You are Here : Home / അഭിമുഖം

തിരുവോണദിവസത്തെ ഞെട്ടിച്ച വാര്‍ത്ത (ഗിന്നസ് പക്രുവിന്‍റെ ഓണാനുഭവം)

Text Size  

Story Dated: Friday, August 28, 2015 02:55 hrs UTC

ഗിന്നസ് പക്രു

 


പണ്ടൊക്കെ മിമിക്രി പ്രോഗ്രാം കഴിഞ്ഞ് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സ്ഥിരം യാത്ര. പോകുമ്പോഴും വരുമ്പോഴും ആരെങ്കിലും എടുത്ത് ബസ്സില്‍ കയറ്റും. ബസില്‍ കയറിയാലുടന്‍ ഉറങ്ങുന്നതാണ് ശീലം. എറണാകുളത്തുനിന്ന് വരുമ്പോള്‍ ഏറ്റുമാനൂരിലെ ബംപിലെത്തിയാല്‍ ഞാന്‍ സീറ്റില്‍നിന്നു തെറിച്ചുവീഴും. അപ്പോഴാണ് ഞെട്ടിയുണരുക. കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങുമ്പോഴേക്കും ഓട്ടോക്കാരുടെ നിര അടുത്തുവരും. എനിക്കു കയറാന്‍ പറ്റുന്ന വണ്ടിയില്‍ കയറും. ബസ്സില്‍ കയറാനേ എനിക്കു പ്രശ്‌നമുള്ളൂ. ഇറങ്ങാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ സഹായിക്കും.
ഒരു ഉത്രാടദിവസം അങ്കമാലിയിലായിരുന്നു പ്രോഗ്രാം. ആളുകള്‍ ഒരുപാടുണ്ടായതിനാല്‍ കൃത്യസമയത്തുതന്നെ പ്രോഗ്രാം തുടങ്ങി. അതുകൊണ്ടുതന്നെ രാത്രി ഒന്‍പതരയായപ്പോഴേക്കും അവസാനിച്ചു. പിറ്റേ ദിവസം തിരുവോണമാണ്. അതിനാല്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തണം. ട്രൂപ്പിലെ മറ്റംഗങ്ങളെ കാത്തുനില്‍ക്കാതെ ഞാന്‍ സംഘാടകരില്‍ ഒരാളുടെ കാറില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തി. ഭാഗ്യം. അപ്പോള്‍ത്തന്നെ കോട്ടയത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് വണ്ടി വന്നുനിന്നു. കയറിപ്പറ്റാന്‍ പ്രയാസപ്പെടുന്ന എന്നെ അടുത്തുണ്ടായിരുന്ന താടിക്കാരന്‍ പൊക്കിയെടുത്ത് ബസില്‍ വച്ചു.
''സൂക്ഷിച്ചൊക്കെ പോകണം. മറിഞ്ഞുവീഴരുത്.''
വളരെ ഗൗരവത്തിലാണ് അയാള്‍ പറഞ്ഞത്. ബസില്‍ കയറിയിരുന്നശേഷം അയാളോട് താങ്ക്‌സ് പറഞ്ഞു. അയാളത് ഗൗരവത്തോടെ തന്നെ സ്വീകരിച്ചു.
''എന്തൊരു മുരടനാണയാള്‍. താങ്ക്‌സ് പറഞ്ഞാലെങ്കിലും ഒന്നു ചിരിച്ചുകൂടെ?''
ഞാന്‍ അടുത്തിരുന്ന ആളോട് ചോദിച്ചു. ഞാന്‍ പറഞ്ഞതിനോട് അയാളും യോജിച്ചു. പുലര്‍ച്ചെയ്ക്കു മുമ്പുതന്നെ വീട്ടിലെത്തി. പിറ്റേ ദിവസം പൂക്കളമൊക്കെ ഒരുക്കിക്കഴിഞ്ഞ് പത്രമെടുത്തപ്പോള്‍ അഞ്ചാംപേജില്‍ ഒരാളുടെ പടം. അയാളെ എനിക്ക് നല്ല പരിചയമുണ്ട്. പക്ഷെ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
മുകളില്‍ വലിയ അക്ഷരത്തില്‍ ഹെഡ്ഡിംഗ്.
'കൊലപാതകക്കേസിലെ പ്രതി അങ്കമാലിയില്‍ പിടിയില്‍'.
ഒടുവില്‍ താടിക്കാരനെ ഞാന്‍ തിരിച്ചറിഞ്ഞു. തലേ ദിവസം രാത്രി എന്നെ ബസ്സിലേക്ക് കയറ്റിയ, ചിരിക്കാത്ത മനുഷ്യന്‍. ഈശ്വരാ..ഇയാള്‍ ഇത്തരക്കാരനായിരുന്നോ? തിരുവോണദിവസം മുഴുവന്‍ എന്നെ അദ്ഭുതപ്പെടുത്തിയത് ആ മനുഷ്യനായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.