You are Here : Home / എഴുത്തുപുര

''സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍''

Text Size  

Story Dated: Thursday, November 09, 2017 12:14 hrs UTC

സ്വീകരിച്ചുപോയ ധാരണകളെ ശരിയാണെന്ന് സ്ഥാപിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത, ഇന്നും എന്നും നിലനില്‍ക്കുന്നു. ശരിയായ സത്യാന്വേഷണത്തിനിറങ്ങുന്നവര്‍ തുലോം കുറവാണ്. ശരിയായ സത്യത്തെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രൂശിക്കപ്പെടുന്നു. അതേ അനുഭവത്തിന്റെ ഇരകളായിത്തീര്‍ന്ന ക്രൈസ്തവ സമൂഹവും, ക്രൂശിക്കപ്പെട്ടവന്റെ പാതയില്‍ നിന്നും ക്രൂശിക്കുന്നവരുടെ പാതയിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. ഇതു മനസ്സിലാക്കുന്ന നേതാക്കള്‍ പോലും ''എസ്റ്റാബ്ലിഷ്‌മെന്റിനെ'' താങ്ങിനിര്‍ത്താന്‍ വേണ്ടി അന്ധരും ബധിരരുമായി അഭിനയിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സത്യത്തെ മനസ്സിലാക്കി കൊടുക്കാന്‍, വേദോപദേശങ്ങളെ ശരിയായി അപഗ്രഥിക്കാന്‍, ചരിത്ര സത്യങ്ങളിലൂടെ കൈപിടിച്ചു നടത്താന്‍, ശ്രീ. ജോണ്‍ കുന്നത്തു രചിച്ച ''സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍'' പോലെയുള്ള ഗ്രന്ഥങ്ങള്‍ക്ക് കഴിയും. ഒരു അദ്ധ്യാപകന്‍ കൂടിയായ രചയിതാവ്, ലളിതമായ ആഖ്യാനത്തിലൂടെ, ഉപമകളിലൂടെ ആത്മീകതയുടേയും, ദൈവീകതയുടേയും അറിവിന്റെ ഒരു വലിയ കലവറ, വായനക്കാരന്‍ തുറന്നു കാട്ടുന്നു.

 

''ക്രിസ്തു ആളുകളെ വിളിച്ചത് ഒരു മതത്തിലേക്കായിരുന്നില്ല, ഒരു പുതിയ ജീവിതത്തിലേക്കായിരുന്നു'' എന്ന വസ്തുതയെ ഊന്നിക്കൊണ്ടാണ്, ഗ്രന്ഥകാരന്‍ ''സ്വര്‍ഗ്ഗരാജ്യം എന്ന നാഗരികതയെ'' പരിചയപ്പെടുത്തുന്നത്. യഹൂദാ ഗ്രീക്കു തത്വചിന്തകളും നിയോ പ്ലറ്റോണിസവും എല്ലാം അദ്ദേഹം വരച്ചുകാട്ടുന്നു. തീയിസവും എത്തിയിസവും പാന്തെയിസവും ദൃശ്യാദൃശ്യവീക്ഷണവും എല്ലാം നിര്‍വ്വചിച്ചു വിവരിക്കുന്നു. സൃഷ്ടിയുടെ കഥ മുതല്‍ ക്രിസ്തുവിനു ശേഷമുള്ള സഭാചരിത്രവും പരലോക ഇഹലോക ശാസ്ത്രകാവ്യ വീക്ഷണങ്ങളും എല്ലാം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. വിശ്വാസങ്ങളെ വസ്തുതകളായി വരച്ചുകാട്ടുന്നത് കപടതയാണെന്ന് ഊന്നിപ്പറയുന്നു. ദൈവവും ലോകവുമായി ബന്ധപ്പെടുത്തി ഗ്രന്ഥകര്‍ത്താവ് ചില സമവാക്യങ്ങള്‍ നിരത്തിവെയ്ക്കുന്നു, വായനയെ അനായാസമാക്കാനായി. ദൈവനിയമങ്ങള്‍ പാലിക്കാതെ, ''വിശ്വസിച്ചാല്‍ നീതിമാനാകും'', എന്ന വഴിതെറ്റിയ, നിര്‍ജ്ജീവമായ വിശ്വാസത്തെ ഗ്രന്ഥകാരന്‍ എടുത്തു കാണിക്കുന്നു.

 

 

 

യാക്കോബ് 2:17 ഉദ്ധരിച്ചുകൊണ്ട് - ഇതുപോലെ തെളിവുകള്‍ നിരത്തിക്കൊണ്ട്, ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ട്, അനേക തെറ്റിദ്ധാരണകളെ വെളിപ്പെടുത്തുകയും തല്‍സ്ഥാനത്ത് ശരികളെ പുന:സ്ഥാപിക്കാന്‍ സഹായിക്കുന്നതുമാണ് ഈ ഗ്രന്ഥം. കാലടി ശിവശങ്കര ക്ഷേത്രത്തിനു മുന്നില്‍ ഭക്ത്യാദരപൂര്‍വ്വം കൂപ്പു കൈകളുമായി നില്‍ക്കുന്ന പൗലൂസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ചിത്രം പത്രത്തില്‍ കണ്ട ചില യാഥാസ്തിക ക്രിസ്ത്യാനികളുടെ പ്രകോപനം ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു. പല പതിറ്റാണ്ടുകള്‍ കഴിഞ്ഞ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങിലെ പ്രസംഗത്തെ നിശിതമായി വിമര്‍ശിച്ച് ചെളിവാരിയെറിയുന്ന ചില ക്രിസ്തീയ മതതീവ്രവാദികളെ ഈയിടെ കാണുകയുണ്ടായല്ലോ. ഈ അസഹിഷ്ണുക്കളെ ഒക്കെ വെളിച്ചം കാണിക്കാന്‍ ''സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍'' എന്ന ഈ പുസ്തകത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു. ''ആരാണ് സാക്ഷാല്‍ ക്രിസ്ത്യാനി?'' എന്ന വിഷയം സമഗ്രമായി കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചു എന്നുവേണം കരുതാന്‍.

 

 

ഈ പുസ്തകത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ചില ചിന്തകളെ ഗ്രന്ഥകാരന്റെ വാക്കുകളില്‍ തന്നെ സമര്‍പ്പിക്കട്ടെ. ''സര്‍വ്വസൃഷ്ടികളുമാണ് യഥാര്‍ത്ഥ ആരാധനാ സമൂഹം. ലോകമാകുന്ന ദേവാലയത്തില്‍ സര്‍വ്വ സൃഷ്ടികളും ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്റെ പ്രതീകം എന്ന നിലയിലല്ലാതെ, ദേവാലയത്തിലെ ആരാധന അതില്‍ തന്നെ ആരാധനയല്ല. ദൈവ സന്നിധിയില്‍ സര്‍വ്വസൃഷ്ടിയേയും പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു എന്ന യഥാര്‍ത്ഥ പുരോഹിതനും തന്നില്‍ തന്നെ പുരോഹിതനല്ല. സഭ ക്രിസ്തുവിന്റെ പ്രതീകമല്ല. മറിച്ച് അദൃശ്യനായ ക്രിസ്തുവിനെ ലോകത്തില്‍ പ്രകടമാക്കുന്ന ദൃശ്യമായ ശരീരമാണ്'' ഇങ്ങനെ ശ്രീമാന്‍ ജോണ്‍ കുന്നത്ത് ഉപസംഹരിക്കുന്നത്, യഥാര്‍ത്ഥ ആരാധനാ സമൂഹം, പുരോഹിത പ്രതീകം, സഭ ഇവയെ യുക്തിഭദ്രമയി നിര്‍വ്വചിച്ചുകൊണ്ടാണ്. ഇന്ന് ക്രിസ്തു സഭ നേരിടുന്ന അന്ധവിശ്വാസികളുടേയും അന്ധ അവിശ്വാസികളുടേയും ആത്മീയ ബഹളക്കാരുടേയും കറുത്ത കൈകളില്‍ നിന്ന് സ്‌നേഹ സൗഹാര്‍ദ്ദങ്ങളെ രക്ഷിച്ചെടുക്കാനും, ലോകമാസകലം പങ്കുചേരാവുന്ന ''സ്വര്‍ഗ്ഗരാജ്യം എന്ന നാഗരികത'' പടുത്തുയര്‍ത്താനും ഈ ആഖ്യാനം സഹായിക്കട്ടെ. ആഖ്യാതാവായ ശ്രീമാന്‍ ജോണ്‍ കുന്നത്തില്‍, ഇതുപോലെ ചിന്തോദ്ദീപകമായ കൂടുതല്‍ രചനകള്‍ നടത്താന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

 

തോമസ് കളത്തൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.