You are Here : Home / അഭിമുഖം

ജി. സുധാകരന്റെ ജീന്‍സ് വിചാരങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, October 08, 2014 05:38 hrs EDT

സ്ത്രീകള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരളമൊട്ടാകെ വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജീന്‍സും ചുരിദാറുമുള്‍പ്പടെയുള്ള മറ്റു വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന നിയമം കൊണ്ടു വന്ന മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്‍ ഈ വിഷയത്തില്‍ 'അശ്വമേധ'ത്തോട് പ്രതികരിക്കുന്നു
             
 
ഏതെങ്കിലുമൊരു പ്രത്യേകതരം വേഷം സാമൂഹ്യവിരുദ്ധമാണെന്നോ അത് ഉപയോഗിക്കാന്‍ പാടില്ലെന്നോ നമ്മള്‍ പറയുന്നത് ശരിയല്ല. അത് പറയാന്‍ ആര്‍ക്കും അധികാരമില്ല. മാന്യമായി വസ്ത്രം ധരിക്കണമെന്ന് എല്ലാവരോടും നമുക്ക് പറയാം. അത് മുഴുവന്‍ ആളുകളോടും പറയാം. പക്ഷേ അത് പറയേണ്ടവരോടൊന്നും പറയുന്നില്ലെന്നതാണ് വാസ്തവം. സ്ത്രീകളുടെ നേരെ ചാടിപ്പുറപ്പെടുന്ന പല മഹാശയന്‍മാരും മര്യാദയില്ലാതെ വസ്ത്രം ധരിക്കുന്ന പുരുഷന്‍മാരെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ തയ്യാറാവുന്നില്ല. ഇതിനര്‍ത്ഥം ഈ മഹാശയന്‍മാരുടേത് ഫ്യൂഡല്‍ സംസ്‌കാരമാണ് എന്നതാണ്. ഇതൊന്നും ഞാനൊരു വ്യക്തിയെക്കുറിച്ചല്ല പറയുന്നത്. ഇത്തരം അഭിപ്രായങ്ങളുള്ള എല്ലാവരെയും കുറിച്ചാണ്. 
    ഞാന്‍ മന്ത്രിയായിരുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട മൂന്നു സംഭവങ്ങള്‍ നടന്നിരുന്നു.  അതിലൊന്ന് നിലവിലുണ്ടായിരുന്ന തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം നിയമം ഞാന്‍ മാറ്റിയെഴുതുകയും മൂന്നംഗ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദ്യമായി ഒരു സ്ത്രീയെ ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ്. മറ്റൊരു സീറ്റില്‍ ഒരു പട്ടികജാതി -പട്ടികവര്‍ഗക്കാരനെയും വെച്ചു.
                     ശബരിമലയില്‍ 15 വയസിനും 50 വയസിനുമിടയിലുള്ള സ്ത്രീകള്‍ക്ക് കയറാമോ എന്നുള്ളതായിരുന്നു മറ്റൊന്ന്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവരെ കയറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി വന്നു. യുവതികളായ കുറെ അഭിഭാഷകരാണ് അത് ഫയല്‍ ചെയ്തത്. ആ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച് സുപ്രീം കോടതി നോട്ടീസ് വന്നു. മന്ത്രിയായ ഞാനറിയാതെ ദേവസ്വം വകുപ്പിലെ ചില ഉദ്യോഗസ്ഥന്‍മാരും നിയമവകുപ്പും കൂടി ചേര്‍ന്ന് ഒരു സത്യവാങ്മൂലം കൊടുത്തു.  ഞാനറിഞ്ഞ ഉടന്‍ അത് തിരിച്ചു വിളിച്ചു. പിന്നീട് ഞാന്‍ തന്നെ തയ്യാറാക്കിയ ഒരു സത്യവാങ്മൂലം അയച്ചു കൊടുത്തു. അതില്‍ പറയുന്നത് പുരുഷന്‍മാര്‍ക്ക് എവിടെയൊക്കെ പ്രവേശിക്കാമോ അവിടെയൊക്കെ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്നാണ്. എന്നാല്‍ അതിലൊരു തീരുമാനവുമായില്ല. ഇപ്പോഴത്തെ നിയമം സ്ത്രീകള്‍ക്ക് കയറാന്‍ പാടില്ല എന്നാണ്. അത് പതിയെപ്പതിയെ എടുത്തു മാറ്റണം എന്നാണ് എന്റെ അഭിപ്രായം. 
       മൂന്നാമത്തേത് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്.  ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് സാരി കൂടാതെ മറ്റേതു വേഷവും ധരിച്ച് കയറാമെന്ന് ഞാന്‍ ഉത്തരവിടുകയുണ്ടായി. അന്ന് തിരുവിതാംകൂര്‍ ദേവസ്വം കമ്മിറ്റി ചെയര്‍മാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആയിരുന്നു. ഞാനാ ഉത്തരവ് അദ്ദേഹത്തിനു നല്‍കി. അദ്ദേഹമത് ഉത്തരവിട്ടു. അന്ന് ആ പ്രവൃത്തിയെ അനുമോദിച്ചു കൊണ്ട് സ്ത്രീകളില്‍ നിന്ന് ഒരുപാട് കത്തുകള്‍ വന്നിരുന്നു  എനിക്ക്.
             ഇതെല്ലാം കൊണ്ടു തന്നെ പറയട്ടെ വേഷം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് വേഷം ഇടുന്നവരാണ്. എന്നാല്‍ മാന്യമായ വേഷമായിരിക്കണം. സാംസ്‌കാരിക നിലവാരത്തിന് ഉതകുന്ന വേഷമായിരിക്കണം. ജീന്‍സ് മാന്യതയുള്ള വേഷം തന്നെയാണ്. കേരളത്തിലെ സ്ത്രീകള്‍ ഇറുകിയ വേഷമിടുന്നു എന്നാക്ഷേപിക്കുന്നവര്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോയി ഇറുകിയ വേഷമിടുന്നവരുമായി ചേര്‍ന്ന് പരിപാടി നടത്തുന്നവരാണ്. അവിടെ ചെല്ലുമ്പോള്‍ അവര്‍ക്ക് ഒരു നാണവുമില്ല അവരുടെ കൂടെ ഇരിക്കാന്‍. ഇതൊരു കാപട്യമാണ്. വേഷം പ്രബുദ്ധമായിരിക്കണം, മാന്യമായിരിക്കണം എന്നതില്‍ എതിരഭിപ്രായമില്ല. പക്ഷേ ഇന്ന തരത്തിലുള്ള വേഷം വേണമെന്ന് പറയുന്നത് എന്തിനാണ്. ആണും പെണ്ണും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞ് കുറെ സദാചാരഗുണ്ടകള്‍ ഇറങ്ങിയിട്ടില്ലേ. അവരെ ശക്തിപ്പെടുത്തുന്നതാണ് ഈ വാദം. 
         ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉന്നയിച്ചിരുന്നു. മുസ്ലിം പുരോഹിതന്‍മാരുടെയും ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെയും കന്യാസ്ത്രീകളുടെയും വേഷം തല മുതല്‍ പാദം വരെ മറക്കുന്നതാണ്. ഭൗതികജീവിതത്തില്‍ നിന്നും വ്യത്യസ്തരായ ആത്മീയനേതാക്കള്‍ക്കു യോജിച്ച വേഷമാണ് അവര്‍ ധരിക്കുന്നത്. എന്നാല്‍ ക്ഷേതങ്ങളില്‍ ആത്മീയകാര്യം കൈകാര്യം ചെയയുന്ന പൂജാരിമാര്‍ അരക്കു മുകളില്‍ വസ്ത്രമിടുന്നില്ല. അതിനെയെന്താണ് ഇക്കൂട്ടര്‍ വിമര്‍ശിക്കാത്തത്. മതപരമായ ചടങ്ങുകളോടെ നടത്തുന്ന ഹിന്ദുക്കളുടെ വിവാഹത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നിറഞ്ഞ ഓഡിറ്റോറിയത്തില്‍ ഷര്‍ട്ടോ അടിവസ്ത്രമോ ഉപയോഗിക്കാതെ സദസിനു നേരെ പുറം തിരിഞ്ഞു നിന്നാണ് പൂജ. ഇതിനെയൊന്നും വിമര്‍ശിക്കാന്‍ ആരുമില്ല. പെണ്‍കുട്ടികള്‍ ജീന്‍സിടുന്നതാണ് പ്രശ്‌നം. ആയിരക്കണക്കിന് ആളുകളുള്ള വേദിയില്‍ ഒരു ഒറ്റമുണ്ടു മാത്രമുടുത്ത് ഗോഷ്ടി  കാണിക്കുന്നത് ആര്‍ക്കുമൊരു പ്രശ്‌നമല്ല. 
        ജീന്‍സ് ഇടാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. മനുഷ്യന്റെ അഭിരുചികള്‍ പലതാണ്. ജീന്‍സ് ഉപയോഗിക്കരുതെന്നു പറയുന്നവര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുള്ളതുപോലെ തന്നെ അതു ശരിയല്ലെന്നു പറയാനുള്ള അവകാശവും മറ്റുള്ളവര്‍ക്കുണ്ട്. അതാണിപ്പോള്‍ നടക്കുന്നത്. ആശയങ്ങള്‍ തമ്മില്‍ ഏറ്റവുമുട്ടട്ടെ. എല്ലാ രംഗത്തും മാറ്റം വേണം. സ്വാതന്ത്യം വളര പ്രദാനമാണ്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.