You are Here : Home / അഭിമുഖം

ഗായകന്‍ വെറുമൊരു ഉപകരണം മാത്രം : എം. ജയചന്ദ്രന്‍

Text Size  

Story Dated: Wednesday, September 11, 2013 01:11 hrs EDT

ഇതുവരെ ഗാനത്തിന്റെ റോയല്‍റ്റിക്ക്‌ ഗാനരചയിതാവിനും സംഗീത സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായിരുന്നു അവകാശം. കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന പകര്‍പ്പവകാശ ഭേദഗതി നിയമമനുസരിച്ച്‌ ഗായകര്‍ക്കും പശ്‌ചാത്തലസംഗീതം നല്‍കിയവര്‍ക്കും കൂടി റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. സംഗീതസംവിധായകന്‌ മുപ്പതു ശതമാനവും രചയിതാവിന്‌ ഇരുപതു ശതമാനവും നിര്‍മ്മാതാവിന്‌ അമ്പതു ശതമാനവുമാണ്‌ ഇപ്പോള്‍ റോയല്‍റ്റിയായി ലഭിക്കുന്നത്‌. 1977ല്‍ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്നപ്പോഴാണ്‌ ഇതു സംബന്‌ധിച്ച സുപ്രധാന വിധിയുണ്ടായത്‌. വിധിന്യായത്തില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: ''എഴുതിവച്ച വരികള്‍ക്കപ്പുറം സ്വരമാധുരിയിലൂടെയാണ്‌ സംഗീതം ആസ്വാദകരിലെത്തുകയും അവരെ നാദബ്രഹ്‌മത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നത്‌. ഗാനരചയിതാവിനു മാത്രമായി പകര്‍പ്പവകാശം പരിമിതപ്പെടുത്തുന്നത്‌ ശരിയല്ല. ഗാനമുണ്ടാക്കിയ വ്യക്തിക്കൊപ്പം ഗായകര്‍ക്കും അവകാശമുണ്ടാകണം.' 35 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ വിധി പാര്‍ലമെന്റ്‌ നിയമമാക്കിയിരിക്കുകയാണ്‌. എന്നാല്‍ സംഗീത സംവിധായകര്‍ ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. കല, കലയ്‌ക്കുവേണ്ടി മാത്രമല്ലാത്തതുകൊണ്ടാവണം ഈ വിവാദങ്ങള്‍. കലാകാരന്മാര്‍ക്കും ജീവിക്കാന്‍ പണം കൂടിയേ തീരൂ.പാട്ടുകള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കണം എന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു.

 

അതിന്റെ പശ്‌ചാത്തലത്തില്‍ പ്രശസ്‌ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ തന്റെ അഭിപ്രായങ്ങള്‍ അശ്വമേധത്തോട്‌ പങ്കുവയ്‌ക്കുന്നു.

 

 

 

ഒരു സംവിധായകന്‍ തന്റെ സിനിമയ്‌ക്ക്‌ ഒരു പാട്ട്‌ ആവശ്യപ്പെട്ടാല്‍, ഏതുതരം പാട്ടു വേണം, ആ പാട്ട്‌ ഏതു സാഹചര്യത്തിലാണ്‌ സിനിമയില്‍ ഉപയോഗിക്കുന്നത്‌, എന്താണ്‌ ആ പാട്ടിലൂടെ സംഗീതസംവിധായകന്‍ പറയാന്‍ ആഗ്രഹിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി മൂന്നുനാലു ദിവസമിരുന്ന്‌ കമ്പോസ്‌ ചെയ്‌ത്‌ രണ്ടോ മൂന്നോ ട്യൂണുകള്‍ സംഗീതസംവിധായകന്‍ ഉണ്ടാക്കും. അതില്‍ നിന്നും സംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകനും സംവിധായകനും ഗാനരചയിതാവിനോട്‌ സംസാരിച്ച്‌ വരികള്‍ എഴുതിക്കും. മിക്കവാറും രണ്ടു ദിവസം മിനിമം അതിനാവശ്യമാണ്‌. തുടര്‍ന്ന്‌ പാട്ട്‌ പലതവണ പാടി നോക്കി ആവശ്യമായ തിരുത്തലുകളെല്ലാം വരുത്തി, ഫൈനല്‍ രൂപത്തിലാക്കി റെക്കോഡിംഗിനു തയ്യാറാക്കും. തുടര്‍ന്ന്‌ അഞ്ചാറു ദിവസം കീബോര്‍ഡ്‌ ഉപയോഗിച്ച്‌ അത്‌ ചിട്ടപ്പെടുത്തും. പിന്നെ മറ്റു സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച്‌ നാലഞ്ചുദിവസം കൊണ്ട്‌ ഏറ്റവും യോജിച്ച രീതിയും ശബ്‌ദവുമൊക്കെ റെക്കോഡ്‌ ചെയ്യും. അത്രയും കഴിയുമ്പോഴാണ്‌ ഒരു പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ തയ്യാറാവുന്നത്‌. ഈ ഘട്ടത്തിലാണ്‌ ഗായകന്‍ രംഗപ്രവേശം ചെയ്യുന്നത്‌. ഒരു മാസമെടുത്താണ്‌ നല്ലൊരു പാട്ട്‌ ചിട്ടപ്പെടുത്തുന്നത്‌. അതു പാടാന്‍ മികച്ച ഒരു ഗായകന്‌ പരമാവധി മൂന്നു മണിക്കൂര്‍ മതിയാവും. ചിത്രചേച്ചി ഒരുദിവസം പതിമൂന്നു പാട്ട്‌ പാടിയെന്നൊക്കെ നാം കേള്‍ക്കാറില്ലേ?

 

സംഗീതസംവിധായകനും ഗാനരചയിതാവും കൂടി ചിട്ടപ്പെടുത്തിയ പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ പല ടൂളുകളും ഉപയോഗിക്കും. ആദ്യത്തെ ടൂള്‍ ഓര്‍ക്കസ്‌ട്രയാണ്‌. രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ ടൂള്‍ ആളാണ്‌ ഗായകര്‍. സംഗീതസംവിധായകര്‍ പറയുന്നതിനനുസരിച്ച്‌ അവര്‍ ചിട്ടപ്പെടുത്തിയ പാട്ട്‌ പാടുന്നവര്‍ മാത്രമാണ്‌ ഗായകര്‍. ഒരു പാട്ടിന്റെ സൃഷ്‌ടിയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവര്‍ ഗായകരല്ല. സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്‌. ഗായകന്‌ എന്തെങ്കിലും റോയല്‍റ്റിക്ക്‌ പാട്ടുപാടിയതുകൊണ്ട്‌ അര്‍ഹതയുണ്ടെങ്കില്‍ അത്‌ സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ലഭിക്കുന്നതിന്റെ പത്തു ശതമാനം മാത്രം റോയല്‍റ്റി ലഭിക്കാനുള്ള അര്‍ഹത മാത്രമാണ്‌. ബാക്കി 90 ശതമാനം റോയല്‍റ്റിയും മറ്റു രണ്ടുപേര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇനി അഥവാ ഗായകര്‍ക്ക്‌ റോയല്‍റ്റിക്ക്‌ അവകാശമുണ്ടെങ്കില്‍, ഓര്‍ക്കസ്‌ട്രക്കാര്‍ക്കും റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. എന്റെ 'കോലക്കുഴല്‍ വിളി കേട്ടോ...' എന്ന ഗാനം ആരംഭിക്കുന്നത്‌ ഒരു ഓടക്കുഴല്‍ വായനയോടെയാണ്‌. ഇന്ത്യയിലെ തന്നെ പ്രശസ്‌തനായ നവീന്‍ ആണ്‌ അത്‌ വായിച്ചിരിക്കുന്നത്‌. ആ ഗാനത്തിന്റെ ഗുണമേന്മയുടെ ഒരു പങ്ക്‌ ഗായകനെന്നപോലെ നവീനിനും അവകാശപ്പെട്ടതല്ലേ? എന്നാല്‍ വിജയിനും ശ്വേതയ്‌ക്കും ഈ പാട്ടുകൊണ്ട്‌ കിട്ടിയ പ്രശസ്‌തി പോലും നവീനിന്‌ ലഭിച്ചിട്ടില്ല.എത്രയോ ഗാനമേളകളില്‍ വിജയും ശ്വേതയും ഈ ഗാനം ആലപിച്ചിട്ടുണ്ടാവും? എത്രമാത്രം പണം അവര്‍ ഗാനമേളയിലൂടെ മാത്രം സമ്പാദിച്ചിട്ടുണ്ട്‌!

 

മൂന്ന്‌-മൂന്നര ലക്ഷം രൂപയാണ്‌ ഒരു ഗാനമേളയ്‌ക്ക്‌ വിജയ്‌, ശ്വേത, റിമി ടോമി, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ഈടാക്കുന്നത്‌. ശ്രേയാ ഘോഷാല്‍ ഒരു പാട്ടിന്‌ ഒരു ലക്ഷം രൂപയാണ്‌ പ്രതിഫലം വാങ്ങുന്നത്‌. ചിത്രചേച്ചി 20,000 രൂപയും വിജയും ശ്വേതയുമൊക്കെ 10,000 രൂപയും.റോയല്‍റ്റി ഒരേ തുകയോ? അങ്ങനെയാണെങ്കില്‍ റെക്കോഡിംഗിനും ഗാനമേളയ്‌ക്കും ഇവര്‍ ഈടാക്കുന്ന തുകയും തുല്യമാവേണ്ടേ? ഒരു പുതിയ ഗായകന്‍ മിക്കവാറും 20-25 മണിക്കൂര്‍ എടുത്താണ്‌ ഒരു പാട്ടു പാടുന്നത്‌. മുതിര്‍ന്ന ഗായകര്‍ക്ക്‌ മൂന്നുമണിക്കൂറില്‍ താഴെയാണ്‌ ഒരു പാട്ടിന്‌ വേണ്ടിവരുന്ന സമയം. ചെന്നൈയിലെ റെക്കോഡിംഗ്‌ സ്‌റ്റുഡിയോകള്‍ക്ക്‌ ഒരു മണിക്കൂറിന്‌ 1000 രൂപയാണ്‌ വാടക. സിനിമയുടെ നിര്‍മ്മാതാവ്‌ പരമാവധി 3000-4000 രൂപയാണ്‌ ഒരു പാട്ടിന്റെ റെക്കോഡിംഗിനായി അനുവദിക്കുക. പാട്ടു നന്നാവണമെങ്കില്‍ സംഗീതസംവിധായകന്‍ തന്നെ കയ്യില്‍ നിന്നും പണമെടുത്ത്‌ സ്‌റ്റുഡിയോയുടെ വാടക കൊടുക്കേണ്ടിവരും. പുതിയ തലമുറയിലെ പാട്ടുകാര്‍ക്ക്‌ ശ്രുതിചേര്‍ത്ത്‌ പാട്ടുപാടാനേ അറിയില്ല. എന്നിട്ട്‌ പാടിക്കഴിയുമ്പോള്‍ നമ്മളോട്‌ ചോദിക്കും, കറക്‌റ്റ്‌ ചെയ്‌തോളുമല്ലോ എന്ന്‌. ഒരു പുതിയ പാട്ടുകാരന്റെ പാട്ട്‌ പുറത്തേക്കിറക്കിവിടാന്‍ സംഗീതസംവിധായകന്‍ പെടുന്ന പാട്‌ ചില്ലറയല്ല. എന്നിട്ടാണ്‌ അവര്‍ക്കും ദാസേട്ടനും ഒരേ റോയല്‍റ്റി എന്ന അബദ്ധവാദവുമായി രംഗത്തു വരുന്നത്‌.

 

 

.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. സംഗീതസംവിധായകന്‍ എങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നോ, ഗാനരചയിതാവ്‌ എന്ത്‌ എഴുതിയിരിക്കുന്നുവോ അതു മാത്രമേ ഒരു ഗായകന്‌ പാടാന്‍ കഴിയൂ. സ്വന്തമായൊരു പാട്ടുണ്ടാക്കാന്‍ ഒരു ഗായകനും കഴിയില്ല. പാട്ടിന്റെ മുഴുവന്‍ റോയല്‍റ്റിയും ഗായകന്‍ അവകാശപ്പെടാന്‍ തുടങ്ങിയാല്‍, അവര്‍ തന്നെ പാട്ടെഴുതി ട്യൂണ്‍ ചെയ്‌ത്‌ സ്വന്തമായി പാടട്ടെ. എനിക്ക്‌ എന്റെ പാട്ടുകള്‍ സ്വന്തമായി പാടാനുള്ള കഴിവ്‌ഈശ്വരന്‍ തന്നിട്ടുണ്ട്‌. ഗായകര്‍ അതുപോലെ സ്വന്തമായി കുറച്ചു പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിനോക്കട്ടെ. എന്നിട്ട്‌ റോയല്‍റ്റി മുഴുവനായും എടുത്തോട്ടെ.ദാസേട്ടന്‍ 20,000 പാട്ടുകള്‍ പാടിയതു പോലെയോ ലതാ മങ്കേഷ്‌കര്‍ 40,000 പാട്ടുകള്‍ പാടിയതുപോലെയോ പുതിയ തലമുറയിലെ ഒരാള്‍ക്കും അവസരം ലഭിക്കാന്‍ പോകുന്നില്ല. പുതിയ ഗായകര്‍ക്ക്‌ 50 പാട്ടിലധികം പാടാന്‍ അവസരമേ ലഭിക്കില്ല. പുതിയ ഗായകര്‍ വന്നുകൊണ്ടിരിക്കുകയാണ്‌.

 

 

 

അതുകൊണ്ട്‌ പുതിയ ഗായകരെ സംബന്‌ധിച്ച്‌ പാട്ടുകളുടെ റോയല്‍റ്റി തുക ചെറിയ സംഖ്യയാണ്‌.ആള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും മാത്രമാണ്‌ ഇപ്പോള്‍ പാട്ടുകള്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നത്‌. സംഗീതസംവിധായകര്‍ക്കും ഗാനരചയിതാവിനും പ്രൊഡ്യൂസര്‍ക്കുമാണ്‌ അതു ലഭിക്കുന്നത്‌. നിലവില്‍ ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കുന്നില്ല. ഒരു പാട്ട്‌ രൂപപ്പെടുത്തുന്നതിനു പിറകില്‍ ആരും കാണാത്ത, ദിവസങ്ങളോളമുള്ള കഠിനാദ്ധ്വാനമുണ്ട്‌. ആ കഠിനാദ്ധ്വാനം ഒരിക്കലും ഗായകരുടേതല്ല. യാഥാര്‍ത്‌ഥ്യം എന്തോ ആവട്ടെ, ഞങ്ങള്‍ക്ക്‌ എങ്ങനെയും പണം ലഭിച്ചാല്‍ മതി എന്ന ഗായകരുടെ ചിന്ത തികച്ചും ജനാധിപത്യവിരുദ്ധമായ ഒന്നാണ്‌. മനസ്സില്‍ ബൂര്‍ഷ്വാനയങ്ങള്‍ സൂക്ഷിക്കുന്നവരാണ്‌ ജനാധിപത്യത്തിന്റെ മറയിട്ട്‌ ഇത്തരം കാര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്നത്‌.എന്നെ സംബന്‌ധിച്ചിടത്തോളം ഓരോ പാട്ടും തയ്യാറാക്കുന്നതിലുള്ള അദ്ധ്വാനം വളരെ വലുതാണ്‌. പലപ്പോഴും അദ്ധ്വാനത്തിനനുസരിച്ചുള്ള ഒരു തുക പ്രതിഫലമായി ലഭിക്കാറുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.