You are Here : Home / Editorial

മത്തായി ഉയിര്‍ത്തെഴുന്നേറ്റു

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Monday, April 16, 2018 11:36 hrs UTC

മത്തായി മരിച്ചു. ജനിച്ചാല്‍ മരിക്കും. അത് അത്ര വലിയ ആനക്കാര്യമൊന്നുമല്ല- ഏതു കോത്താഴത്തുകാരനും ഈ പ്രപഞ്ചസത്യം അറിയാം. ചെറുപ്പത്തില്‍ മത്തായിയെ-മാത്തുക്കുട്ടി, മത്തായിക്കുട്ടി, മത്തായിക്കുഞ്ഞ്, കുട്ടി മത്തായി എന്നിത്യാദി ചെല്ലപ്പേരുകള്‍, അവരവരുടെ മൂഡനുസരിച്ച് ജനങ്ങള്‍ വിളിച്ചിരുന്നു. അതിലവന് വലിയ പരാതിയൊന്നും ഉണ്ടായിരുന്നു. ഒരു പേരിലെന്തിരിക്കുന്നു?' എന്ന ശുദ്ധഗതിക്കാരനായിരുന്നു മത്തായി. കുഞ്ഞുനാളില്‍ കുഞ്ഞുമത്തായി, അമ്മ കുഞ്ഞു മരിയാമ്മയോടും, സഹോദരി കുഞ്ഞന്നാമ്മയോടുമൊപ്പം കുന്നില്‍ മുകളിലുള്ള പള്ളിയില്‍ പതിവായി പോകുമായിരുന്നു. അപ്പന്‍ കുഞ്ഞവറാ ആ സമയം കൂര്‍ക്കം വലിച്ച് നല്ല ഉറക്കത്തിലായിരിക്കും. ഉറങ്ങിക്കിടക്കുന്ന കുഞ്ഞവറായെ നോക്കി, കുഞ്ഞു മറിയ, കര്‍ത്താവേ! എനിക്കീ വിധി വന്നല്ലോ! ഈ കാലമാടനെ അങ്ങു വിളിക്കില്ലേ? എന്നു പ്രാര്‍ത്ഥിച്ച്് നെടുവീര്‍പ്പിടും-അപ്പന്റെ പേര് ഒരു പക്ഷേ കാലമാടന്‍ എന്നായിരിക്കുമെന്ന്, കുഞ്ഞു മത്തായിയുടെ കുഞ്ഞു മനസു വിശ്വസിച്ചു. പള്ളിമുറ്റത്ത് എത്തിക്കഴിഞ്ഞാല്‍ അമ്മച്ചി കുഞ്ഞു മത്തായിയുടെ കുഞ്ഞു മനസ് വിശ്വസിച്ചു. പള്ളിമുറ്റത്ത് എത്തികഴിഞ്ഞാല്‍ അമ്മച്ചി കുഞ്ഞുമത്തായിയുടെ കൈയിലെ പിടിവിടും.

 

'കര്‍ത്താവിന്റെ സന്നിധിയിലല്ലേ, ഇനി എല്ലാം അവന്‍ നോക്കിക്കൊള്ളും' പുരുഷന്മാര്‍ ഇടതുവശത്തും, സ്ത്രീകള്‍ വലതു വശത്തും നിന്നാണ് ആരാധനയില്‍ പങ്കുകൊള്ളേണ്ടത്. അല്ലെങ്കില്‍ ദൈവംതമ്പുരാരന് അതു ഇഷ്ടപ്പെടുകയില്ലായിരിക്കും.- പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആകപ്പാടെ ഒരു ഓളമാണ്. കുറേയേറെ നേരം പഴയനിയമ വേദപുസ്തക വായന-ഇത് എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ-പലതും തലയില്‍ മുണ്ടിട്ടു കേള്‍ക്കേണ്ട കാര്യങ്ങളാണ്. പഴയ നിയമങ്ങളെല്ലാം കളഞ്ഞിട്ട്, പുതിയ നിയമവുമായിട്ടാണ് യേശുക്രിസ്തു വന്നത്. പിന്നീട് കുറേ പ്രഭാതഗീതങ്ങള്‍ ആലപിക്കും. അങ്ങിനെ ഒരു Warm-UP കഴിഞ്ഞതിനു ശേഷമാണ് മാലാഖമാരുടേയും, തങ്കപ്രാവിന്റേയും, മുന്തിരിക്കുലകളുടേയും ചിത്രങ്ങള്‍ അലങ്കരിക്കുന്ന തിരശ്ശീല മാറുന്നത്. കര്‍ണ്ണാനയാനന്ദകരമായ ഒരു കാഴ്ചയാണത്. കുന്തിരക്ക പുകച്ചുരുളുകളെ കീറി മുറിച്ചുകൊണ്ടുള്ള മണിനാദങ്ങള്‍, പുകയൊന്നു കെട്ടടങ്ങുമ്പോള്‍ മദ്ബഹായിലെ രൂപങ്ങള്‍ തെളിഞ്ഞു വരും.

 

പട്ടു കുപ്പായവും, കിന്നരത്തൊപ്പിയും, കൈയില്‍ സ്വര്‍ണ്ണക്കുരിശുമായി അടിപൊളി സെറ്റപ്പില്‍ നില്‍ക്കുന്ന പുരോഹിതന്‍-ഇടവും വലവും രാജസദസ്സിലെ ഭടന്മാരെപ്പോലെ നില്‍ക്കുന്ന കുറേ കുപ്പായധാരികള്‍. ഓരോരുത്തര്‍ക്കും ഓരോ ഡ്യൂട്ടിയാണ്. ചിലര്‍ കൈമണി കിലുക്കുന്നു. മറ്റു ചിലര്‍ ഒരു വെള്ളിക്കോലില്‍ ഘടിപ്പിച്ചിരിക്കുന്ന പപ്പട ആകൃതിയിലുള്ള മണി കിലുക്കുന്നു. ചുമ്മാതങ്ങു കിലുക്കിയാല്‍ പോരാ-അതിനൊക്കെ ഒരു വശമുണ്ട്-ഒരു താളലയമുണ്ട്. പുരോഹിതന്റെ തൊട്ടു പിന്നില്‍ നില്‍ക്കുന്ന കുപ്പായക്കാരന്റെ കൈയില്‍, ചങ്ങലയില്‍ തൂങ്ങിക്കിടക്കുന്ന ധൂപക്കുറ്റിയില്‍ നിന്നും കുന്തിരിക്കത്തിന്റെ പുക ഉയരുന്നു. അങ്ങേര് അതു മനോധര്‍മ്മം പോലെ തെക്കോട്ടും, വടക്കോട്ടും, കിഴക്കോട്ടും, മേലോട്ടും വീശി രസിക്കുന്നു. ഇടയ്ക്കിടെ പള്ളിയുടെ നടുത്തളത്തിലൂടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനേപ്പോലെ, ഈ കുറ്റിയുമാട്ടി ഒരു നടപ്പുണ്ട്. പടിഞ്ഞാറോട്ടു നടക്കുമ്പോള്‍ പുരുഷന്മാരും, തിരിച്ചു കിഴക്കോട്ടു എഴുന്നള്ളുമ്പോള്‍ സ്ത്രീകളും കുരിശുവരയ്ക്കണം. അല്ലെങ്കില്‍ അങ്ങേര്‍ക്ക് അതിഷ്ടപ്പെടുകയില്ല. എപ്പോഴാണു ഇടയുന്നതെന്ന് പറയുവാന്‍ പറ്റുകയില്ലല്ലോ! ബഹുമാനസൂചകമായി ഭക്തജനങ്ങള്‍ ഈ പൂങ്ങാനെ 'കപ്യാര്‍' എന്നാണു വിളിക്കുന്നത്.

 

ഈ വാക്ക് ഏതു ഭാഷയിലുള്ളതാണന്നോ, ഇതിന്റെ അര്‍ത്ഥം എന്താണന്നോ ആര്‍ക്കും ഒരു പിടിയുമില്ല. ഏതായാലും വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ, ഇയാള്‍ പുരോഹിതനെ ഒട്ടിപ്പിടച്ച് കൂടെയുണ്ട്. ദീര്‍ഘമായ ആരാധന ആയതിനാല്‍ മത്തായി കുഞ്ഞിനു ഇടയ്ക്കിടെ കാലു വേദനിയ്ക്കും. ആര്‍ക്കും ഇരിക്കുവാന്‍ അനുവാദമില്ല. മുതുക്കായാലും, ചതുക്കായാലും നിന്നു കൊള്ളണം. പള്ളിയില്‍ ആവശ്യത്തിനു കസേരയോ ബെഞ്ചോ മറ്റോ ഇട്ടാല്‍, അതിന്റെ പവിത്രത നഷ്ടപ്പെടുമെന്നും, ദൈവം തമ്പുരാന്‍ കീരിക്കാടന്‍ ജോസിനെ വിട്ട് അടിപ്പിക്കുമെന്നാണ് ഭാരവാഹികള്‍ പറഞ്ഞു പരത്തിയിരിക്കുന്നത്. കാലം കടന്നു പോയി- 'പോകാതെ തരമില്ലല്ലോ' കുഞ്ഞുവറായുടെ കാറ്റു പോയി പരലോകം പൂകി. മത്തായിക്കുഞ്ഞും വളര്‍ന്നു വലുതായി, കുഞ്ഞ് എന്നുള്ള വാലു മുറിച്ചുകളഞ്ഞ് വെറും മത്തായി ആയി. പ്രായപൂര്‍ത്തിയായപ്പോള്‍ തോട്ടത്തിന്റെ നടുവിലെ പഴം രുചിച്ചു നോക്കി. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞു. തലയിലൊരു ലഡു പൊട്ടി. ഒരു പള്ളിയാണെങ്കിലും, ഒരേ ആരാധനയാണെങ്കിലും, അധികാരം രണ്ടാണെന്നുള്ള സത്യം അയാള്‍ തിരിച്ചറിഞ്ഞു. 'ഇരു മെയ്യാണെങ്കിലും മനമൊന്നായ് മരണം വരെയും നമ്മള്‍ പിരിയാതെ-' സിനിമാപ്പാട്ട്- പക്ഷേ രണ്ടു കൂട്ടരും തമ്മില്‍ അടിച്ചു പിരിഞ്ചാഞ്ചെ! കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി അനേകം നിരപരാധികളെ ബലികൊടുത്തു.

 

ക്രിസ്തു ദേവന്റെ സകല ഉപദേശങ്ങളേയും പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞ്, പുശ്ചിച്ചു തള്ളി, കോടതി മുറികളില്‍ അഭയം പ്രാപിച്ചു. നക്കാപ്പിച്ച കാശിനു വേണ്ടി, കോടികള്‍ വാരിയെറിഞ്ഞു. പാരമ്പര്യത്തിന്റെ പേരു പറഞ്ഞ് പലരും പടുകുഴിയിലായി. വിഡ്ഢികളായ നസ്രാണി മെത്രാന്മാരെ ഓര്‍ത്ത്, മുന്തിയ ബ്രാഹ്മണ വക്കീലന്മാര്‍ ആര്‍ത്തു ചിരിക്കുന്നു. ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ കഴിവുള്ള ഒരൊറ്റ വക്കീലന്മാരും ഇല്ലേ? കഷ്ടകാലം- അല്ലാതെ എന്തു പറയുവാന്‍? മത്തായി നിന്ന നില്‍പ്പില്‍ ഒന്നു വിറച്ചു. തല കറങ്ങി. കുഴഞ്ഞു വീണു-ആളു വടി. 'ആന ജീവിച്ചാലും ചത്താലും വില' എന്നു പറയുന്നതുപോലെ, മരിച്ചു കഴിഞ്ഞപ്പോഴാണു മത്തായിയുടെ വില മാലോകര്‍ അറിയുന്നത്. മൃതദേഹത്തിന്റെ അവകാശം ഉന്നയിച്ചുകൊണ്ട് രണ്ടു കൂട്ടരും രംഗത്തു വന്നു. മത്തായിക്ക് ഒരു രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കിട്ടി. മത്തായിയുടെ ശവസംസ്‌ക്കാര ശുശ്രൂഷ തങ്ങളുടെ ആചാര പ്രകാരം വേണമെന്നുള്ള വാശിയില്‍ ഇരു കൂട്ടരും പോലീസായി, പട്ടാളമായി, കോടതി ഇടപെടല്‍-അവിടെ പാലു കാച്ചല്‍-ഇവിടെ പുരകത്തല്‍- മരിച്ചിട്ടില്ല, മരിച്ചിട്ടില്ല. മത്തായിച്ചന്‍ മരിച്ചിട്ടില്ല-' മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ കീറിമുറിച്ചു. സന്ധ്യയായി-ഉഷസുമായി- രണ്ടാം ദിവസം- മൂന്ന്, നാല്- അങ്ങിനെ അഞ്ചാം ദിവസം- മത്തായിയുടെ മൃതദേഹവുമായി സഭാസംരക്ഷണ സമിതിക്കാര്‍ തെക്കു വടക്കു നടക്കുകയാണ്.

 

ഇടയ്ക്കിടെ ആര്‍പ്പോയ് വിളിച്ചുകൊണ്ട് ശവപ്പെട്ടി മേലോട്ടും താഴോട്ടും എറിഞ്ഞു രസിക്കുന്നുണ്ട്. മെത്രാന്മാര്‍ക്ക് ഒരു കുലുക്കവുമില്ല. അവര്‍ അരമനകളിലിരുന്നു മുന്തിരിയും വീണ്ടും ആസ്വദിച്ചു കൊണ്ട് തന്ത്രങ്ങള്‍ മെനയുന്ന തിരിക്കിലായിരുന്നു. അങ്ങിനെ ആറാം ദിവസം- മത്തായിയുടെ ശരീരം ചീഞ്ഞു തുടങ്ങി- നാറ്റം സഹിക്ക വയ്യാതെ, മത്തായി മൂക്കു പൊത്തിക്കൊണ്ടു ഉയിര്‍ത്തെഴുന്നേറ്റു. 'ദ്- പന്ന ചെറ്റകളേ! നീയൊന്നുമുള്ള സ്വര്‍ഗ്ഗം എനിക്കു വേണ്ടാ-എനിക്കു നരകം മതി. തന്നെ വരവേല്‍ക്കുവാനായി അനേകം മെത്രാന്മാര്‍ നരകവാതില്‍ക്കല്‍ കാവലിരിക്കുന്ന കാര്യം പാവം മത്തായി അറിഞ്ഞിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.