You are Here : Home / Aswamedham 360

കുറ്റകൃത്യങ്ങള്‍ കമ്പിളിയില്‍ മൂടുന്നവര്‍

Text Size  

Story Dated: Wednesday, June 26, 2013 11:32 hrs UTC

കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ജന്റീനയില്‍ ഒരു സംഭവമുണ്ടായി. തന്റെ ഇരട്ട സഹോദരിയായിരുന്ന ജോഹാന്നയുടെ കൊലപാതകിയായ വിക്ടര്‍ സിങ്കോളനിയെ ഈഡിത്ത് കാസാസ് വിവാഹം കഴിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കല്ലുപെറുക്കിയെറിഞ്ഞിട്ടും ഈഡിത്ത് തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സരിത വാര്‍ത്തകള്‍ വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ഈ കഥ ആയിരുന്നു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണം ഒരു കൊലപാതകമാണെന്ന് അറിഞ്ഞിട്ടും ബിജുവിനെ സരിത പ്രണയിച്ചു, വിവാഹവും കഴിച്ചു. എത്ര അനായാസമാണ് അവര്‍ ആ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. മനസ്സില്‍ അല്പമെങ്കിലും കരുണയും കരുതലും സ്നേഹവുമുള്ള ഒരു മലയാളി സ്ത്രീക്കും സാധിക്കാത്ത കാര്യമാണ് സരിത ചെയ്തിരിക്കുന്നത്. ഒരു കൊലപാതകി അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു കുറ്റവാളിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണ മലയാളി സ്ത്രീകളെല്ലാം ഭയന്നോടും.

 

 

എന്തിന് ഒരു കുറ്റവാളി, നല്ലൊരു മദ്യപാനിയെ കണ്ടാലും അവര്‍ മാളത്തിലോടിയൊളിക്കും. അങ്ങനയുള്ള ഒരു സംസ്കാരത്തിലും ചുറ്റുപാടിലും ജീവിക്കുന്ന സരിതയെന്ന സ്ത്രീ തന്റെ ഭര്‍ത്താവ് ഒരു കൊലപാതകിയെന്നറിഞ്ഞിട്ടും അയാളെ സ്നേഹിച്ചു. അറിവും വിവരവുമുള്ള ശാലൂമേനോന്‍ എന്ന നടി ഇയാളെ സ്നേഹിക്കുകയും ഇയാളുടെ തട്ടിപ്പുകള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവരെ മാപ്പുസാക്ഷിയാക്കി കാത്തുസൂക്ഷിക്കുവാനാണ് ഇപ്പോഴുള്ള ശ്രമം. അതൊന്നും കൂടാതെ ഇയാള്‍ക്ക് തിരുനല്‍വേലിക്കാരിയായ ഒരു സ്ത്രീയുമായും അടുപ്പമുണ്ടായിരുന്നതായി അറിയുന്നു. ഇതൊക്കെ നമ്മള്‍ ഇതുവരെ അറിഞ്ഞ ബിജുവുമായി ബന്ധപ്പെട്ട സ്ത്രീക്കഥകള്‍ മാത്രം. കൃഷ്ണന്‍ ജനിച്ച സമയത്ത് ജനിച്ച ഇയാള്‍ക്ക് ബിജുവെന്നായിരുന്നില്ല പേരിടേണ്ടിയിരുന്നത്. എന്റെ അറിവില്‍ ഇന്‍ഡ്യയില്‍ ഒരു കുറ്റവാളിയെ സംരക്ഷിക്കുന്നത് ഒരു വലിയ കുറ്റകൃത്യം തന്നെയാനെന്നാണ്. അപ്പോള്‍ ഒരു കുറ്റകൃത്യത്തെക്കുറിച്ചറിഞ്ഞിട്ടും അതു വെളിയില്‍ പറയാതെ സൂക്ഷിക്കുന്നത് കുറ്റകരമാകില്ലേ?

 

 

ചിലപ്പോള്‍ പലരും നേരിലറിവുള്ള പല കുറ്റകൃത്യങ്ങളും പലരില്‍നിന്നും മറച്ചുവയ്ക്കുന്നത് പേടികൊണ്ടായിരിക്കാം. പക്ഷെ ഇവിടെ സരിതയുടെ സ്ഥാനത്തുള്ള ഒരു സ്ത്രീ അപ്രകാരം ചെയ്തത് ഒരിക്കലും ഭീതികൊണ്ടാവാന്‍ തരമില്ല. മറിച്ച് ബിജുവുമായി അടുത്താലുണ്ടാകുന്ന സാമ്പത്തീക നേട്ടം, സ്ഥാനമാനങ്ങള്‍, രതിസുഖം ഇവയൊക്കെയായിരിക്കാം കാരണങ്ങള്‍ . കാര്യസാധ്യത്തിനുവേണ്ടി എന്ത് നെറികേടും കാണിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരെപ്പോലെയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നവരോ, അടുത്തുകൂടുന്നവരോ എന്തുകൊണ്ട് ചിന്തിക്കുന്നില്ല, നാളെയൊരിക്കല്‍ അവരെക്കാള്‍ മെച്ചപ്പെട്ട ഒരുവനെ കാണുമ്പോള്‍ അവരുടെ പിന്നാലെ ഇവര്‍ പോകുമെന്നുള്ളത്. ഒരു സാധു സ്ത്രീയെ മദ്യപിപ്പിച്ചതിനുശേഷം ശ്വാസം മുട്ടിച്ചു കൊന്ന വിവരങ്ങള്‍ അറിഞ്ഞിട്ടും പോലീസിലോ പൊതുവിലോ പറയാതെ മൂടിവയ്ക്കുകയും, ആ നരാധമനോടൊപ്പം അന്തിയുറങ്ങുകയും ചെയ്ത ഇവരെ സോളാര്‍ തട്ടിപ്പിനു ലഭിക്കാവുന്നതിലും വലിയ ശിക്ഷനല്‍കി നമ്മുടെ നീതിപീഠം മാന്യത കാട്ടുമെന്ന് നമുക്ക് വിശ്വസിക്കാം. മാപ്പുസാക്ഷിപ്പട്ടികയില്‍ ഇവരെയും പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം. പണത്തിനും സ്ഥാനമാനങ്ങള്‍ക്കും മാത്രം മുന്തൂക്കം നല്‍കുന്ന ഇത്തരം ജന്മങ്ങള്‍ കുറ്റകൃത്യങ്ങള്‍ കമ്പിളിയില്‍ മൂടുന്ന ജന്മങ്ങള്‍ ഭൂമിയില്‍ ഉണ്ടാവാതിരിക്കട്ടെ! ഈഡിത്തുമാരും സരിതകളും ഉണ്ടാവാതിരിക്കട്ടെ!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.