You are Here : Home / എഴുത്തുപുര

അച്ഛനായിരുന്നു എന്‍റെ റോള്‍ മോഡല്‍: പത്മജ വേണുഗോപാല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, November 28, 2013 05:56 hrs UTC

കെ. കരുണാകരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ്‌ പത്മജ വേണുഗോപാല്‍ അശ്വമേധത്തോടു സംസാരിച്ചു തുടങ്ങിയത്‌. തിരക്കുകള്‍ക്കിടയിലും വാരിക്കോരി അച്‌ഛന്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ പത്മജയുടെ കണ്ണുകള്‍ ഈറനണിയുന്നു. രാഷ്‌ട്രീയ ജീവിതത്തില്‍ ആരോപണങ്ങള്‍ നേരിടേണ്ടി വന്നപ്പോഴൊന്നും പത്മജ തളര്‍ന്നു പോയിട്ടില്ല. ആത്മവിശ്വാസത്തോടെ അതിനെയൊക്കെ അതിജീവിച്ചു. അച്‌ഛന്റെ ജീവിതമായിരുന്നു പ്രതിസന്ധികളിലൊക്കെ അവര്‍ക്ക്‌ കരുത്ത്‌ പകര്‍ന്നത്.

വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ എങ്ങനെ കഴിയുന്നു?

ആത്മവിശ്വാസം കുട്ടിക്കാലം മുതലേ ഉണ്ട്. അത്‌ അച്‌ഛനില്‍നിന്നു കിട്ടിയ ശീലമാണ്‌. എന്ത്‌പ്രശ്‌നമായാലും ഉറച്ചമനസോടെ നേരിടും. ഞാന്‍ പൊതുവേ ജോളി ടൈപ്പാണ്‌. ടെന്‍ഷനു കാരണം അലസതയാണ്‌. അതിനു ഞാന്‍ ഇടകൊടുക്കില്ല. എപ്പോഴും എന്തെങ്കിലും കാര്യത്തില്‍ ആക്‌ടീവായിരിക്കും. വിമര്‍ശനങ്ങള്‍ ചെറുപ്പം മുതല്‍ കേട്ടു തുടങ്ങിയതാണ്‌. അത്‌ എവിടംവരെ പോകുമെന്നുമറിയാം. അതുകൊണ്ട് വിമര്‍ശനങ്ങളില്‍ പെട്ടെന്നൊന്നും തളര്‍ന്നുപോകില്ല.

 

 

 

 

 

 

 



അച്‌ഛന്‍ ആരോഗ്യകാര്യത്തിലൊക്കെ വളരെയധികം ശ്രദ്ധിച്ചിരുന്നല്ലോ? ആ ശീലങ്ങളൊക്കെ മകള്‍ക്കും ഉണ്ടോ?

അച്‌ഛന്റെ ചിട്ടകള്‍ മുഴുവന്‍ കിട്ടിയിരിക്കുന്നത്‌ മുരളിയേട്ടനാണ്‌. രാത്രി എത്രവൈകിവന്നാലും മുരളിയേട്ടന്‍ ഒരു മണിക്കൂര്‍വ്യായാമം ചെയ്യ്‌തിട്ടേ കിടക്കൂ. കുട്ടിക്കാലം മുതല്‍ അങ്ങനെയാണ്‌. അതുകഴിഞ്ഞേ ഭക്ഷണംപോലും കഴിക്കൂ. ഞാന്‍ എന്റെ അമ്മയുടെപോലെയാണ്‌. ശരീരവും മനസും ആരോഗ്യകരമാക്കാന്‍ അമ്മ കൂട്ടുപിടിക്കുന്നത്‌ യാത്രകളായിരുന്നു.

അപ്പോള്‍ വ്യായാമകാര്യത്തിലൊന്നും ശ്രദ്ധിക്കാറില്ലെന്നാണോ?

എന്റെ ജീവിതം പകുതി എറണാകുളത്തും പകുതി തിരുവനന്തപുരത്തുമാണിപ്പോള്‍. എറണാകുളത്തെ വീടിന്‌ മൂന്ന്‌ നിലകളാണ്‌. എന്തു കാര്യത്തിനും സ്‌റ്റെപ്പ്‌ കയറി ഇറങ്ങാതെ രക്ഷയില്ല. ഒരു ദിവസം എത്ര പ്രാവിശ്യം സ്‌റ്റെപ്പ്‌ കയറിയിറങ്ങുമെന്ന്‌ നിശ്‌ചയമില്ല. എന്റെ ഏറ്റവും നല്ല വ്യായാമം ഇപ്പോള്‍ അതാണ്‌. ഇടയ്‌ക്ക്‌ ആഴ്‌ചയില്‍ മൂന്ന്‌ ദിവസം യോഗ ചെയ്‌തിരുന്നു.

 

 

 

 

 

 


സൗന്ദര്യ സംരക്ഷണമൊക്കെ എങ്ങനെയാണ്‌?

പൊതുവേ നാടന്‍ സൗന്ദര്യ സങ്കല്‌പങ്ങളോടാണ്‌ താല്‌പര്യം. എന്റെ ഡ്രൈ സ്‌കിനാണ്‌. അതുകൊണ്ട് പാലിന്‍ പാടയില്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ പുരട്ടും. 2-3 മിനിറ്റ്‌ കഴിഞ്ഞ്‌ കഴുകി കളയും അപ്പോള്‍ ഒരു ബ്ലീച്ചിന്റെ ഗുണം കിട്ടും. ചര്‍മസംരക്ഷണത്തിന്‌ ഈ കൂട്ട്‌ ഏറെ സഹായകരമാണ്‌. നന്നായി വെയില്‍ കൊള്ളുന്ന ദിവസം നല്ല പുളിച്ച തൈര്‌ തണുപ്പിച്ച്‌ മുഖത്തിടും.

ഭര്‍ത്താവ്‌ ഡോക്‌ടറായതുകൊണ്ട് ആരോഗ്യകാര്യത്തിലൊക്കെ ഏറെ കരുതല്‍ ഉണ്ടായിരിക്കുമല്ലോ?

ഭക്ഷണം സമയമെടുത്ത്‌ കഴിക്കണമെന്നു പറയും അദേഹം. ഞാന്‍ പെട്ടെന്ന്‌ ഭക്ഷണം കഴിക്കുന്നയാളാണ്‌. ഒരു കഷ്‌ണം ദോശ 20 പ്രാവിശ്യം ചവച്ചു കഴിക്കുന്നരീതിയാണ്‌ അദേഹത്തിന്റേത്‌. ധൃതിയില്‍ കഴിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കും. അച്‌ഛന്റെ പെങ്ങമാരെല്ലാം ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു. അങ്ങനെയൊരു പാരമ്പര്യമുള്ളതുകൊണ്ട്‌ കൊളസ്‌ട്രോള്‍ പരമാവധി കുറയ്‌ക്കണമെന്ന്‌ പറയും. അദേഹം കാണാതെയാണ്‌ ഇപ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കുന്നത്‌. അല്ലെങ്കില്‍ ഒരു ഡോക്‌ടറുടെ കണ്ണിലൂടെ അദേഹം നിര്‍ദേശങ്ങള്‍ തന്നുകൊണ്ടേയിരിക്കും. ഭാഗ്യവശാല്‍ ഇതുവരെ മറ്റ്‌ അസുഖങ്ങള്‍ ഒന്നുമില്ല.

കെ.ടി.ഡി.സിയില്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നപ്പോള്‍ ഒരു സ്‌ത്രീ എന്ന നിലയില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു?

ഭക്ഷണം രുചിച്ചുനോക്കി പാചകക്കാരോട്‌ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന്‌ പറയും. സ്വാദ്‌ അല്‌പംകുറഞ്ഞാലും വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകരുതെന്നാണ്‌ എന്റെ നയം. നമ്മുടെ നാട്ടിലെ ചില വിഭവങ്ങളുടെ രുചി ലോകത്ത്‌ മറ്റെവിടെ പോയാലും കിട്ടില്ല. ടൂറിസംമേഖലയില്‍ നമുക്ക്‌ അത്‌ നന്നായി മാര്‍ക്കറ്റ്‌ ചെയ്യാന്‍ അറിയില്ലെന്നു മാത്രം. മാറ്റങ്ങളെ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണല്ലോ. അതുകൊ്ണ്ട് പ്രവര്‍ത്തനങ്ങളൊന്നും പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല.

പഠിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നില്ലേ വിവാഹം. അത്രയും ചെറുപ്പത്തിലേ വിവാഹം വേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?

ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതുകൊണ്ടാകാം ഞങ്ങളുടെ ബന്ധം ഇത്രയും ഇഴയടുപ്പമുള്ളതായത്‌. എന്തുകാര്യത്തിനും അദേഹം വളരെ സപ്പോര്‍ട്ടാണ്‌. ഞങ്ങള്‍ക്കിടയില്‍ പരസ്‌പരം അംഗീകരിക്കലിന്റെ തലമുണ്ട് . ശരിയ്‌ക്കും അതാണ്‌ ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ സക്‌സസ്‌. ഇന്ന്‌ വിവാഹപ്രായം വളരെ കൂടുന്നതായി കണ്ടുവരുന്നു. വിവാഹം പ്രായം വല്ലാതെ കുറയുന്നതിനോടും കൂടുന്നതിനോടും എനിക്ക്‌ അഭിപ്രായമില്ല. പ്രായകൂടുംന്തോറും പെണ്‍കുട്ടി ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യയാകും. ആ സ്വാതന്ത്ര്യം ഇന്ന്‌ പല പെണ്‍കുട്ടികളും നല്ലരീതിയില്‍ എടുക്കുന്നില്ല. അപ്പോഴാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്‌. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍നില്‍ക്കണമെന്നു തന്നെയാണ്‌ ഞാന്‍ പറയുന്നത്‌. എന്നാല്‍ കുടുംബന്ധങ്ങള്‍ക്കും അതിനൊപ്പം പ്രാധാന്യം കൊടുക്കണം.

 

 

 

 

 

 

 

 



അമ്മയുടെ മരണ സമയത്ത്‌ പത്മജ അടുത്തുണ്ടായിരുന്നു അല്ലേ?

ഞാന്‍ ജീവിതത്തില്‍ അടുത്തു കാണുന്ന മരണം അമ്മയുടേതാണ്‌. എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അമ്മയുടെ ശരീരം നിശ്‌ചലമാകുന്നത്‌. ആ ഞെട്ടല്‍ ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. അമേരിക്കയിലായിരുന്നു അമ്മയുടെ ചികിത്സ. രോഗമെല്ലാം കുറഞ്ഞ്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചു പോരാനുള്ള ഒരുക്കങ്ങള്‍ നടുത്തുന്നതിനിടെയാണു മരണം. അതുകൊണ്ടുതന്നെ അമ്മ ഞങ്ങളോടൊപ്പമില്ലെന്ന്‌ അംഗീകരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു.

ആ ദിവസങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണു നിറയുന്നല്ലോ?

ഒരു ബുധനാഴ്‌ച രാവിലെയാണ്‌ അമ്മ മരിക്കുന്നത്‌. ഞാന്‍ മാത്രമേ അപ്പോള്‍ അടുത്തുള്ളൂ. അച്‌ഛനോടു ഫോണില്‍ സംസാരിക്കണമെന്നു പറഞ്ഞു. ഞാന്‍ ഫോണ്‍വിളിച്ചു കൊടുത്തു. അച്‌ഛനോടു സംസാരിച്ച സന്തോഷത്തില്‍ അമ്മ കുറച്ചുകൂടി ഉന്മേഷവതിയായി. അത്രയ്‌ക്കു ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. അതു കഴിഞ്ഞ്‌ എന്റെ മുഖത്ത്‌ കുറേ നേരം നോക്കിയിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. കുടിയ്‌ക്കാന്‍ വെള്ളം ചോദിച്ചു. ഞാന്‍ വെള്ളം വായില്‍ ഒഴിച്ചു കൊടുത്തു. പെട്ടെന്ന്‌ അമ്മ എഴുന്നേറ്റിരുന്നു എന്റെ കൈയിലേക്കു ഛര്‍ദിച്ചു. ദേഹത്തേക്കു തളര്‍ന്നു വീണു. ആ നടുക്കം എന്നെ തളര്‍ത്തിക്കളഞ്ഞു. ആ ഷോക്കില്‍ ഒരു ദിവസം ഞാന്‍ കരഞ്ഞതേയില്ല. ഫ്‌ളൈറ്റില്‍ എന്റെ കൂടെ ജീവനോടെവന്ന അമ്മയുടെ ജീവനില്ലാത്ത ശരീരവുമായി തിരികേ നാട്ടിലേക്കു. അതിലും കൂടുതല്‍ വേദന ഒരു മകള്‍ക്ക്‌ അനുഭവിക്കാനില്ല.

അമ്മയെപ്പോലെ പത്മജയും മക്കളുടെ അടുത്ത്‌ കുറച്ച്‌ സ്‌ട്രിക്‌റ്റാണെന്നു തോന്നുന്നു?

ഒരു കാര്യവും അവര്‍ എന്റെ അടുത്ത്‌ തുറന്നു പറയാന്‍ മടിക്കാറില്ല. ഞാന്‍ കുട്ടികളെ ഇതുവരെ തല്ലിയിട്ടില്ല. അതിനോട്‌ എനിക്ക്‌ യോജിപ്പുമില്ല. സുഹൃത്തിനെപ്പോലെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കുന്നതാണ്‌ എന്റെ രീതി. അച്‌ഛന്‍ ഞങ്ങള്‍ മക്കളെ തല്ലില്ലായിരുന്നു. അമ്മ നേരെ തിരിച്ചും. രാഷ്‌ട്രീയ തിരക്കുകളില്‍ അച്‌ഛന്‍ വീട്ടില്‍ കാണുന്നത്‌ അപൂര്‍വ്വമാണ്‌. അതുകൊ്ണ്ട് ആ ഉത്തരവാദിത്വംകൂടി അമ്മ ഏറ്റെടുക്കും. വലിയ സ്‌ട്രിക്‌റ്റായിരുന്നു എല്ലാകാര്യത്തിലും. അതുകൊ്ണ്ട് എന്തും തുറന്നു പറയുന്നത്‌ അച്‌ഛന്റെയടുത്തായിരുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.