്‍ എന്നെ കിട്ടില്ല.
എന്നു കരുതി പോലീസിന്റെ ഭരണത്തില്‍ ഞാനിടപെടില്ല. എനിക്കതില്‍ ഇടപെടേണ്ടെ
കാര്യവുമില്ല. അതിനെക്കുറിച്ച്‌ ഞാന്‍ ആഭ്യന്തര മന്ത്രിയോടെന്നല്ല
ഒരാളോടും സംസാരിച്ചിട്ടുമില്ല. എന്നെ പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍
പലരും വിളിച്ചു. കൂടുതല്‍ പേരും നന്നായെന്നു പറഞ്ഞു. കുറച്ചു പേര്‍ അത്‌
ശരിയായില്ല, കുറച്ചു കൂടി സൂക്ഷിക്കണമായിരുന്നു എന്നു പറഞ്ഞു. അതിനപ്പുറം
ഒന്നുമുണ്ടായിട്ടില്ല. അയാള്‍ എന്റെ ശത്രുവുമല്ല. സത്യത്തില്‍ യാത്ര ഇത്ര
വിജയമാക്കിത്തന്നതിന്‌ വ്യക്തിപരമായി ഞാന്‍ അയാളോട്‌
കടപ്പെട്ടിരിക്കുന്നു.

വി. എസ്‌ അച്യുതാനന്ദനോട്‌ തൂങ്ങിച്ചാകാന്‍ പറഞ്ഞത്‌ ബോധപൂര്‍വ്വമാണോ ?

ഒരിക്കലുമല്ല. വി. എസിനെ എന്നല്ല, മുതിര്‍ന്ന ഒരാളെക്കുറിച്ചും ഞാന്‍
അങ്ങനെ പറയില്ല. ആത്മഹത്യാപരം എന്നൊരു വാക്കാണ്‌ ഞാനപ്പോള്‍ പറയാന്‍
ഉദ്ദേശിച്ചത്‌. എന്നാല്‍ ആ സമയത്ത്‌ അതെന്റെ നാവില്‍ വന്നില്ല. പകരം
നാട്ടിന്‍പുറത്തെ ആളുകളുടെ ശൈലിയില്‍ അറിയാതെ കടന്നു വന്നതാണ്‌ ഈ
വാക്ക്‌. വി.എസ്‌ അച്യുതാനന്ദനെതിരെ വളരെ മോശമായി, വളരെ വേദനിച്ച്‌ ഞാന്‍
സംസാരിച്ച ഒരു സമയമുണ്ടായിരുന്നു. സിന്ധു ജോയിയെ അപമാനിച്ചപ്പോള്‍.
അപ്പോള്‍ പോലും ഇത്തരം മോശം വാക്കുകള്‍ ഞാന്‍ വി.എസിനെതിരെ
ഉച്ഛരിച്ചിട്ടില്ല. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ
കമ്യൂണിസ്‌റ്റ്‌ നേതാവെന്ന്‌ ഞാന്‍ വേദികളില്‍ വിഎസിനെപ്പറ്റി
പറയാറുമുണ്ട്‌. അങ്ങനെയൊരാളെപ്പറ്റി ബോധപൂര്‍വ്വം ഞാന്‍ അങ്ങനെ പറയില്ല.

ലോകസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കുക എന്നൊരു തന്ത്രമുണ്ടോ
സ്‌ത്രീമുന്നേറ്റയാത്രക്ക്‌ പിന്നില്‍ ?

അങ്ങിനെയൊരു തന്ത്രത്തിന്റെ ആവശ്യമില്ല. സീറ്റു കിട്ടാനായി ഇതു നടത്തേണ്ട
ആവശ്യം എനിക്കില്ല. കാരണം ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളില്‍
150 ഓളം പേരെ രാഹുല്‍ജി മൂന്നു ഘട്ടമായി ഇന്റര്‍വ്യൂ ചെയ്‌ത്‌ ആ
ഇന്റര്‍വ്യൂവില്‍ സെലക്‌ട്‌ ചെയ്യപ്പെട്ട നാലു പേരില്‍ ഒരാളാണ്‌ ഞാന്‍. ആ
നാലു പേരെ വീണ്ടും മാഡം ഇന്റര്‍വ്യൂ ചെയ്‌ത്‌ ഇന്ത്യയില്‍ രണ്ടാമതായി
വന്നയാളാണ്‌ ഞാന്‍. ആ എനിക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഒരു
സ്‌ത്രീ മുന്നേറ്റ യാത്ര നടത്തേണ്ട ആവശ്യമില്ല. എന്നാല്‍
തിര്‍ഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ സ്‌ത്രീകളെ പ്രത്യേകിച്ചും
മഹിളാകോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കേണ്ടത്‌ സംസ്‌ഥാന
അധ്യക്ഷയെന്ന പദവിയില്‍ ഇപ്പോഴും തുടരുന്നതു കൊണ്ട്‌ എന്റെ
ഉത്തരവാദിത്തമാണ്‌.

എത്ര സീറ്റുകളാണ്‌ ഇത്തവണ മഹിളാ കോഗ്രസിന്റെ ആവശ്യം ?
കഴിഞ്ഞ തവണ പറ്റിയ തെറ്റ്‌ കോണ്‍ഗ്രസിന്‌ ഇത്തവണ പറ്റില്ല എന്നാണ്‌
വിശ്വാസം. കേരളത്തിലെ യുഡിഎഫിന്റെ രണ്ടു മുന്നണികളോടും മഹിളാ
കോണ്‍ഗ്രസിനു വിനയപൂര്‍വ്വം പറയാനുള്ളത്‌ കുറഞ്ഞത്‌ ആറു സീറ്റെങ്കിലും
വനിതകള്‍ക്കു വേണ്ടി മാറ്റി വെക്കണം എന്നാണ്‌. ഏറ്റവും കുറഞ്ഞ നിരക്കില്‍
പറയുകയാണെങ്കില്‍ 17 സീറ്റില്‍ വിജയസാധ്യതയുള്ള 3 സീറ്റെങ്കിലും
ഞങ്ങള്‍ക്കു കിട്ടണം. കഴിഞ്ഞ തവണ വിജയസാധ്യത തീരെയില്ലാത്ത സീറ്റുകള്‍
തന്നു. അത്‌ സ്‌ത്രീകളോടുളള പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ നിലപാടാണ്‌.
അതിനെതിരെയാണ്‌ ഞങ്ങള്‍ സ്‌ത്രീപക്ഷ രാഷ്‌ട്രീയം ശക്തമായി
ഉയര്‍ത്തിക്കൊണ്ടു വരുന്നത്‌. കഴിഞ്ഞ തവണ 7 സീറ്റ്‌ വനിതകള്‍ക്കായി
നീക്കി വെച്ചു. അതിലൊരപകടം പതിയിരിക്കുന്നുണ്ട്‌. അതു കൊണ്ടാണ്‌ ഇത്തവണ
വളര വ്യക്തമായി ഈയൊരാവശ്യം മുന്നോട്ടു വെക്കുന്നത്‌. കാരണം ഏഴില്‍ ഒരു
സീറ്റില്‍ മാത്രമാണ്‌ പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുകളില്‍
കോണ്‍ഗ്രസിന്‌ മുന്‍തൂക്കം ലഭിച്ചത്‌. സംഘടനാപരമായി കോണ്‍ഗ്രസ്‌ ഏറ്റവും
പിന്നില്‍ നില്‍ക്കുന്ന സീറ്റുകളാണ്‌ സ്‌ത്രീകള്‍ക്ക്‌ നല്‍കിയത്‌.
പാര്‍ട്ടിയിലെ ചിലരുടെ ധാരണ സ്‌ത്രീകള്‍ക്ക്‌ സീറ്റ്‌ കൊടുത്താല്‍
ജയിക്കില്ല എന്നാണ്‌. പക്ഷേ സത്യത്തില്‍ പാര്‍ട്ടികളുടെ സംഘടനാ സംവിധാനം
ഉള്ള സ്ഥലങ്ങളില്‍ മാത്രമേ സ്‌ഥാനാര്‍ത്ഥി മികവു കൊണ്ട്‌ ജയിക്കാനാകൂ.
അതു കൊണ്ടാണ്‌ ഇത്തവണ കൃത്യമായി വിജയസാധ്യത ഉറപ്പുള്ള സീറ്റുകള്‍ തന്നെ
ഞങ്ങള്‍ക്കു വേണമെന്ന്‌ പറയുന്നത്‌.

കാസര്‍ഗോഡ്‌ നിന്നും ഷാഹിദ കമാല്‍ മത്സരിക്കുന്നു എന്നു കേള്‍ക്കുന്നുണ്ടല്ലോ ?
ഷാഹിദക്കു മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വം
അതംഗീകരിക്കുന്നുവെങ്കില്‍ ഷാഹിദ മത്സരിക്കും. അത്‌ പാര്‍ട്ടി നേതൃത്വവും
ഷാഹിദയുമാണ്‌ തീരുമാനിക്കേണ്ടത്‌. പക്ഷേ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി
ബന്ധപ്പെട്ട്‌ ഒരു ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ടില്ല.

സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ അനുകൂലിച്ചു. ശ്വേതാ മേനോന്‍-
പീതാംബരക്കുറുപ്പ്‌ വിഷയത്തില്‍ പീതാംബരക്കുറുപ്പിനെ അനുകൂലിച്ചു
സംസാരിച്ചു. കേരളത്തിലെ ഒരു മഹിളാ നേതാവില്‍ നിന്നും ജനം ഇതാണോ
പ്രതീക്ഷിക്കുന്നത്‌ ?

വനിതാ നേതാവായതു കൊണ്ട്‌ സത്യം പറയരുതെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ.
ഞാന്‍ നിയമം പഠിച്ച്‌ പ്രാക്‌ടീസ്‌ ചെയ്‌ത ആളാണ്‌. പി. ജെ.കുര്യന്‍
കുട്ടിയെ പീഡിപ്പിച്ചുണ്ടോ ഇല്ലയോ എന്നു പറയാന്‍ ഞാനാളല്ല. പക്ഷേ .ഈ
രാജ്യത്ത്‌ മജിസ്‌ട്രേററ്‌ കോടതിയാണ്‌ ക്രിമിനല്‍ ജുഡീഷ്യറിയുമായി
ബന്ധപ്പെട്ട്‌ ഏറ്റവും അടിസ്ഥാന കോടതി. ആ കോടതി മുതല്‍ പരമോന്നത
നീതിപീഠമെന്നു പറയുന്ന സുപ്രീം കോടതി വരെ വ്യത്യസ്‌തമായ ന്യായവിധികളിലൂടെ
ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുത്ത അഭിപ്രായം മാത്രമാണ്‌ ഞാന്‍ പറഞ്ഞത്‌
അല്ലാതെ മറ്റൊരു തരത്തിലും ഞാന്‍ പറഞ്ഞിട്ടില്ല. കോടതി തീരുമാനിച്ച
കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അത്‌ സ്‌ത്രീ വിരുദ്ധമാണെന്നു
പറയുന്നത്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നതിന്‌ തുല്യമാണ്‌.
ശ്വേതാ മേനോന്റെ കേസില്‍ ആ സമയത്ത്‌ സിപിഎമ്മിന്റെയും ആര്‍ എസ്‌
പിയുടെയും എം എല്‍ എ മാരും, സിപിഎമ്മിന്റെ വനിതാ മേയറടക്കം
അവിടെയുണ്ടായിരുന്നു. ഇവരാരെങ്കിലും പീതാംബരക്കുറുപ്പിനെതിരെ ഒരു വാക്കു
പറയുന്നത്‌ നിങ്ങളാരെങ്കിലും കേട്ടോ. അതാണ്‌ പീതാംബരക്കുറുപ്പ്‌ എന്ന
വ്യക്തി. പീതാംബരക്കുറുപ്പ്‌ ആ തെറ്റ്‌ ചെയ്‌തുവെങ്കില്‍ അദ്ദേഹം ആ
തെറ്റു ചെയ്‌തു എന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും
മറ്റാരെക്കാളും മുമ്പേ ഞാന്‍ പറയും. പക്ഷേ അദ്ദേഹം തെറ്റു
ചെയ്‌തിട്ടില്ല. സ്‌ത്രീകളായതു കൊണ്ട്‌ പറയുന്നതെല്ലാം
പിന്താങ്ങുന്നതാണ്‌ വനിതാ രാഷ്‌ട്രീയ നേതാവിന്റെ ഉത്തരവാദിത്വമെന്ന്‌
ഞാന്‍ കരുതുന്നില്ല. സ്‌ത്രീയായാലും പുരുഷനായാലും തെറ്റു ചെയ്‌താല്‍ അത്‌
തെറ്റെന്നു പറയണമെന്നതാണ്‌ എന്റെ നിലപാട്‌.

രമ തിരുവന്തപുരത്ത്‌ സത്യാഗ്രഹം നടത്തുമ്പോള്‍ ടിപിയുടെ അമ്മയെ കാണാന്‍
ഒഞ്ചിയത്തേക്ക്‌ പോയത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ തന്നെയല്ലേ ?

ഒരിക്കലുമല്ല. ടിപിയുടെ അമ്മയെ പോയികണ്ടില്ല എന്നു വെച്ച്‌ കേരളത്തിലെ
കോണ്‍ഗ്രസിനോ മഹിളാ കോണ്‍ഗ്രസിനോ ഒന്നും സംഭവിക്കില്ല. പക്ഷേ അതൗരു
ധാര്‍മികതയാണ്‌ ജീവിതസായാഹ്നത്തില്‍ നില്‍ക്കുന്ന ആ അമ്മ എന്റെ മോള്‌
തിരുവനന്തപുരത്ത്‌ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും
കഴിയുകയാണ്‌. അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണേയെന്ന്‌ കണ്ണീരോടെ
പറയുമ്പോള്‍ ആ അമ്മയുടെ ഭാഗത്തു നില്‍ക്കുവാനും അവരെ
സന്ദര്‍ശിക്കാനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടെന്നു തോന്നിയതു
കൊണ്ടാണ്‌ പോയത്‌. അതില്‍ ഒരു രാഷ്‌ട്രീയ മുതലെടുപ്പുമില്ല. ടി.പിയുടെ
വീട്ടില്‍ പോയെന്നു കരുതി എനിക്ക്‌ പത്ത്‌ വോട്ടോ പാര്‍ട്ടിക്ക്‌ പത്തു
വോട്ടോ കൂടുകയുമില്ല. കുറയുകയുമില്ല.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഉടന്‍ മാറ്റമുണ്ടാവുമെന്നു കേള്‍ക്കുന്നു ?

സാധ്യതയുണ്ട്‌. പക്ഷേ എപ്പോഴെന്നു പറയാനാവില്ല. എന്നെ കഴിഞ്ഞ ആഗസ്‌ത്‌
മാസം 26ാം തീയതി അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷയായി
നിയമിച്ചു. അപ്പോള്‍ സ്വാഭാവികമായും ദേശീയ രാഷ്‌ട്രീയത്തില്‍ എനിക്ക്‌
ഒരുപാട്‌ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. അതിനൊപ്പം സംസ്ഥാന അധ്യക്ഷ പദവി
കൂടി കൊണ്ടു പോകാനുള്ള സമയം തികയില്ല. തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കാന്‍ മറ്റൊരു നേതൃത്വം ആവശ്യമുണ്ട്‌. അതുണ്ടാകും.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ താങ്കള്‍ മത്സരരംഗത്തുണ്ടാകുമോ ?

അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം കോണ്‍ഗ്രസ്‌
പാര്‍ട്ടി തിരഞ്ഞെടുപ്പ്‌ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. യു.ഡി.എഫില്‍
പോലും ചര്‍ച്ച തുടങ്ങിയിട്ടില്ല. ഇനിയും ഒരു മാസം കൂടി കഴിഞ്ഞിട്ടേ
അക്കാര്യത്തില്‍ തീരുമാനമാകൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.