You are Here : Home / അഭിമുഖം

എന്നെ എം.എല്‍.എ ആക്കിയത് കുഞ്ഞാലിക്കുട്ടിയും ഷാജിയും:

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, October 14, 2014 05:23 hrs EDT

ഡോ. കെ.ടി ജലീല്‍ എംഎല്‍എ

 

 

 കുറ്റിപ്പുറത്ത് ഞാന്‍ മത്സരിക്കാനിടയായ സംഭവം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരധ്യായമാണ്. ഞാന്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡോ. എം.കെ മുനീര്‍ പ്രസിഡണ്ടുമായിരിക്കെ പാര്‍ട്ടിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയാണ്. അന്നത്തെ പുതിയ കമ്മിറ്റിയില്‍ കൗണ്‍സിലറായി ഞാന്‍ വന്നു. മുനീര്‍ വന്നിട്ടില്ല. കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷം അനുസരിച്ച് തൊണ്ണൂറു ശതമാനത്തോളം കൗണ്‍സിലര്‍മാര്‍ ഞാന്‍ പ്രസിഡണ്ടാകണം എന്ന അഭിപ്രായമുള്ളവരാണ്. പക്ഷേ എനിക്ക് മൃഗീയഭൂരിപക്ഷം ഉണ്ട് എന്ന് ബോധ്യമായിട്ടും ലീഗ് നേതൃത്വം തിരഞ്ഞെടുപ്പ് വേണ്ട, ജലീല്‍ പിന്‍മാറണം എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ എന്നെ പ്രസിഡണ്ട് സ്ഥാനത്തു നിന്നു മാറ്റാന്‍ വേണ്ടി മാത്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യൂത്ത്‌ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടാക്കി. അന്നു വരെ യൂത്ത്‌ലീഗിന്റെ ഒരു സംസ്ഥാന പ്രസിഡണ്ട് പാണക്കാട് കുടുംബത്തില്‍ നിന്നു വന്നിട്ടില്ല. എന്നെ മാറ്റിനിര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നു അത്.

അതിന്റെ പിന്നില്‍ യൂത്ത് ലീഗിലെ തന്നെ ചിലരാണ്. ഞാന്‍ പ്രസിഡണ്ടായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് വേണ്ടതുപോലുള്ള സ്ഥാനമാനങ്ങള്‍ കിട്ടുമായിരുന്നില്ല എന്ന ഭയപ്പാടിലായിരുന്നു അവര്‍ അങ്ങനെയൊരു കളി കളിച്ചത്. കൗണ്‍സിലിന്റെ ഇംഗിതം മാനിക്കാതെ സാദിഖലി ശിഹാബ് തങ്ങളെ യൂത്ത്‌ലീഗിന്റെ പ്രസിഡണ്ടാക്കി. പാണക്കാട് നിന്ന് അതിനെക്കാള്‍ യോഗ്യതയുള്ള, മരിച്ച പാണക്കാട് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, മലേഷ്യയില്‍ നിന്നും ബിരുദമൊക്കെയെടുത്ത നല്ല വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍. അയാളെ സംസ്ഥാന പ്രസിഡണ്ടാക്കും എന്നൊരു ശ്രുതിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെയാക്കിയില്ല. അതില്‍ നിന്ന് വ്യക്തമാകുന്നത് എന്നെ മാറ്റാന്‍ വേണ്ടിയുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമായിരുന്നു സാദിഖലിയുടെ പ്രസിഡണ്ട് സ്ഥാനം എന്നാണ്.
എങ്കിലും ഞാന്‍ സംഘടനയില്‍ തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നെ യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനറാക്കി. പക്ഷേ ആ അഖിലേന്ത്യാകണ്‍വീനര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു സാഹചര്യവും അവര്‍ ഒരുക്കിത്തന്നില്ല എന്നു മാത്രമല്ല, മുസ്ലിം ലീഗിന്റെ അന്നത്തെ അഖിലേന്ത്യാപ്രസിഡണ്ട് ബനാത്‌വാലയെക്കൊണ്ട് യൂത്ത് ലീഗിന്റെ അഖിലേന്ത്യാകണ്‍വീനറെ നിയമിക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമില്ല എന്ന പ്രസ്താവന നടത്തിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ ലീഗിന്റെ ചില നേതാക്കളായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ആ ഒരു ഘട്ടത്തിലാണ് എക്‌സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, തുടങ്ങിയ പൊതുവിഷയങ്ങള്‍ വരുന്നത്. ആ പൊതുവിഷയങ്ങളില്‍ ജനഹിതം മാനിക്കണം എന്ന നിലപാട് ഞാന്‍ കൈക്കൊണ്ടു. എക്‌സ്പ്രസ് ഹൈവേ നൂറു മീറ്റര്‍ പാടില്ല, കരിമണല്‍ ഖനനം ഒരു കാരണവശാലും സ്വകാര്യമേഖലയില്‍ നടത്താന്‍ പാടില്ല എന്നീ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തി. ഇതില്‍ ഒന്ന് പൊതുമരാമത്ത് വകുപ്പിന് കീഴിലും മറ്റൊന്ന് വ്യവസായവകുപ്പിന് കീഴിലും വരുന്ന വിഷയങ്ങള്‍ ആയിരുന്നു. അന്ന് പൊതുമരാമത്തും വ്യവസായവും ലീഗ് തന്നെയായിരുന്നു. അന്ന് ആ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്നെ പുറത്താക്കി.

അങ്ങനെ ഞാന്‍ പുറത്തായി. അപ്പോള്‍ എനിക്ക് ചെയ്യാനാവുന്നത് ഒന്നുകില്‍ തോറ്റുപിന്‍മാറി പരാജിതനായി വീട്ടിലിരിക്കാം. അതല്ലെങ്കില്‍ പോരാടാന്‍ തയ്യാറാവണം. ഞാന്‍ ഒരുപാട് ആലോചിച്ച ശേഷം കീഴടങ്ങേണ്ട, പോരാടാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് വളാഞ്ചേരിയില്‍ ഒരു വലിയ പൊതുസമ്മേളനം തൊട്ടടുത്ത ദിവസം ഞാന്‍ വിളിച്ചു കൂട്ടുന്നത്. എന്നോട് അനുഭാവമുള്ളവരൊക്കെക്കൂടി ഒരു വിശദീകരണ പൊതുയോഗം വെക്കണം എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അവിടെ വെച്ച് പ്രസംഗമധ്യേ ഞാനറിയാതെ എന്റെ വായില്‍ നിന്നും ഒരു വാചകം വീണുപോയി. കുഞ്ഞാലിക്കുട്ടി കച്ച മുറുക്കിക്കോളൂ, കുറ്റിപ്പുറത്ത് അങ്കത്തിന് ഞാനൊനൊരുക്കമാണ്. എന്ന്. അന്നത്തെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, വ്യവസായമന്ത്രി ഒക്കെയായിരുന്നു കുഞ്ഞാലിക്കുട്ടി. മണി പവര്‍, മസില്‍ പവര്‍, അധികാരത്തിന്റെ പവര്‍ തുടങ്ങി എല്ലാ നിലയിലും പ്രസിദ്ധനായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടി. പ്രസംഗം കഴിഞ്ഞ് അതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഭയം തോന്നിയെങ്കിലും തീരുമാനം മാറ്റേണ്ട എന്നു തീരുമാനിച്ചു.
 അങ്ങനെ 30,000 വോട്ടിന് ലീഗ് വിജയിച്ചു വരുന്ന കുറ്റിപ്പുറം മണ്ഡലത്തില്‍ ഞാന്‍ 2006 ല്‍ സ്ഥാനാര്‍ത്ഥിയാവുന്നു. നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ മുതല്‍ കുറ്റിപ്പുറത്ത് ഒരു മാറ്റം പ്രകടമായിരുന്നു. അങ്ങനെ വോട്ടെണ്ണല്‍ ദിവസം വന്നു. രണ്ടാം റൗണ്ടു കഴിഞ്ഞ് മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ ഞാന്‍ 900 ലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. അതോടെ ചിത്രം വ്യക്തമായി. അന്ന് കുറ്റിപ്പുറത്തു നിന്ന് കുഞ്ഞാലിക്കുട്ടിയോട് ഞാന്‍ വിജയിച്ചു. 75 ശതമാനത്തിലധികം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലത്തിലാണിത്. അന്ന് ഞാന്‍ പഠിച്ച ഒരു വലിയ പാഠമെന്നത് എടുക്കേണ്ട തീരുമാനം സമയത്ത് എടുക്കണം. അതിലൊരിക്കലും ശങ്കിച്ചു നില്‍ക്കാന്‍ പാടില്ല. അതിന്റെ ലാഭനഷ്ടത്തെക്കുറിച്ച് കൂട്ടിക്കിഴിക്കാന്‍ നിന്നാല്‍ ഒരിക്കലും നമ്മള്‍ എവിടെയുമെത്തില്ല. മാത്രമല്ല, എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക . ശത്രു എത്ര വലിയവനാണെങ്കിലും  തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.             

കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയുമാണ് അന്ന് എനിക്കെതിരെ കളിച്ചത്. ഷാജി നന്നായി കളിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഞാന്‍ യൂത്ത് ലീഗിന്റെ പ്രസിഡണ്ട് സ്ഥാനത്തു വന്നാല്‍ ഷാജിയായിരിക്കും ജനറല്‍ സെക്രട്ടറി. അങ്ങനെ വരുമ്പോള്‍ ലീഗ് ഒരു സീറ്റ് യൂത്ത് ലീഗിനായി നീക്കി വെച്ചാല്‍ സ്വാഭാവികമായും എനിക്കാണ് ലഭിക്കുക. എനിക്ക് പകരം സാദിഖലിയെ പ്രസിഡണ്ട് സ്ഥാനത്ത് കൊണ്ടു വന്നാല്‍ അദ്ദേഹമൊരിക്കലും മത്സരിക്കാന്‍ തയ്യാറാവില്ല. അങ്ങനെ വരുമ്പോള്‍ സീറ്റ് ജനറല്‍ സെക്രട്ടറിക്കു ലഭിക്കും. അതായിരുന്നു ആ കളിക്കു പിന്നില്‍. ഷാജിയുടെ ആ കണക്കുകൂട്ടല്‍ ശരിയായിരുന്നു. 2006 ല്‍ യൂത്ത്‌ലീഗിനു സീറ്റു കൊടുത്തു. ഷാജിക്കാണതു കിട്ടിയത്. പക്ഷ ഷാജി തോറ്റു. ഓരോ വിധിവൈപരീത്യമാണത്. അന്ന് എന്നെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും, പാര്‍ട്ടിയില്‍ നിന്നു തന്നെയും ഒഴിവാക്കാന്‍ കളിച്ച രണ്ടുപേരും ദയനീയമായി പരാജയപ്പെട്ടു. എന്റെ ജീവിതത്തില്‍ ഞാനൊരിക്കലും മറക്കില്ലാത്ത, മറക്കാന്‍ സാധിക്കില്ലാത്ത ഒരു സംഭവമാണിത്.


 

    Comments

    Abdul Rof. V October 15, 2014 02:41

    ഒരു അധ്യാപകന്‍ ഇത്ര തരം താഴാമൊ.. മാധ്യമങ്ങലില്‍ നിരഞ്ഞു നില്ക്കാന്‍ ആദ്യം ലീഗിലെക്ക് തിരിച്ചു വരാന്‍ ആഗ്രഹം പ്രകദിപ്പിക്കുക. എന്നിട്ട് പത്രക്കാര്ക്കു മുമ്പില്‍ ലീഗിനെ വിമര്ഷിക്കുക. ആകെ മുങിയാല്‍ കുലിരില്ലല്ലൊ. ഇപ്പൊല്‍ പിനരായി- ജയരാജന്‍ തുദങ്ങിയവരൊദൊപ്പമല്ലെ ഊനും ഉരക്കവും . ഇത്രയൊക്കെ സമ്സ്കാരമെ പ്രതീക്ഷിക്കാവൂ.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More