You are Here : Home / Aswamedham 360

ചൂതാട്ടവേദിയിലെ കേമന്‍

Text Size  

Story Dated: Sunday, June 02, 2013 12:11 hrs UTC

ഐ പി എല്‍ വിവാദത്തിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് തീഹാര്‍ ജയിലില്‍ കഴിയുന്ന ശ്രീശാന്തിന്റെ മുഖം. ശ്രീശാന്ത് നിരപരാധിയെന്ന് 'ശ്രീ'യും ശ്രീയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണയിട്ട് പറയുന്നു. എന്നാല്‍ ചൂതാട്ടവേദിയിലെ കേമനാണ് 'ശ്രീ'യെന്നാണ് ഡല്‍ഹി പോലീസിന് കിട്ടിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്. 'നമ്മുടെ ശ്രീ' എന്ന് മാധ്യമങ്ങള്‍ സ്നേഹിച്ച് ലാളിച്ച ശാന്തകുമാരന്‍ ശ്രീശാന്ത് തനിക്ക് കിട്ടിയ താരപദവി അനര്‍ഹമാണെന്ന് തുടക്കം മുതലേ തെളിയിച്ച ആളാണ്. അഹങ്കാരത്തിന്റെ ഐക്കണ്‍ താരമായിട്ടാണ് ലോകം ഈ ചെറുപ്പക്കാരനെ കണ്ടത്. 2005 മുതല്‍ 2011 വരെ ആറുവര്‍ഷമേ കളത്തിലുണ്ടായിരുന്നുള്ളൂവെങ്കിലും അമിതാവേശവും അനാവശ്യമായ അപ്പീലുകളും കൊണ്ട് നിത്യശല്യമായി മാറിയ ഈ ചെറുപ്പക്കാരനെ സഹിക്കാന്‍ സ്വന്തം ടീമിനുപോലും സാധിച്ചിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ ആറ് വര്‍ഷം. ഐ പി എല്‍ -ല്‍ ലോകോത്തര ക്രിക്കറ്റ് താരങ്ങള്‍ വിപണി മൂല്യം കാത്ത് കിടക്കുന്ന ചരക്കുകളായി മാറി. ലേലച്ചന്തയിലെ എല്ലാ തറവേലകളും പയറ്റിത്തുടങ്ങിയ ഐ പി എല്‍ വിപണിക്ക് പിന്നില്‍ അധോലോകം വലവിരിച്ച് കാത്തിരുന്നു.

 

ഈ ചൂതാട്ടത്തില്‍ കണ്ണിയാകുന്ന ആദ്യത്തെ മലയാളിയല്ല ശ്രീശാന്ത്. കഴിഞ്ഞ ഐ പി എല്‍ -ല്‍ കൊച്ചിയിലെ കൊമ്പന്മാര്‍ക്കുവേണ്ടി വിയര്‍പ്പോഹരി വാങ്ങിയ കാശ്മീരി വനിത സുനന്ദ പുഷ്കറിന്റെ ഇഷ്ടക്കാരനും പില്‍ക്കാല ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിനെ വിസ്മരിക്കാനാവില്ല. സുനന്ദയുടെ വിയര്‍പ്പോഹരി വിവാദത്തെത്തുടര്‍ന്നായിരുന്നല്ലോ തരൂരിന് മന്ത്രിപ്പണി വിടേണ്ടിവന്നത്. വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ലളിത് മോഡിയും പുറത്തായി. ഫ്രാഞ്ചെസികള്‍ പലതും മുങ്ങി. കൊച്ചി ടസ്കേഴ്സ് വന്നതുപോലെ മറഞ്ഞു. ടസ്കേഴ്സിന്റെ നായകനാവാന്‍ കൊതിച്ചിരുന്നു ശ്രീശാന്ത് എന്ന് അന്ന് നമ്മള്‍ കേട്ടു. അനര്‍ഹമായത് ലഭിച്ച ഒരു ചെറുപ്പക്കാരന്റെ അനിവാര്യവിധിയാണ് ശ്രീശാന്തിന്റേത്. ടെണ്ടുല്‍ക്കറും അനില്‍ ംകുംബ്ളെയും ധോണിയും ദ്രാവിഡും ഒക്കെയുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയിട്ടും പെരുമാറ്റദൂഷ്യം കൊണ്ട് ദുഷ്പേര് സമ്പാദിക്കുന്നതായിരുന്നു അയാളുടെ ക്രിക്കറ്റ് ജീവിതം.

 

ബാറ്റ്സ്മാനെ തറപ്പിച്ച് നോക്കിയും, പ്രകോപിപ്പിച്ചും, കൈയേറ്റം ചെയ്തും ഒപ്പമുണ്ടായിരുന്നവരുടെ ക്ഷമയെ അയാള്‍ പലകുറി ചോദ്യം ചെയ്തു. ഇന്നലത്തെ മഴയില്‍ മുളച്ച ഒരു വെറും പുല്ല് എന്ന സത്യം മറന്ന് ലോകക്രിക്കറ്റിലെ സമാരാധ്യര്‍ക്ക് നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്ന ശ്രീശാന്തിന്റെ ചിത്രം രാജ്യത്തിന് അപമാനമായിരുന്നു. ആറുവര്‍ഷത്തിനിടെ എട്ടോളം തവണ പിഴയൊടുക്കേണ്ടി വന്നു ശ്രീ'ശാന്തി'ന്. തന്നെ താനാക്കിയ ക്രിക്കറ്റിന്റെ കടയ്ക്കല്‍ കത്തി വെച്ച് ശ്രീശാന്ത് ചെയ്ത മഹാപാതകത്തെ നാണക്കേടെന്ന് വിലയിരുത്താന്‍ പോലും ആകാത്തവിധം ഇന്ത്യക്കാര്‍ പ്രതികരണശൂന്യരായിരിക്കുന്നുവെന്നതാണ് വാസ്തവം. എന്തിനധികം പറയണം, ഐ പി എല്‍ നിരോധിക്കാന്‍, ഐ പി എല്‍ കോഴ നിരോധിക്കാന്‍, ഈ പ്രഹസനത്തിനെതിരെ ഒച്ചയുണര്‍ത്താന്‍ കെല്‍പ്പുള്ള, ഒരാളെങ്കിലും ഉണ്ടാകുമോ ഭരണപക്ഷത്ത്??

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.