You are Here : Home / അഭിമുഖം

കാത്തിരുന്നു ആ ഒരു പൊതിച്ചോറിനായി

Text Size  

Geethu Thambi

Aswamedham News Team

Story Dated: Wednesday, December 25, 2013 12:13 hrs EST

ചരിത്രമുറങ്ങുന്ന വിപ്ളവകഥയിലെ വീരനായിക കെ. അജിതയ്ക്ക് ക്രിസ്മസും മറ്റൊരു വിപ്ളവജീവിതത്തിന്റെ ഓര്‍മയാണ് നല്‍കുന്നത്. നക്സലൈറ്റ് മൂവ്മെന്റിലൂടെ കടന്നു വന്ന് വിപ്ളവം വിരിയിക്കാന്‍ ശ്രമിച്ച ധീരസഖാക്കളിലൊരാളാണ് അജിത. ഒരുപക്ഷേ ആ വിപ്ളവത്തിന്റെ സന്തതികള്‍ ചാപിള്ളകളായി മാറിയിരുന്നില്ലെങ്കില്‍ കേരളം ഒരു സ്വര്‍ഗമാകുമായിരുന്നേനെ എന്നു വിശ്വസിക്കുന്ന ഒരുപാടാളുകള്‍ ഇന്നും കേരളത്തിലുണ്ട്. അജിതയുടെ ക്രിസ്മസ് ഓര്‍മകള്‍ക്കു പോലും ഒരു വിപ്ളവച്ചുവയാണുള്ളത്. വിപ്ളവവും ക്രിസ്മസും തമ്മിലെന്തു ബന്ധം എന്ന് നാം ചോദിച്ചേക്കാം. അതിനിട വരുത്താതെ അവര്‍ പറയുന്നു. ക്രിസ്മസും വിപ്ളവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി. ക്രിസ്മസ് വന്നെത്താനുള്ള കാത്തിരിപ്പിപ്പെറ്റി………….

ഇന്ന് ക്രിസ്മസ് എനിക്കൊരാഘോഷമാണ്. ഒപ്പമുള്ള സ്ത്രീകള്‍ക്കൊപ്പം  കേക്കു മുറിച്ചും നക്ഷത്രങ്ങള്‍ തൂക്കിയുമുള്ള ക്രിസ്മസ് ആഘോഷം.  ക്രിസ്മസ് കൂടുതലും ആഘോഷിക്കുന്നത് അ്ന്വേഷിയില്‍ വന്ന ശേഷമാണ്. എന്നാല്‍ എന്റെ ഓര്‍മയിലെ ക്രിസ്മസിന് മാധുര്യമേറും. അത് 1971 മുതല്‍ 1977 വരെയുള്ള കാലഘട്ടമാണ്. ഏഴരക്കൊല്ലം ഞാന്‍ ജയിലില്‍ കഴിഞ്ഞ കാലമാണത്. അന്നാണ് ഞാന്‍ ക്രിസ്മസിനു വേണ്ടി, ക്രിസ്മസ് എത്താനായി ഏറ്റവും കൂടുതല്‍ കാത്തിരിക്കുക. കാരണം മറ്റൊന്നുമല്ല. ജയിലില്‍ അന്ന് വര്‍ഷത്തില്‍ 6 ദിവസങ്ങളിലാണ് നല്ല ഭക്ഷണം ലഭിക്കുക. അത് ആറ് ആഘോഷങ്ങളാണ്.  ആ ദിവസങ്ങളിലാണ് ജയിലില്‍ വിഭവസമൃദ്ധമായ സദ്യ ലഭിക്കുന്നത്. അതിപ്പോള്‍ കൂട്ടിയിട്ടുണ്ടെന്നാണ് കേട്ടത്.

അതിലൊന്ന് ക്രിസ്മസാണ്. അതു കൊണ്ടു തന്നെ അന്ന് ക്രിസ്മസ് എനിക്ക് ഒരു കാത്തിരിപ്പു കൂടിയാണ് അപ്പോള്‍. നാവിന്‍തുമ്പില്‍ നിന്നും നഷ്ടപ്പെട്ട രുചി വീണ്ടെടുക്കാനുള്ള ഒരു കാത്തിരിപ്പ്. സാധാരണ മറ്റു ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഗോതമ്പുണ്ടയാണ് ലഭിക്കുക. അന്ന് പക്ഷേ വിഭവസമൃദ്ധമായ ഭക്ഷണം ലഭിക്കും. മത്സ്യമാംസാദികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടും എന്നതാണ് ഈ വിഭവസമൃദ്ധമായ സദ്യ കൊണ്ടുദ്ദേശിക്കുന്നത്. ബിരിയാണിയൊന്നും ഉണ്ടാവില്ല. എങ്കിലും മാംസഭക്ഷണം ലഭിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്നതിനാല്‍ അതിനു രുചിയും കൂടും. അതും മൂന്നു നേരവും ലഭിക്കും. രണ്ട് ഹിന്ദു ആഘോഷങ്ങള്‍, രണ്ട് ക്രിസ്ത്യന്‍ ആഘോഷങ്ങള്‍, രണ്ടു മുസ്ളിം ആഘോഷങ്ങള്‍ എന്നിങ്ങനെ ആ ആറു ദിവസങ്ങള്‍. അപ്പവും ഇറച്ചിയും ക്രിസ്മസിന്റെ മാത്രം സവിശേഷതയാണ്. ഗോതമ്പുണ്ട, ചപ്പാത്തി, പത്തിരി എന്നിവ മാത്രം ദിവസേന കഴിക്കുന്ന ഞങ്ങള്‍ക്ക് ക്രിസ്മസ് വലിയൊരാശ്വാസമാണ്,. അതിനായി ഞങ്ങള്‍ കാത്തിരിക്കും.

71 മുതല്‍ 77 വരെയുള്ള കാലഘട്ടത്തിലാണ് ഇത്തരത്തില്‍ ക്രിസ്മസിനായി കാത്തിരിക്കുക. അന്ന് ഒരുപാട് പേരുണ്ടായിരുന്നു. എന്റെയച്ഛന്‍, അമ്മ തുടങ്ങി ഒരുപാട് സഖാക്കള്‍ അന്ന് ഇതുപോലെ ക്രിസ്മസിനു വേണ്ടി കാത്തിരുന്നവരായിരുന്നു.ഞാന്‍ ആദ്യം കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു. പിന്നീടെന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നക്സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ക്രിസ്ത്യാനികളിലൊരാളായിരുന്നു വര്‍ഗീസ്. വര്‍ഗീസിന് ജയില്‍വാസം അുഭവിക്കേണ്ടി വന്നിട്ടില്ല. വര്‍ഗീസിനെ അവര്‍ക്ക് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നതായിരുന്നു സത്യം. പിടിച്ചപ്പോള്‍ അവര്‍ കൊല്ലുകയും ചെയ്തു.

വര്‍ഗീസിനെ കൂടാതെ കിസാന്‍ തൊമ്മന്‍, വെള്ളത്തൂവല്‍ സ്റീഫന്‍, ചാണ്ടി, ജോസഫ് , ഫ്രാന്‍സിസ്, തുടങ്ങി പലരും ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികള്‍ എന്ന രീതിയില്‍ ഒരു സമീപം ഉണ്ടാകാത്തതിനാല്‍ ക്രിസ്മസ് ആഘോഷങ്ങളോ ഒന്നും തന്നെ മുമ്പ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നപ്പോള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ക്രിസ്മസിന് കേക്കു വാങ്ങിക്കും. വീട്ടലെല്ലാവരുമൊരുമിച്ച് കഴിക്കും .അതാണ് ഇപ്പോഴത്തെ ക്രിസ്മസ് ആഘോഷം. നല്ല ഭക്ഷണത്തിനായി സ്വപ്നം കണ്ടുകൊണ്ടുള്ള ആ കാത്തിരിപ്പ് ഇന്നില്ല.  
ഇതും വലിയ ഒരോര്‍മയാണ് അജിതക്ക്. ചരിത്രം കൂടി മറക്കാനനുവദിക്കാത്ത ഓര്‍മകള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More