You are Here : Home / അഭിമുഖം

തണ്ണീർമുക്കം ബണ്ട് മൂന്നാംഘട്ട നിർമാണം പാതിവഴിയിൽ കിതക്കുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 15, 2017 06:48 hrs EDT

ജലസേചന വകുപ്പിന്റെ അനാസ്ഥ

പാതി വഴിയിൽ കിതച്ച് തണ്ണീർമുക്കം ബണ്ട് മൂന്നാം ഘട്ട നിർമാണം.

 

 

ഫണ്ടില്ലാത്തതിനാലാണ് ബണ്ട് നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്തത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ദശകങ്ങളായുള്ള ആവശ്യമാണ് ഇതുമൂലം ഇനിയും പൂർത്തീകരിക്കാനാവാതെ വരുന്നത്. 1957ലാണ് പദ്ധതിയുടെ ഒന്നാംഘട്ടം തണ്ണീര്‍മുക്കത്തു നിന്ന് ആരംഭിച്ചത്. വെച്ചൂര്‍ ഭാഗത്തുനിന്നാരംഭിച്ച രണ്ടാംഘട്ടം 1975ല്‍ പൂര്‍ത്തിയായി. നാല് പതിറ്റാണ്ടിനുശേഷമാണ് അവസാനഘട്ടത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ പൂര്‍ത്തിയായ രണ്ട് ബണ്ടുകളെയും കൂട്ടിയോജിപ്പിച്ചാണ് മൂന്നാംഘട്ടം നിർമാണം. വേമ്പനാട് കായലിനുകുറുകെ മധ്യഭാഗത്ത് 482 മീറ്റര്‍ മണ്‍ചിറ മാറ്റി ഷട്ടറുകള്‍ സ്ഥാപിക്കുകയെന്നതാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളിലെ 62 ഷട്ടറുകള്‍ മാറ്റി തുരുമ്പിച്ച് നശിക്കാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്‍. കിഴക്കും പടിഞ്ഞാറുമായി 62 ഷട്ടറുകളാണ് ഇപ്പോൾ ബണ്ടിനുള്ളത്. ഈ ഷട്ടറുകളിലേറെയും തുരുമ്പെടുത്തു നശിച്ചു. ബണ്ടിന്റെ മധ്യഭാഗത്തെ 482 മീറ്റർ നീളമുള്ള മൺചിറ ഒഴിവാക്കാനാണ് പുതിയ 28 ഷട്ടറുകൾ സ്‌ഥാപിച്ച് ഇപ്പോൾ നിർമാണം നടത്തുന്നത്.

 

 

 

 

നിലവിലുള്ള പാലത്തിന് 20 മീറ്റർ വീതം വിസ്തീർണമുള്ള 45 ഗേറ്റുകളാണുള്ളത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ എല്ലാ ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. പദ്ധതി പൂർത്തിയാകാത്തത് ദിവസം രണ്ടു തവണ വേലിയേറ്റമുണ്ടാകുന്ന ഇവിടെ മത്സ്യ ബന്ധനത്തിന് പോകുന്നവരെയാണ് സാധിക്കുക. അമേരിക്കയിലെ അമേരിക്കയിലെ പ്രമുഖ കോണ്‍ട്രാക്ട്രര്‍മാരായ തോമർ കൺസ്ട്രക്ഷൻ, ജെ.എച്ച് റീഡ് ജനറൽ കോൺട്രാക്ടർ, ഇന്ത്യയിലെ മേരി മാത കൺസ്ട്രക്ഷൻ എന്നിവര്‍ സംയുക്തമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. 2015 സെപ്റ്റംബറിലാണ് തണ്ണീർമുക്കം ബണ്ട് മൂന്നാംഘട്ട നിർമാണം ആരംഭിക്കുന്നത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് ആയിരുന്നു ഫണ്ട് അനുവദിച്ചത്. എന്നാൽ ലഭിച്ച ഫണ്ട് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയാതെ പോയതാണ് പദ്ധതി പരാജയപ്പെടാൻ കാരണം. മാത്രമല്ല, കേന്ദ്ര സർക്കാരിൽ നിന്നും പ്രൊജക്ടിന്റെ തുടർ നിർമാണത്തിനാവശ്യമായ ഫണ്ട് നേടിയെടുക്കാനും കേരള ജലസേചന വകുപ്പിന് സാധിച്ചിട്ടില്ല. ഫണ്ട് ലഭിക്കാത്തതിനെ തുടർന്നാണ് നിർമാണം പെരുവഴിയിലായത്.

 

 

 

 

 

കേന്ദ്ര സർക്കാരുമായി ഒപ്പിട്ട കരാറിലെ ഉപഭോക്താവ് കേരള ജലസേചന വകുപ്പ് ആയതു കൊണ്ടു തന്നെ ഇതിന്റെ പൂർണ ഉത്തരവാദിത്തവും ജലസേചന വകുപ്പിനാണ്. ആകെ 181 കോടി രൂപ ചെലവിലാണ് നിർമാണം. നിലവിൽ 90 ശതമാനം പൂർത്തിയാക്കിയ പ്രൊജക്ടിന്റെ തുടർ നിർമാണത്തിനായി 17 കോടി കൂടി ആവശ്യമാണ്. എന്നാൽ ഇത് ഉറപ്പു വരുത്താൻ കൂടി സംസ്ഥാന ജലസേചന വകുപ്പിനായിട്ടില്ല. അതേ സമയം മത്സ്യങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നതിനാൽ പദ്ധതി പ്രദേശത്ത് തുടങ്ങാൻ പദ്ധതിയിട്ട പാർക്കുകളുടെ നിർമാണം ധീവരസഭ തടഞ്ഞിരിക്കുകയാണ്. പാർക്ക് നിർമാണം തുടങ്ങാൻ അനുമതിക്കായി മാത്രം 50 ലക്ഷം ചെലവഴിക്കേണ്ട അവസ്ഥയാണ്. മന്ത്രി തിലോത്തമൻ വാഗ്ദാനം നൽകിയതിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന കാര്യം പുനരാലോചിക്കുന്നതുമായി ബന്ധ പ്പെട്ട് അടുത്തിടെ കലക്ടർ മീറ്റിങ്ങ് വിളിച്ചു കൂട്ടിയിരുന്നു. എന്നാൽ നിർമാണം ഇപ്പോഴുo തുടങ്ങാനായിട്ടില്ല.

 

 

 

എന്തു തന്നെയായാലും ജലസേചന വകുപ്പിന്റെ അനാസ്ഥ മൂലം മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതി ഇപ്പോഴും പാതിവഴിയിലാണ് എന്നതാണ് വാസ്തവം. അമേരിക്കന്‍ സാങ്കേതിക വിദ്യയും , മാനേജ്മെന്റ് വൈദഗ്ധ്യവുമൊക്കെ പിറന്ന നാട്ടിലെത്തിക്കുക എന്ന ഒരു നല്ല ഉദ്ദേശ്യവും ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്ന് തോമാര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റ് തോമസ്സ് മൊട്ടക്കല്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തെ മെല്ല പോക്ക് നിരാശയുളവാക്കുന്നു.പദ്ധതി ഉപേക്ഷിക്കാതെ വൈകാതെ പൂര്‍ത്തികരിക്കുവാനുള്ള ശ്രമങ്ങളിലാണെന്ന് അദ്ദേഹം അശ്വമേധത്തോട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More