You are Here : Home / Editorial

ഫോമയ്‌ക്കൊരു രക്ഷകന്‍ !

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Tuesday, July 21, 2015 11:38 hrs UTC

ചില സമീപകാല പത്രവാര്‍ത്തകള്‍ വായിച്ചാല്‍, `ഫോമ'യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചില തലതൊട്ടപ്പന്മാര്‍ അത്ര ഹാപ്പിയല്ല എന്നാണ്‌ അനുമാനിക്കേണ്ടത്‌. സംഘടനയുടെ അംഗബലം എത്ര പെട്ടെന്നാണ്‌ വാനോളം ഉയര്‍ന്നത്‌. `ഫോമ'യിലൊരു മെമ്പര്‍ഷിപ്പ്‌ ലഭിക്കുവാന്‍ വേണ്ടി മാത്രം എത്രയെത്ര സംഘടനകളാണ്‌ ജന്മമെടുത്തത്‌! ഇങ്ങനെ വികലമായി ഒരു അവലോകനം നടത്താന്‍ ചില കാരണങ്ങളുണ്ട്‌. `ഫോമ'യുടെ അഞ്ചാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ 2016 ജൂലൈ മാസത്തില്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ മയാമി സിറ്റിയില്‍ വച്ചു നടത്തപ്പെടുന്നതാണ്‌. പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ട്രഷറര്‍ ജോയി ആന്റണി, എന്നിവരെ കൂടാതെ മികച്ച സംഘാടകനായ മാത്യു വര്‍ഗീസ്‌ (ജോസ്‌) ചെയര്‍മാനായുള്ള ശക്തമായ ഒരു ടീം നയിക്കുന്ന ഈ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമായിരിക്കുമെന്നാണ്‌, ഭാരവാഹികളുടെ പ്രതീക്ഷയും ഉറപ്പും

കണ്‍വന്‍ഷനോടനുബന്ധിച്ചു തന്നെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെടും- ഒരു വര്‍ഷത്തോളം അവശേഷിക്കുന്ന തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇതിനോടകം ധാരാളം സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു. എതായാലും ഡെലിഗേറ്റ്‌സുകള്‍ക്ക്‌ സല്‍ക്കാരസമ്മേളനങ്ങളുടെ ഒരു ചാകര പ്രതീക്ഷിക്കാം. ഷിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയും, ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ്‌ ടി. ഉമ്മനുമാണ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവര്‍ രണ്ടും അത്ര പോരാ എന്ന്‌ ചിലര്‍ക്കൊരു തോന്നല്‍! അതുകൊണ്ട്‌ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ സാധ്യതയുണ്ടെന്നാണ്‌ പിന്നാമ്പുറ വാര്‍ത്ത. ഫോമയുടെ സൃഷ്‌ടികര്‍മ്മം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന അദ്ദേഹം മനസു തുറക്കാതെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നിശബ്‌ദമായി നിരീക്ഷിച്ചുവരികയാണ്‌.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ `ബി' നിലവറ തുറന്നതുപോലെ, തുറക്കുവാന്‍ ഇനിയും സമയമെടുക്കും. അമേരിക്കിയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന (ചിതറിക്കിടക്കുവാന്‍ എന്താ ഇവരുടെ ദേഹത്ത്‌ പാണ്ടിവണ്ടി കയറിയോ?). ഫോമയുടെ അംഗസംഘടനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഇദ്ദേഹം (ഇദ്ദേഹത്തിന്‌ മറ്റ്‌ പണിയൊന്നിമില്ലേ?), ആ സംഘടനകളുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധം മൂലമാണ്‌ നേതൃത്വം ഏറ്റെടുക്കാന്‍ തലപുകഞ്ഞു ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അങ്ങനെ സ്‌നേഹപൂര്‍വ്വം മറ്റൊരാളെ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ തക്ക മണ്ടന്‍ മലയാളികളൊന്നും അമേരിക്കയിലില്ല. മറ്റൊരാളുടെ ഉയര്‍ച്ച കാണുവാന്‍ അവര്‍ക്ക്‌ ഇഷ്‌ടമില്ല. അതുതന്നെ കാരണം. അതുകൊണ്ട്‌ ആ വേല മറ്റേ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. മഹാമനസ്‌കനായ ഫോമയുടെ ഈ മുന്‍ സാരഥി, തന്റെ ബിസിനസ്‌ സാമ്രാജ്യത്തില്‍ നിന്നും രണ്ടുവര്‍ഷത്തെ താത്‌കാലിക അവധിയെടുത്താണ്‌ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ തയാറെടുക്കുന്നത്‌. അംബാനി സഹോദരന്മാരോ, അദാനിയോ, ടാറ്റാ, ബിര്‍ളാമാരോ ആയിരിക്കില്ല. അവര്‍ മലയാളികളല്ലല്ലോ?

 

യൂസഫലി അമേരിക്കന്‍ മലയാളിയുമല്ല! പിന്നെ ആരായിരിക്കുമോ ഈ ത്യാഗിയായ മലയാളി ബിസിനസ്‌ സാമ്രാട്ട്‌! ഒരു മോഹന്‍ലാല്‍ കഥാപാത്രം പണ്ടൊരു സിനിമയില്‍ പറഞ്ഞതു `ഒരു ജോലിയുണ്ടായിരുന്നെങ്കില്‍, രണ്ടു ദിവസം അവധിയെടുത്ത്‌ വീട്ടിലിരിക്കാമായിരുന്നു' എന്നു പറഞ്ഞതു പോലെ `ഒരു ബിസിനസ്‌ സാമ്രാജ്യമുണ്ടായിരുന്നെങ്കില്‍ രണ്ടുവര്‍ഷം അവധിയെടുത്ത്‌ ഫോമയെ സേവിക്കാമായിരുന്നു' എന്ന്‌ തലയില്‍ ആളുതാമസമില്ലാത്ത ആരെങ്കിലും ദിവാസ്വപ്‌നം കാണുകയാണോ? ഈ ഫോമാ രക്ഷകന്റെ കാഴ്‌ചപ്പാടില്‍, അദ്ദേഹത്തിനു പിന്നാലെ വന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ക്ലിച്ചു പിടിച്ചിട്ടില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്നവരെല്ലാവരും കിഴവന്മാരായിരുന്നു എന്നാണ്‌ ഇദ്ദേഹത്തിന്റെ ധാരണ. ബെന്നി വാച്ചാച്ചിറയും, തോമസ്‌ ഉമ്മനും കുറച്ചുകൂടി മൂക്കുവാനുണ്ട്‌.

 

മയാമി കണ്‍വന്‍ഷന്റെ അണിയറ ഒരുക്കങ്ങളിലും ഇദ്ദേഹം `സാറ്റിസ്‌ഫൈഡ്‌' അല്ല. 2016-ല്‍ മയാമിയില്‍ നടക്കുവാന്‍ പോകുന്ന ഫോമാ കണ്‍വന്‍ഷനില്‍ ബെന്നി വാച്ചാച്ചിറയും, തോമസ്‌ ടി. ഉമ്മനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തിരശീലയ്‌ക്കു പിന്നില്‍ നാണംകുണുങ്ങി നില്‍ക്കുന്ന ഈ മൂന്നാമന്‍ ഫോമയുടെ അമരക്കാരനാകുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌. ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ അദ്ദേഹം തിരശീലയ്‌ക്കുമുന്നിലേക്ക്‌ വരുവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്തൊരു സസ്‌പെന്‍സ്‌. ഇദ്ദേഹം ശീല പൊക്കി പുറത്തു വരികയാണെങ്കില്‍, മിക്കവാറും ഒരു ത്രി`കോണക' മത്സരം നമുക്ക്‌ പ്രതീക്ഷിക്കാം.

 

ആഗസ്റ്റ്‌ ഒന്നിനു മസ്‌കറ്റ്‌ ഹോട്ടലില്‍ വെച്ചുകാണാം- `ഫോമയുടെ' കേരളാ കണ്‍വന്‍ഷനു സര്‍വ്വ മംഗളങ്ങളും നേരുന്നു. !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.