You are Here : Home / Editorial

സരിതയാണ് താരം

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Wednesday, March 05, 2014 06:45 hrs ESTകടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞതു പോലെ ഇളകി മറിയുകയാണ് കേരള
രാഷ്ട്രീയമിപ്പോള്‍!ആര്‍ക്കൊക്

കെയാണ്
മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തു കൊള്ളുന്നതെന്ന്
കാത്തിരുന്നു കാണാം.ഉമ്മന്‍ചാണ്ടിയുടെയും,
രമേശ്‌ ചെന്നിത്തലയുടെയും ആഗ്രഹത്തിന് പുല്ലു വില പോലും കൊടുക്കാതെ
ആദര്‍ശ ധീരനായ വീ.എം.
സുധീരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി.പ്രസിഡന്റ്റ് ആയി വാഴിച്ചു.ഒരു
മേമ്പൊടിക്ക് വി.ഡി.
സതീശനെ വൈസ്പ്രസിഡന്റ്റ് ആയും!നല്ല കാര്യം!
   രാഷ്ട്രീയ നേട്ടത്തിനായി സമുദായ നേതാക്കളെ തേടിപ്പോകരുതെന്ന്
അനുയായികള്‍ക്ക് താക്കീതു നല്‍കിയ
സുധീരന്‍,അറിഞ്ഞോ അറിയാതെയോ ഒരു കുരുക്കില്‍ ചെന്ന് പെട്ടു.കോട്ടയം
D.C.C.മീറ്റിംഗില്‍
പങ്കെടുക്കുവാന്‍ പോയവഴി പെരുന്നയിലുള്ള മന്നം സമാധി സന്ദര്‍ശിച്ച്
പുഷ്പാര്‍ച്ചന നടത്തി.എന്നാല്‍
N.S.S ആസ്ഥാനത്തു കയറി സെക്രട്ടറി സുകുമാരന്‍ നായരെ താണു വണങ്ങി
അനുഗ്രഹാശിസ്സുകള്‍
പ്രാപിക്കുവാന്‍ അദ്ദേഹം മിനകെട്ടില്ല.സുകുമാരന്‍ നായര്‍ക്ക് ഇതു വലിയ
അപമാനമായിപ്പോയി.വായില്‍
തോന്നിയതെല്ലാം അദ്ദേഹം വിളിച്ചു കൂവി.സുധീരന്‍റെ
തോന്ന്യാസവും,ധിക്കാരവും വെച്ചു പൊറുപ്പിക്കില്ലെന്ന്
അദ്ദേഹം തറപ്പിച്ചു പറഞ്ഞു.വി.ഡി.സതീശനെയും നായര്‍ സാബ് വെറുതെ
വിട്ടില്ല.N.S.Sന്‍റെ
സഹായം കൊണ്ടു മാത്രം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച സതീശന്‍,സമുദായ
നേതാക്കളുടെ നെഞ്ചത്തു
കയറി നിന്നു താണ്ഡവമാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
  ഇത്രയും പെരുത്ത ഒരു വിഷയം പെരുന്നയില്‍ പെരുമ്പറ
മുഴക്കുമ്പോള്‍,കണിച്ചുകുളങ്ങരയില്‍
വെള്ളാപ്പള്ളി നടേശന്,നടയടച്ചു വെറുതെ നാവടക്കുവാന്‍ പറ്റുമോ?മഹാനായ
മന്നത്തിന്‍ന്‍റെ കസേരയില്‍
ഇന്നിരിക്കുന്നത് വെറുമൊരു മന്ദബുദ്ധിയാണെന്നു അദ്ദേഹം കാച്ചികളഞ്ഞു.`കനക
സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ,
ശുനകനോ  വെറും ശുംഭനോ`എന്നൊരു ഗാനമാലപിക്കാനും അദ്ദേഹം മറന്നില്ല.ഈഴവ
സംവരണത്തിന്‍റെ പേരിലാണ്
സുധീരനു പുതിയ പദവി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പക്ഷെ
സുധീരന്‍ ഈ ചൂണ്ടയില്‍ കൊത്തിയില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ആരെല്ലാമോ എന്തെല്ലാമോ
കാട്ടികൂട്ടുന്നു.ഇതിനിടയില്‍ കിടന്നു നട്ടം തിരിയുന്നത്
മാണി സാറാണ്.നാക്കു പിഴച്ചുപോയാല്‍ കുഞ്ഞുമാണിക്ക് കോട്ടയം
കട്ടപ്പുക.ഇതിനിടയില്‍ കൂടി "ചീഫ് വിപ്പ്
സ്ഥാനം തനിക്കു കോപ്പാണെന്നും പറഞ്ഞു"പി.സി.ജോര്‍ജ് മദമിളകി
നടക്കുന്നുണ്ട്.സൗഹൃദ മത്സരമെന്നു പറഞ്ഞു
ഫ്രാന്‍സിസ് ജോര്‍ജും അനുയായികളും രംഗത്തു സജീവമായി നില്‍ക്കുന്നു.
 നിലംബൂര്‍ കോണ്‍ഗ്രസ്സ് ഓഫീസിലെ തൂപ്പുകാരി രാധയുടെ കൊലപാതകം,T.P
വധക്കേസ് CBI-ക്കു
വിട്ടതു,യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ
പരിചമുട്ടുകളി,ഓര്‍ത്തഡോക്സ് ബിഷപ്പ്മാരുടെ മോഡി
പ്രേമം-ഇതെല്ലാം വാര്‍ത്തകളില്‍ ഇടം തേടുന്നുണ്ട്.
 ഈ വിഷയങ്ങളെല്ലാം പൊതുതിരഞ്ഞെടുപ്പിന് മുന്‍പു തന്നെ തേഞ്ഞു മാഞ്ഞു
പോകുവാനാണ് സാധ്യത.
അപ്പോഴിത സാക്ഷാല്‍ സരിത സൗരോര്‍ജ്ജത്തെപ്പോലും വെല്ലുന്ന വര്‍ദ്ധിത
ഊര്‍ജ്ജത്തോടെ ജയില്‍ മോചിതയായിരിക്കുന്നു.
ജയിലിലെ സുഖവാസം അവരുടെ ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും,മനസ്സിനു
കൂടുതല്‍ ശക്തി പകരുകയും ചെയ്തിട്ടുണ്ടെന്ന്
വേണം കരുതുവാന്‍.തന്‍റെ മനസ്സിനെയും ശരീരത്തെയും മിസ്സ്‌യൂസ് ചെയ്തവരുടെ
ഉറക്കം കെടുത്തുമെന്നുള്ള
ഉഗ്രശപഥത്തോടെ സരിത ആദ്യം പൊട്ടിച്ച വെടി ചീറ്റിപോയെന്നു വേണം
കരുതാന്‍.ബിജു രാധാകൃഷ്ണനെ കൊലക്കുറ്റത്തില്‍
നിന്നും രക്ഷപെടുത്തുവാന്‍,കൊട്ടാരക്കര M.L.A ആയിഷപോറ്റി വഴിവിട്ടു
സഹായിച്ചു എന്ന വെളിപ്പെടുത്തല്‍-`ചത്തതു കീചകനെങ്കില്‍
കൊന്നതു.....`ഇതു സരിതയെക്കൊണ്ട് പറയിച്ചത് ആരാണെന്നു അരിയാഹാരമുന്ണുന്ന
ഏവര്‍ക്കും
മനസ്സിലാകുന്നത് മാത്രം.A.P.അബ്ദുള്ളകുട്ടി MLA,പിണറായി വിജയനെതിരെ ചില
പൊട്ടാസുകള്‍ പൊട്ടിച്ചു
ഊറ്റം കൊണ്ടു നില്‍ക്കുന്ന ഒരു സമയത്താണ് സരിത അമിട്ടു
പൊട്ടിച്ചത്.കുട്ടി സാഹിബ് തന്നെ പലവട്ടം കോഴിബിരിയാണിയും,.
നെയ്ച്ചോറും കഴിക്കുവാന്‍ മുന്തിയ ഹോട്ടലിലേക്ക് പല തവണ
ക്ഷണിച്ചിട്ടുന്ടെന്നാണ് സരിത ആണയിടുന്നത്.ജയില്‍ വാസ
കാലത്തുപോലും "വൈകീട്ടെന്താ പരിപാടി ?"എന്ന് ഈ കൊച്ചുമുതലാളി
അന്വേഷിക്കുമായിരുന്നത്രേ!ഇനി
എന്ത് അദ്ഭുതം കാട്ടിയാണോ അബ്ദുള്ളകുട്ടി ഈ കോഴി ബിസ്സിനസ്സില്‍ നിന്നും
തടിയൂരുന്നത്?
ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ മനസ്സും മെയ്യും പകുത്ത്
എടുത്തവരുടെയെല്ലാം പേരു
വിവരങ്ങള്‍ എം.എം.മണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 1,2,3 എന്ന്
വെളിപ്പെടുത്തുമെന്നാണ് സരിത പറഞ്ഞിരിക്കുന്നത്.
ഈ ആരോപണ കൊടുംകാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണാലും
അദ്ഭുതപ്പെടെണ്ടതില്ല.ചുരുക്കി പറഞ്ഞാല്‍
ഈ വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നത്
സരിത എന്ന താരമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More