You are Here : Home / അഭിമുഖം

സപ്തസ്വരങ്ങളുടെ ഏഴഴക്

Text Size  

Story Dated: Tuesday, April 25, 2017 02:49 hrs EDT

അമേരിക്കന്‍ മലയാളസംഗീത ലോകത്ത് സപ്തസ്വരങ്ങളില്‍ വിരിഞ്ഞ ഏഴഴകാണ് മഴവില്‍ എഫ്.എം. മലയാളം മറന്നുകൊണ്ടിരിക്കുന്ന, പഴയകാല ഗാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്ന ഒരു സമൂഹത്തിനുമുന്നില്‍ ശുദ്ധസംഗീതത്തിന്റെ വഴിതെളിച്ചവരാണ് നിഷാന്ത് നായരും ഷാജി എഡ്‌വേര്‍ഡും ജോജോ കൊട്ടാരക്കരയും. ഒരാളുടെ ആശയം മൂന്നുപേരിലൂടെ പുറം ലോകത്തെത്തി അറുപതിലധികം പേരുടെ പങ്കാളിത്തത്തിന്റെ ചരിത്രമായ കഥയാണ് മഴവില്‍ എഫ്.എമ്മിനു പറയാനുള്ളത്. സി.ഇ.ഒ നിഷാന്ത് നായര്‍ അശ്വമേധത്തോടു സംസാരിക്കുന്നു.

മഴവില്‍പ്പൊട്ട്

 

ഇന്റര്‍നെറ്റിന്റേയും ടെലിവിഷന്റെയും കാലത്ത് ലോകം മറന്നുപോയ റേഡിയോ. ആ റേഡിയോയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു മഴവില്‍ ടീം നടത്തിയത്. ഹൈഫ്രീക്വന്‍സിയില്‍ ഒരു റേഡിയോ അമേരിക്കയില്‍ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് റേഡിയോ എന്ന ആശയം സാക്ഷാത്കരിക്കുകയായിരുന്നു അവര്‍. ജോജോ കൊട്ടാരക്കരയാണ് റേഡിയോ എന്ന ആശയം നിഷാന്ത് നായരോട് പറയുന്നത്. കേട്ടപാടേ നിഷാന്ത് നായര്‍ അതേറ്റെുടുത്തു. പിന്നെ ഷാജി എഡ്‌വേഡിന്റെ മാധ്യമ രംഗത്തെ പരിചയസമ്പന്നത കൂടിയായപ്പോള്‍ മഴവില്‍ എഫ്.എം ഒരുങ്ങുകയായിരുന്നു. 2014 ജനുവരിയില്‍ ടെസ്റ്റ് ട്രാന്‍സ്മിഷന്‍ നടത്തി. ആദ്യ ദിവസങ്ങളില്‍ പ്രോഗ്രാം ഉണ്ടാക്കിയിരുന്നതും ടെലികാസ്റ്റ് ചെയ്തിരുന്നതും റേഡിയോ ജോക്കികളായിരുന്നതുമെല്ലാം ഇവര്‍ മൂന്നുപേരും തന്നെ. മൂന്നു മാസത്തോളം എഫ് എം റേഡിയോ ടെസ്റ്റ് ട്രാന്‍സ്മിഷനില്‍ ഒാടി. കേള്‍ക്കുന്നവരുടെ എല്ലാം പ്രതികരണം വളരെ നല്ലതായിരുന്നു. അങ്ങിനെ 2014 ഏപ്രില്‍ 14നു വിഷു ദിനത്തില്‍ മഴവില്‍ എഫ്.എം ഔദ്യോഗികമായി അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിച്ചു തുടങ്ങി. ഐഫോണ്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പുകളിറക്കിയതോടെ സ്മാര്‍ട്ട് ഫോണുകളില്‍ ശുദ്ധസംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ പകര്‍ന്നൊഴുകാന്‍ തുടങ്ങി.

 

മഴവില്‍ തെളിയുന്നു

 

മാനത്ത് മഴവില്ലുതെളിയുമ്പോള്‍ മനസില്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ എത്രയോ മടങ്ങായിരുന്നു എഫ്എം ജനങ്ങള്‍ ഏറ്റെടുത്തപ്പോള്‍. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഉപദേശങ്ങളും ഫോണിലെ ഇന്‍ബോക്‌സില്‍ വന്നു നിറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. സംഗീതത്തോടുള്ള അഭിനിവേശത്തിന്റെപുറത്ത് തുടങ്ങിയ സംരംഭത്തിലേക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് റേഡിയോ ജോക്കികളുടെ ഒഴുക്കായിരുന്നു-ഒരു ടൈം സ്ലോട്ടിനു വേണ്ടി. മുപ്പത്തി അഞ്ചുപേരാണ് ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍.ജെ ആയി എത്തിയത്. വാര്‍ത്ത ജനങ്ങളില്‍ എത്തിക്കലായിരുന്നു പിന്നീടുള്ള ലക്ഷ്യം. അതും വിജയം. ഇന്നുവരെ മുടങ്ങാതെ രാവിലേയും വൈകീട്ടും പ്രധാനപ്പെട്ട വാര്‍ത്തകള്‍ എല്ലാം മഴവില്‍ എഫ്.എം സംപ്രക്ഷേപണം ചെയ്യുന്നു. കാലിഫോര്‍ണിയയില്‍നിന്നു ഡോ. സിന്ധു പിള്ളയുടെ ന്യൂസ് കേട്ടിട്ടാണ് എല്ലാദിവസവും ന്യൂജേഴ്‌സി ഉണരുന്നത്.

 

മഴവില്ലായി എഫ്.എം

ഒരോ ദിവസം കഴിയുംതോറും കൂട്ടായ്മകള്‍ വളര്‍ന്നു. മഴവില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തി. പൂര്‍ണമഴവില്ലായി സംഗീതത്തിന്റെ മാനത്ത് വിടര്‍ന്നുനിന്നു.ന്യൂയോര്‍ക്കുമുതല്‍ കാലിഫോര്‍ണിയവരെയുള്ള എല്ലാ സ്ഥലങ്ങളിലും റേഡിയോ എത്തി. എഫ്എമ്മിന്റെ ബാനറില്‍ ഹ്രസ്വചിത്രങ്ങള്‍ പുറംലോകം കണ്ടു. എഫ്.എമ്മിന്റെ ഒന്നാം വാര്‍ഷികം സംഗീതസംഗമമായി. പോക്ക് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. പിന്നെ എഫ്.എമ്മിന്റെ സുവര്‍ണകാലമായിരുന്നു. ഒരു സമയം 3500ല്‍ അധികം കേള്‍വിക്കാര്‍ മഴവില്ലിനുണ്ടായി. അഞ്ചു വ്യത്യസ്ത സമയങ്ങളില്‍ ലോകത്ത് സംഗീതം മഴവില്‍ എഫ്.എം വഴി ഒഴുകുകയാണ് ഇപ്പോള്‍. ലൈവ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു. മഴവില്ലിന്റെ ബാനറില്‍ റേഡിയോ കമ്മ്യൂണിറ്റികള്‍ ഉണ്ടായി. ഇന്ത്യയിലും എഫ്.എം വിപുലമായി. മലയാളം, ഹിന്ദി, തമിഴ് പാട്ടുകളും പ്രോഗ്രാമുകളും ഇപ്പോള്‍ മഴവില്‍ എഫ്.എമ്മില്‍ കേള്‍ക്കാം. .......

 

ഒരിക്കല്‍ ഒരു പാഷന്റെ പുറത്തു മൂന്നു പേര്‍ ചേര്‍ന്നു തുടങ്ങിയ റേഡിയോ തരംഗം ഇന്ന് അറുപതുപേരുടെ ഇടപെടലാണ്. ഇന്ന് മഴവില്ലിന്റെ ബാനറില്‍ അഞ്ചു ഹ്രസ്വചിത്രങ്ങള്‍ ഇറക്കി.  ഏപ്രില്‍ 29നു മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന മഴവില്‍ ഇന്നു ലോകം മുഴുവനുമുള്ള സംഗീത പ്രേമികളുടെ ഹരമാണ്. കേട്ട പാട്ടുകള്‍ മധുരമുള്ളത്, ഇനി കേള്‍ക്കാന്‍ പോകുന്നത് അതിമധുരമുള്ളത്....ജോണ്‍ കീറ്റ്‌സിന്റെ വരികളില്‍ മഴവില്‍ എഫ്.എമ്മിന്റെ ഉയര്‍ച്ചയുണ്ട്. ഇനി മഴവില്ലിനെപറ്റി കേള്‍ക്കാന്‍ പോകുന്നത് മധുരംകൂടിയ വര്‍ത്തമാനങ്ങളായിരുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More