You are Here : Home / അഭിമുഖം

എന്റെ സ്ഥാനാര്‍ത്ഥിത്വം ആരുടെ തീരുമാനമെന്നറിയില്ല: ഡോ. ബെന്നറ്റ് എബ്രഹാം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, August 20, 2014 02:33 hrs EDT

പേമെന്റ് സീറ്റ് സംബന്ധിച്ച് സിപിഐയില്‍ വിവാദം പുകയുമ്പോള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബന്നറ്റ്‌ എബ്രഹാം അശ്വമേധത്തോടു മനസ് തുറക്കുന്നു.
 
 
 
 
താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദം സിപിഐയില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് ?
 
ഇങ്ങനെയൊരാരോപണം പാര്‍ട്ടിക്കാരു പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ വല്ലവരും എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ? 
 
രണ്ടു കോടിയിലധികം രൂപ കൈപ്പറ്റി എന്നത് സിപിഐ അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയ കാര്യമാണ്. മാത്രമല്ല വെഞ്ഞാറമ്മൂട് ശശി എന്ന വ്യക്തി വല്ലവരുമല്ല. ഇന്നലെ വരെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന വ്യക്തിയാണ് ?
 
അങ്ങനെയല്ല അന്വേഷണക്കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. പത്രക്കാരിതു പറഞ്ഞപ്പോള്‍ ഞാനതിനെപ്പറ്റി അന്വേഷിച്ചു. ഞാന്‍ വിശദമായി തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞത് ഡോക്ടറുടെ കയ്യില്‍നിന്നും ഞങ്ങള്‍ക്ക് 9 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.  അതു മാത്രമേ ഞങ്ങളുടെ റിപ്പോര്‍ട്ടിലുള്ളൂ. ഈ തുക ഇലക്ഷന്‍ പ്രചാരണത്തിനു വേണ്ടി ഇതുപോലെ ആയിരക്കണക്കിനു പേര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തന്ന തുകയാണ്. അത് ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടിയല്ല. സിപിഐയുടെ മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ളതാണ് എന്ന് അവര്‍ പറഞ്ഞു. അതാണ് ശരി. അല്ലാതെ ഇതില്‍ ഒരു കഴമ്പുമില്ല. ഇത് വെറുമൊരാരോപണം മാത്രമാണ്. പിന്നെ വെഞ്ഞാറമ്മൂട് ശശിക്ക് വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹം പറയട്ടെ. 
 
 
വെറുമൊരു ആരോപണം മാത്രമാണെങ്കില്‍ പാര്‍ട്ടി ദേശീയ സമിതി അംഗം കൂടിയായ നേതാവിനെതിരെ വരെ അച്ചടക്ക നടപടിയെടുക്കേണ്ട കാര്യം പാര്‍ട്ടിക്കുണ്ടോ ? 
 
അതിന് മറുപടി പറയേണ്ടത്. ഞാനല്ല. പാര്‍ട്ടിയാണ്. ഞാന്‍ മനസിലാക്കുന്നിടത്തോളം പാര്‍ട്ടിക്ക് തെറ്റു പറ്റി എന്ന് അവര്‍ പറയുന്നതിനു കാരണം ജില്ലാ കൗണ്‍സിലിലും ജില്ലാ എക്‌സിക്യൂട്ടീവിലും സംസ്ഥാന കൗണ്‍സിലിലും ഒന്നും ഐക്യകണ്‌ഠേന വന്ന പേരല്ല എന്റേത് എന്നതാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനമാണ് ഇത് എന്നുള്ളതാണ് അവരുടെ പേരിലുളള ആരോപണം. അതിന് ഞാനാണോ കുറ്റക്കാരന്‍. ആരാണ് തീരുമാനമെടുത്തത് എന്ന് എനിക്കറിയില്ല. ഏതായാലും ഞാനല്ല. ഞാന്‍ തീരുമാനമെടുത്തതു കൊണ്ട് സിപിഐ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ പറ്റില്ലല്ലോ. 
 
 
മുമ്പ് പിഎസ് സി അംഗമായിരുന്ന താങ്കള്‍ സിപിഎം നോമിനിയായാണ് അംഗമായത് എന്നും അതു കൊണ്ടു തന്നെ താങ്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സിപിഎമ്മിനും താല്‍പ്പര്യമുണ്ടായിരുന്നു എന്നും വെഞ്ഞാറമ്മൂട് ശശി പറഞ്ഞിരുന്നു ?
 
 
വെഞ്ഞാറമ്മൂട് ശശിയുടെ ആരോപണത്തിന് ഞാന്‍ മറുപടി പറയുന്നില്ല. 2001 ല്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന കാലത്ത്, നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എല്‍ഡിഎഫ് നോമിനിയായിട്ട് എന്നെ പിഎസ് സി അംഗമാക്കി. അല്ലാതെ എന്റെ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡറില്‍ സിപിഎം എന്നോ സിപിഐ എന്നോ പറയുന്നില്ല. 
 
താങ്കളുടെ പേരിലുണ്ടായിരുന്ന ക്രിമിനല്‍ കേസ് താങ്കള്‍ നാമനിര്‍ദ്ദേശപത്രികയില്‍ മറച്ചു വെച്ചു എന്നും ആരോപണമുണ്ട് ? 
 
 
എന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസും ഒരിടത്തുമില്ല. ഇതെല്ലാം വെറും ആരോപണങ്ങളാണ്. എന്റെ പേരില്‍ ആരെങ്കിലും പരാതി കൊടുത്താല്‍ അത് കേസ് ആകുന്നില്ല. സര്‍ക്കാരിനും കോടതിക്കും പോലീസിനും അതിനൊക്കെ വകുപ്പുകളുണ്ട്. പ്രോപ്പര്‍ട്ടീസ് ബോര്‍ഡുമായി എനിക്ക് ഒരു ബന്ധവുമില്ല. വസ്തു വാങ്ങണമെങ്കില്‍ പ്രോപ്പര്‍ട്ടീസ് ബോര്‍ഡ് മാനേജരും അതിന്റെ ബന്ധപ്പെട്ടവരും വിചാരിക്കണം. ഞാനൊരു ജീവനക്കാരന്‍. ഞാന്‍ വിചാരിച്ചാല്‍ വസ്തു വാങ്ങാന്‍ പറ്റുമോ.. നമ്മളോട് എതിര്‍പ്പും അസൂയയയും ഒക്കെ ഉള്ളവര്‍ എന്തെങ്കിലു ഒരു പരാതി എഴുതിയിടും. ക്രിമിനല്‍ സ്വബാവമുണ്ടെന്നു കരുതി അത് ക്രിമില്‍ കേസാകുമോ. അത് എവിടെയെങ്കിലും തെളിയിക്കണ്ടേ. പത്തു വര്‍ഷം കഴിഞ്ഞില്ലേ. നെയ്യാറ്റിന്‍കര കോടതിയില്‍ ആദ്യം എഴുതിയിട്ടു. മുന്‍സിഫ് എടുത്തു ദൂരെക്കളഞ്ഞു. ജില്ലാക്കോടതിയില്‍ കൊണ്ടുപോയി. അവിടെയും തോറ്റു. സാഡിസ്റ്റ് മനോഭാവമുള്ള ചില വ്യക്തികള്‍ എല്ലായിടത്തും ഉണ്ടാവുമല്ലോ. അവരുടെ സന്തോഷത്തിനു വേണ്ടി അവര്‍ ചെയ്യുന്നതാണ്. അവര്‍ ചെയ്‌തോട്ടെ. എനിക്ക് ഒരു പ്രശ്‌നവുമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.