You are Here : Home / അഭിമുഖം

ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ക്കു പോലും അല്‍പം മനസ്സാക്ഷി കാണും... അല്ലെങ്കില്‍ അവര്‍ മനുഷ്യരാകില്ല....

Text Size  

Story Dated: Saturday, February 15, 2014 11:46 hrs ESTഎന്റെ കഴിഞ്ഞ ചിത്രത്തില്‍ ഡ്രാക്കുളയായി അഭിനയിച്ചയാള്‍ നടത്തിയ ചില പ്രതികരണങ്ങളോട് മറുപടി പറയേണ്ടതില്ല എന്നാണ് തീരുമാനിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം മറ്റാരുടെയൊ ചട്ടുകമായി നിന്നുകൊണ്ട് അയാള്‍ നടത്തിയ അപവാദപ്രചരണങ്ങള്‍ക്കെതിരെ നിയമപരമായി ഞാന്‍ നീങ്ങിയിട്ടുണ്ട്. ഏതറ്റം വരെ പോയാലും ഇത്തരം ഹീനമായ വ്യക്തിഹത്യ നടത്തിയ അയാള്‍ അതിന് കോടതിയില്‍ മറുപടി പറയേണ്ടിവരും എന്നാണെന്റെ വിശ്വാസം.

അതുകൊണ്ടുതന്നെയാണ് മീഡിയ വഴിയൊന്നും പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നത്. പക്ഷെ എന്നെ സ്നേഹിക്കുന്ന എന്റെ ധാരാളം ഫെയ്സ്ബുക് സുഹൃത്തുക്കള്‍ ഇതിനെ പറ്റി പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ടതുകൊണ്ട് ചില സത്യങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യാമെന്ന് കരുതി - എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ച ചോദ്യത്തില്‍ തന്നെ ഈ പ്രശ്നത്തിന്റെ മറുപടിയുണ്ട് -

 

 

 

 

 

 

 

 

 

ഇതുപോലൊരു ടൈറ്റില്‍ വേഷം തനിക്കു തന്ന വിനയനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണെന്നും ഇനി മറ്റൊരു ചിത്രവും അഭിനയിച്ചില്ലെങ്കില്‍ തന്നെ താന്‍ സംതൃപ്തനാണെന്നും ഇത്രയും വര്‍ഷമായി ആരുമറിയാതെ കിടന്ന തനിക്ക് ഇങനൊരു ബ്രേക്ക് തന്നതിന്റെ കടപ്പാട് മരിച്ചാലും മറക്കില്ലെന്നും ഘോരഘോരം ടിവിയില്‍ കയറിയിരുന്ന് പറഞ്ഞിരുന്ന ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇങ്ങനെ മാറ്റിപ്പറയുന്നതിന്റെ പൊരുള്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ആരു വിലക്കെടുത്താലും എത്ര തന്നെ ക്രിമിനല്‍ സ്വഭാവം മനസ്സിലുണ്ടെങ്കിലും മനുഷ്യനായാല്‍ അല്‍പമെങ്കിലും മനസ്സാക്ഷി കാണില്ലെ?...

സത്യത്തില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ ഞാനൊന്ന് പകച്ചു എന്നത് സത്യമാണ്. വളരെ വേദന തോന്നി. നന്ദിയൊന്നും വേണ്ട. ശത്രുപക്ഷത്ത് നിന്നുകൊണ്ട് പിന്നില്‍ നിന്നു കുത്താനും മാത്രം ഞാനെന്ത് ദ്രോഹമാണ് അയാളോട് ചെയ്തത്. ഇങ്ങനെയൊരു വേഷം കൊടുത്ത് പത്തുപേരറിയുന്ന രീതിയില്‍ ആക്കിയതാണോ? - പിന്നെ വേറെ സിനിമ കിട്ടാത്തതിന്റെ കാര്യം?.... ഇത്തരം കയ്യിലിരുപ്പുള്ളവരെ ദൈവം പോയിട്ട് ചെകുത്താന്‍ പോലും കൈ പിടിച്ചുയര്‍ത്തില്ല. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

. മലയാള സിനിമ തമ്പുരാക്കന്മാര്‍ ഒന്നടങ്കം എതിര്‍ത്തിട്ടും ഇന്നും സിനിമയെടുക്കാനും അത്യാവശ്യം വിജയിപ്പിക്കാനും ഈ എളിയവന് കഴിയുന്നത് എന്റെ മനസ്സിന്റെ നേരുകൊണ്ടാണെന്ന് നന്ദികേടിന്റെ പര്യായമായ ഈ നടന്‍ ഒന്നോര്‍ത്താല്‍ കൊള്ളാം. കൂടെ അഭിനയിച്ച ഒരു പെണ്‍കുട്ടിയോട് നാലംകിട തെരുവ് ഗുണ്ടകള്‍ പോലും കാണിക്കാത്ത വൃത്തികേടുകള്‍ കാണിച്ചിട്ട് ആ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ പെട്ട പെടാപ്പാടൊക്കെ മറന്നുകൊണ്ട്, ഇന്നും കേസ് നടക്കുന്ന ഈ വിഷയത്തില്‍ ഇയാളെക്കൊണ്ടല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ പ്രതികരിക്കാന്‍ പറ്റില്ല.

 

 

 

 

 

 

 

 

 

 

 

തന്റെ വേഷം ഉറപ്പിക്കാന്‍ എന്തു കാക്കപിടുത്തത്തിനും തയ്യാറായ ഇയാള്‍ വേഷം കിട്ടുമോ എന്ന് സംശയം തോന്നിയപ്പോള്‍ ഒരു പൈസ പോലും പ്രതിഫലം വേണ്ടാ എന്ന് പറഞ്ഞ് കാലുപിടിച്ചതിന് ശേഷവും രണ്ടുലക്ഷത്തിലധികം രൂപ പല പ്രാവശ്യമായി വാങ്ങുകയുണ്ടായി.... പോട്ടെ, അയാള്‍ പറയുന്ന 96,000 രൂപ മുഖവിലക്കെടുത്താല്‍ തന്നെ ഇയാളെ പോലൊരു അപ്രധാന നടനെ വെച്ച് ഇത്രയും റിസ്ക്കെടുക്കുന്ന ഏതു നിര്‍മ്മാതാവാണ് 50,000 രൂപയിലധികം കൊടുക്കാന്‍ തയ്യാറാവുക? മറ്റ് നിര്‍മ്മാതാക്കള്‍ പറയട്ടെ...

 

 

 

 

 

ഇയാളെ പോലെ തന്നെ സീരിയലുകളിലും കൊച്ചുകൊച്ചു സിനമാ വേഷങ്ങളിലും ഒക്കെ വന്നതിന് ശേഷമാണ് ജയസൂര്യയേയും, ഇന്ദ്രജിത്തിനേയും, അനൂപ് മേനോനെയുമ്, മണിക്കുട്ടനെയുമൊക്കെ ഞാന്‍ നായകന്‍മാരാക്കിയത്. ഇയാള്‍ക്ക് കിട്ടിയ 96,000ത്തിന്റെ പകുതി പോലും അന്ന് എന്റെ നിര്‍മ്മതാക്കള്‍ അവര്‍ക്ക് കൊടുത്തിട്ടില്ല. ഒന്നുമില്ലെങ്കിലും അവര്‍ക്കൊക്കെ ഒരു ഫ്രഷ്നെസ്സ് ഉണ്ടായിരുന്നു. 47ആം വയസ്സുവരെ അഭിനയിച്ചിട്ടും വന്നിടത്തു തന്നെ നിന്നിരുന്ന ഇയാള്‍ക്ക് ഫ്രഷ്നെസ്സില്ലെന്നല്ല നെഗറ്റീവ് ഇമേജാണെന്നുള്ള കാര്യം അയാള്‍ തന്നെ സമ്മതിച്ചിരുന്നതാണ്. എന്നിട്ടും ആ റിസ്ക്കൊക്കെ ഏറ്റെടുത്ത് ഒരു വിജയചിത്രത്തിന്റെ ഭാഗമാക്കിയതിന് എനിക്ക് കിട്ടിയ പ്രതിഫലം എന്നെ മാനസികമായി വളരെ വേദനിപ്പിച്ചു. ജിമ്മില്‍ പോകാനും, മകന്റെ അസുഖത്തിനും എന്നൊക്കെ പറഞ്ഞ് പൈസ വാങ്ങിയിട്ട് ശുദ്ധ നുണയിലൂടെ ആ പേരുകള്‍ തന്നെ പറഞ്ഞ് വാര്‍ത്തയില്‍ സെന്റിമെന്റ്സ് ക്രിയേറ്റ് ചെയ്ത ഈ വ്യക്തിയുടെ മാനസികാവസ്ഥ എന്നെ അതിശയിപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ ഏതു നിര്‍മ്മാതാവാണ് കാശു മുടക്കുന്നത് എന്ന കാര്യവും എനിക്കറിയില്ല.

എട്ടു ലക്ഷം മുടക്കിയ ബോഡിയാണെന്ന് പറയുമ്പോള്‍ അതു സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതായിരിക്കുമോ എന്നും എനിക്ക് സംശയമുണ്ട്. ഇയാളെ തന്നെയാണ് ഡ്രാക്കുളയാക്കുന്നതെന്ന് തീരുമാനിച്ച് പരസ്യം കൊടുത്ത അന്നുമുതല്‍ സ്വന്തം കാറിന്റെ ഡീസലിനു പോലും സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ദിവസേന കൈനീട്ടാന്‍ യാതൊരു മടിയും കാണിക്കതിരുന്ന ഇദ്ദേഹമാണ് റൊമാനിയക്ക് ടിക്കറ്റെടുക്കാന്‍ ഞങ്ങളെ സഹായിച്ചതെന്ന് എഴുതിക്കണ്ടു. മാത്രമല്ല, കൊച്ചിനു മരുന്നു മേടിക്കാന്‍ കാശില്ലാത്ത വ്യക്തി പുതിയ തമിഴ് ചിത്രം നിര്‍മ്മിക്കാന്‍ പോകുകയുമാണത്രെ. ഇത്തരം കള്ളനാണയങ്ങള്‍ വിറ്റ് ജീവിതത്തില്‍ ഒരിക്കലും രക്ഷപെടാനാകില്ല സ്നേഹിതാ. താങ്കള്‍ ഇത്തരം നാലംകിട തരികിടകളൊക്കെ ഇനിയെങ്കിലും നിര്‍ത്തുക. തന്നെ വിലക്കെടുത്ത എന്റെ ശത്രുപക്ഷത്തെ സുഹൃത്തുക്കളോടും ഇക്കാര്യം പറയുക. ഒരു നടനെന്ന നിലയില്‍ ആവറേജ് മാര്‍ക്ക് കിട്ടാവുന്ന താന്‍ ഇത്രയൊക്കെ പ്രായമായിട്ടും ഒന്നുമാകാത്തതിന്റെ കാരണം സ്വയം വിമര്‍ശനപരമായി പരിശോധിക്കുക. അല്ലാതെ മറ്റാരെയും പഴിച്ചിട്ടു കാര്യമില്ല. ഒന്നും എഴുതണ്ട എന്നു വിചാരിച്ചതാണ്. നേരത്തെ പറഞ്ഞതുപോലെ ഫേസ്ബുക് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത്രയും എഴുതിയതു. ഇപ്പോള്‍ അതു നന്നായെന്നു തോന്നുന്നു. അവര്‍ക്ക് നന്ദി.

അവസരം ചോദിച്ചു നടക്കുന്നവര്‍ക്കും അവസരം നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കും ഇതൊരോര്‍മ്മക്കുറിപ്പാകട്ടെ...
സ്നേഹപൂര്‍വ്വം
 വിനയന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.