You are Here : Home / Aswamedham 360

ദേവയാനിയുടെ അറസ്റ്റ്; ഇന്ത്യ തിരിച്ചടിക്കുന്നു, ചരിത്രത്തില്‍ ഇല്ലാത്തവിധം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, December 18, 2013 01:42 hrs UTC

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ ന്യൂയോര്‍ക്കില്‍ അറസ്റ്റ്ചെയ്യുകയും പരസ്യമായി വിലങ്ങുവെക്കുകയും ചെയ്തതില്‍ അമേരിക്കക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. യു.എസ്. എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ഇന്ത്യ റദ്ദാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് യു.എസ് പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ റദ്ദാക്കി. രാജ്യത്തെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരിച്ചേല്‍പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും കോണ്‍സുലേറ്റിനും ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചു. അറസ്റ്റും പരിശോധനയും പ്രാകൃതമാണെന്ന് പറഞ്ഞ ഇന്ത്യ ദേവയാനിക്കെതിരായ നടപടി പിന്‍വലിച്ച് അമേരിക്ക മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെ നടക്കാനിരുന്ന യു.എസ് എം.പിമാരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയാണ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ റദ്ദാക്കിയത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും യു.എസ് കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവര്‍ തിങ്കളാഴ്ച യു.എസ് കോണ്‍ഗ്രസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.

ഇന്ത്യയിലെ യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഉടന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ എംബസിക്ക് മുമ്പില്‍ സുരക്ഷയ്ക്കായി വെച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് യു.എസ്. നല്‍കുന്ന പരിഗണനയ്ക്ക് തുല്യമായ അവസ്ഥയിലേക്ക് അവരെ താഴ്ത്തുകയാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.ബാരിക്കേഡുകള്‍ നീക്കിയ പൊലീസ് എംബസി പരിസരത്തെ ഗതാഗത നിയന്ത്രണവും നീക്കി.എംബസിയിലേക്ക് അമേരിക്കയില്‍നിന്നു കൊണ്ടുവരുന്ന വസ്തുക്കള്‍ക്കുണ്ടായിരുന്ന നികുതിയിളവ് നീക്കംചെയ്തു. മാത്രമല്ല, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഇനി മറ്റ് സാധാരണ പൗരന്മാര്‍ക്കുള്ള മാര്‍ഗത്തിലൂടെ പരിശോധനകള്‍ നടത്തിയേ വിമാനത്തിലേക്ക് കയറ്റിവിടൂ. അമേരിക്കന്‍ കോണ്‍സുലേറ്റിലെയും എംബസികളിലെയും വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന വിമാനത്താവള പാസും റദ്ദാക്കി. വിമാനത്താവളത്തിലടക്കം അമേരിക്കന്‍ നയതന്ത്ര വാഹനങ്ങള്‍ക്ക് ലഭിച്ചിരുന്ന പരിഗണന ഇതോടെ ഇല്ലാതായി. ഈ വാഹനങ്ങള്‍ സാധാരണ പൗരന്മാരുടെ വാഹനങ്ങള്‍ക്കൊപ്പം പരിശോധനക്കു ശേഷമേ ഇനി കടത്തിവിടൂ. കൂടാതെ, പാര്‍ക്കിങ് ഫീസ് നല്‍കുകയും വേണം.
അമേരിക്കന്‍ കോണ്‍സുലേറ്റിലെയും എംബസിയിലെയും ഉദ്യോഗസ്ഥരുടെ വരുമാനം പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിനും കേന്ദ്രം നിര്‍ദേശം നല്‍കി. ദേവയാനിയോടുള്ള പെരുമാറ്റത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്കയെ ശക്തമായ പ്രതിഷേധമറിയിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ നടപടി അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ഇന്ത്യയുടെ കടുത്ത വേദനയും ആശങ്കയും അമേരിക്കയെ അറിയിച്ചിട്ടുണ്ട്-സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.രാജ്യത്തെ അമേരിക്കന്‍ സ്കൂളുകളിലെ അധ്യാപകരുടെ വിസ വിവരങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. അധ്യാപകര്‍ക്ക് നല്‍കുന്ന വേതനവും അതിന് അടച്ച നികുതിയും ബാങ്ക് അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനാണ് ഉത്തരവ്.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ന്യൂയോര്‍ക് പൊലീസ് പിടികൂടിയത്. കുട്ടികളെ പരിചരിക്കാനുള്ള ആയമാരെ കൊണ്ടുവരാനുള്ള വിസ രേഖകളില്‍ കൃത്രിമം നടത്തിയെന്നതാണ് ദേവയാനിയുടെ പേരില്‍ അമേരിക്ക ചുമത്തിയ കുറ്റം. ദേവയാനിയുടെ വീട്ടില്‍നിന്ന് ജൂണില്‍ കാണാതായ സംഗീത റിച്ചാര്‍ഡ് എന്ന ആയയുടെ പരാതിയിലായിരുന്നു അറസ്റ്റ്. മണിക്കൂറില്‍ 9.75 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് സംഗീതയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, 3.11 ഡോളര്‍മാത്രമേ നല്‍കിയുള്ളൂ എന്നാണ് പരാതി. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥക്കെതിരെ ചുമത്തിയത്. മകളെ സ്കൂളില്‍ വിട്ട് വരുന്നതിനിടെ നടുറോഡില്‍വെച്ചായിരുന്നു അറസ്റ്റ്. ദേവയാനിയെ പിന്നീട് 2,50,000 ഡോളറിന്‍െറ ജാമ്യത്തില്‍ ഫെഡറല്‍ കോടതി വിട്ടയച്ചിരുന്നു.

    Comments

    Thomas January 05, 2014 04:32

    We have to give the equal preference to all nations . Indians are not slave for any counties eventhough we not rich .We are not getting any previlage or preference in any countries.So treat the same way how we are treated, When we give the equal treat ,they (US)will learn how  you behave well.

    Thanks

    Thomas.

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.