You are Here : Home / എഴുത്തുപുര

ഒരു മതിലിന്‍റെ പ്രേതത്തിന്റെ ഓര്‍മ്മയ്ക്ക്‌

Text Size  

Story Dated: Saturday, October 19, 2013 05:51 hrs UTC

കോഴിക്കോട്‌: വര്‍ഷം 25 കഴിഞ്ഞിട്ടും ആ മതില്‍ അങ്ങിനെ തന്നെ. വെള്ളാനകളുടെ നാട്‌ എന്ന സിനിമയില്‍ കുതിരവട്ടം പപ്പു ഓടിച്ച റോഡ്‌ റോളറിടിച്ച്‌ തകര്‍ന്ന മതില്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും റോഡ്‌ റോളറിടിച്ചു തകര്‍ന്നപ്പോഴും നന്നാക്കാനാളില്ല. നന്നാക്കണമെന്ന്‌ ഉടമയ്‌ക്ക്‌ ആഗ്രഹവുമില്ല. കാരണം എത്ര ഉറപ്പിച്ചുകെട്ടിയാലും ആയുസ്സ്‌ കുറവാണ്‌ എന്നതുതന്നെ.

വെസ്‌റ്റില്‍ ചുങ്കത്ത്‌ സര്‍ക്കാര്‍ റെസ്‌റ്റ്‌ ഹൗസിനടുത്തുള്ള ദ്വാരക എന്ന വീടിന്റെ മതിലാണ്‌ സിനിമയില്‍ പൊളിഞ്ഞതെങ്കില്‍ ഈ വീട്ടുവളപ്പില്‍ തന്നെയുള്ള രാരീരം എന്ന വീടിന്റെ മതിലാണ്‌ ഒരുമാസം മുന്‍പ്‌ റോഡ്‌ റോളറിടിച്ച്‌ തകര്‍ന്നത്‌. ജയലക്ഷ്‌മി എന്ന സ്‌ത്രീ മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്‌. രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌.. അതോടെ ചുറ്റുമതില്‍ കെട്ടുന്ന പരിപാടി ഇവിടുത്തുകാര്‍ നിറത്തിയിരിക്കയാണ്‌.

വാഹനങ്ങളുടെ ബ്രെയ്‌ക്ക്‌ പോകുന്നതും മതില്‍ തകരുന്നതുമെല്ലാം എത്ര കണ്ടിരിക്കുന്നു എന്നാണ്‌ ഇവര്‍ പറയുന്നത്. 25 വര്‍ഷം മുന്‍പ്‌ പുറത്തിറങ്ങിയ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ രംഗമായിരുന്നു റോഡ്‌ റോളറിടിച്ച്‌ മതില്‍ പൊളിയുന്നത്‌. എന്നാല്‍ അതിന്റെ പ്രേതം ഈ പ്രദേശത്തെയാകെ പിടികൂടിയിരിക്കയാണ്‌. ഓരോവര്‍ഷവും 12-ല്‍ അധികം അപകടങ്ങളാണ്‌ ഇവിടെ മാത്രം നടക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കാന്‍ പോലും ആളെ കിട്ടുന്നില്ലെന്നാണ്‌ ഉടമകളുടെ പരാതി.

സിനിമയില്‍ വീടിന്റെ മുറ്റത്ത്‌ റോളര്‍ നിന്നെങ്കില്‍ സംഭവം ലൈവായപ്പോള്‍ മതിലും വീടിന്റെ ചെറിയ ഭാഗവും ഇടിച്ച്‌ തകര്‍ത്ത ശേഷമാണ്‌ റോളര്‍ നിന്നത്‌. ചിരിയല്ല, കരച്ചിലാണ്‌ വന്നതെന്നുമാത്രം. `എന്തുചെയ്യാനാ കൊടും വളവും കുത്തനെയുള്ള ഇറക്കവും. ഉടനെ തന്നെ താമസം മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ ഞങ്ങള്‍... പറയുന്നത്‌ വീട്ടുടമസ്‌ഥ വിജയലക്ഷ്‌മി.

അന്ന്‌ സിനമിയുടെ ജൂട്ടിംഗ്‌ നടന്ന് വീട്‌ ഇവരുടെ വീടിന്‌ തൊട്ടടുത്താണ്‌. ഇവിടെ ഇപ്പോള്‍ ആള്‍താമസമില്ല, മതിലാണെങ്കില്‍ `ഉള്ളതും ഇല്ലാ'ത്തതും കണക്കാണെന്ന മട്ടിലും.

ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ മുനിസിപ്പല്‍ കമ്മീഷണറായ ശോഭനയുടെ കഥാപാത്രം താമസിക്കുന്ന വീട്‌ പിഡബ്ലുഡി കോണ്‍ട്രാക്‌ടറായ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ റോഡ്‌ റോളറിടിച്ചാണ്‌ തകര്‍ന്നത്‌. സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സീനായിരുന്നു ഇത്‌. പപ്പുവിന്റെ നിത്യഹരിത സംഭാഷണമായ താമരശേരി ചുരവും, ഇപ്പം ശരിയാക്കിത്തരാം തുടങ്ങിയവയും ഈ രംഗത്തിലായിരുന്നു.

കുതിരവട്ടം പപ്പു ഓര്‍മയായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു.. അദ്ദേഹത്തിന്റെ മകന്റെ ആദ്യ ചിത്രം ഷൂട്ടിഗ്‌ തുടങ്ങി.. ഇനിയെങ്കിലും ആ മതില്‍ നന്നാക്കി റോഡിനു കുതിരവട്ടം പപ്പു റോഡ്‌ എന്നു പേരിട്ടുകൂടെയെന്നാണ്‌ നാട്ടുകാരുടെ ചോദ്യം. എന്നാലെങ്കിലും ഇതിലുടെ ചീറിപായുന്നവര്‍ സിനിമയിലെ രംഗം മനസ്സിലോര്‍ത്ത്‌ പതുക്കെ പോവുമല്ലോ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.