You are Here : Home / Aswamedham 360

കളി കഴിഞ്ഞു. സരിതോർജ്ജവും അരങ്ങൊഴിഞ്ഞു. ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം

Text Size  

Story Dated: Wednesday, June 26, 2013 11:38 hrs UTC

അങ്ങനെ സരിതോർജ്ജവും സോളാറും പെട്ടിയിലായി. ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ഓരോ കളികൾ. ഇതെല്ലാം കണ്ട് കണ്ട് ജനത്തിനും മടുത്തു. അഴിമതിയോ, നമ്മളെത്ര കണ്ടിരിക്കുന്നു. സ്ത്രീ പീഡനമോ, അത് ദിവസവും നടക്കുന്നതല്ലേ? മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമൻ ഇപ്പൊ മുകളിലിരുന്ന് ( ഇനി കേരളം സൃഷ്ടിച്ച കുറ്റത്തിന് അങ്ങോരെ നേരെ പാതാളത്തിലേക്ക്‌ വിട്ടോ എന്നും അറിയില്ല കേട്ടോ ) ചിന്തിക്കുന്നുണ്ടാവും. വഴിയെ പോയ മൂർഖനെ എടുത്തു വേണ്ടാത്തിടത്തു വെച്ചല്ലോ ഭഗവാനേ എന്ന്. എന്തൊക്കെ കോലാഹലമായിരുന്നു.. മലപ്പുറം കത്തി, ബോംബ്‌, സി. ബി. ഐ. എന്നിട്ടിപ്പോ എന്തായി? സരിതയും ബിജുവും സുഖമായി ഇരിക്കുന്നു. പോയവന്റെ കാശ് പോയി. അവർ പുല്ലുപോലെ വെളിയിൽ ഇറങ്ങും. എന്നിട്ട് പിന്നെയും തട്ടിപ്പ് നടത്തും.

 

 

സോളാർ അഴിമതി പുറത്ത് വന്നു മണിക്കൂറുകൾക്കുള്ളിൽ അല്ലേ നിയമസഭാംഗത്തിന്റെ രാസലീലകൾ ജനങ്ങൾക്ക്‌ മുൻപിൽ വന്നത്. ഭരണപക്ഷത്തിനെതിരെ സോളാർ തട്ടിപ്പും, പ്രതിപക്ഷത്തിനെതിരെ സ്ത്രീ പീഡനവും. കേൾക്കാനും കാണാനും എന്ത് സുഖം. ഇതെല്ലാം വിശ്വസിച്ച് ദൈവത്തെ വിളിക്കുന്ന മണ്ടമാരായ പൊതുജനവും. വെറുതെയല്ല ഓരോ തിരഞ്ഞെടുപ്പിനും പിന്നെയും പിന്നെയും ഈ ജനസേവകർ തന്നെ അധികാരത്തിൽ വരുന്നതും. സാമാന്യ വിവരം ഉള്ള ഏതൊരാൾക്കും ഒരൽപം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ രണ്ടു പക്ഷങ്ങളുടെയും ഈ കളികൾ. ഇതൊന്നുമറിയാതെ പാവം അച്ചുമാമൻ കിടന്നു കയറു പൊട്ടിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് തന്നെ തുടങ്ങിയതാണ്‌ സരിതയുടെയും ബിജുവിന്റെയും തട്ടിപ്പുകൾ. അപ്പൊ പിന്നെ അവർക്ക് ഇതിൽ അല്പമെങ്കിലും പങ്കില്ല എന്ന് പറയാൻ പറ്റുമോ. അങ്ങനെ വരുന്പോൾ, ഈ പ്രശ്നം ഇനിയും ഇങ്ങനെ കത്തി നിന്നാൽ നമുക്കിട്ടും പണി പാലുംവെള്ളത്തിൽ കിട്ടും എന്ന് പ്രതിപക്ഷത്തിരിക്കുന്ന മാന്യന്മാർക്കും മനസ്സിലായിട്ടുണ്ടാവും.

പിന്നെ, കേരളത്തില എന്നും ഇപ്പോഴും ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരേ ഒരു വാർത്ത, ആർക്കും ഇപ്പോഴും ആർക്കെതിരേയും ഉപയോഗിക്കാൻ പറ്റുന്ന തുറുപ്പുഗുലാൻ : സ്ത്രീ പീഡനം, അതങ്ങോട്ട് എടുത്തു വീശുക. മലപോലെ വന്ന സോളാർ തട്ടിപ്പിനെക്കുറിച്ച് ഇപ്പൊ ഒരു രാഷ്ട്രീയക്കാരനും സംസാരിക്കണ്ടല്ലോ. വിടുവായനാണ് എങ്കിലും ഒള്ളത് ഒള്ളതുപോലെ പറയുന്ന പി. സി. ജോര്ജ്ജിനോട് ഇപ്പൊ അല്പം ബഹുമാനം തോന്നുന്നു. ഇപ്പറഞ്ഞ സ്ത്രീ പീഡന കേസിൽ സംഗം മാത്രമേ നടന്നിട്ടുള്ളൂ എന്നും, ബലാൽ ഒന്നും നടന്നിട്ടില്ല എന്നുമാണ് പി. സി. ജോര്ജ്ജ് പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുത്തത് ശരിയായില്ല എന്നും. വിവരമുള്ളവർ ഒരാളെങ്കിലും ഉള്ളത് നല്ലതാണ്. ഇടയ്ക്കിടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുമെങ്കിലും ഇദ്ദേഹം പറയുന്നതിലും കാര്യമില്ലേ? സോളാർ തട്ടിപ്പ് മുക്കാനുള്ള വെറുമൊരു മറയല്ലേ ഇപ്പോൾ ഉയര്ന്നു വന്നിരിക്കുന്ന ഈ പീഡന കേസ്? ജോസ് തെറ്റയിലിന് എതിരെ ആരോപണം ഉയർന്നതിന് മണിക്കൂറുകൾക്കുള്ളിൽ ഭരണപക്ഷത്തിന്റെ ഒരു എം. എൽ. എ - യ്ക്കെതിരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാ ആരോപണവുമായി ഒരു സ്ത്രീ വന്നിരുന്നു. ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ?

അതിനെ കുറിച്ച് ഇപ്പോൾ ആരും ഒന്നും പറഞ്ഞു കേൾക്കുന്നുമില്ല. ആളിക്കത്തിനിന്നിരുന്ന സോളാർ തട്ടിപ്പ് ഇതിന്റെയെല്ലാം ഇടയ്ക്കു മുങ്ങിയതല്ലാതെ ആർക്കെന്തു ഫലം? എത്ര പറ്റിക്കപ്പെട്ടാലും പിന്നെയും പിന്നെയും കാശിന്റെ പുറകെ പോകുന്ന പുതുജനം പിന്നെയും കഴുതയായി. ഇപ്പൊ നാട്ടിലെല്ലാവരും ഏതു നേരവും വാർത്ത കാണാൻ വേണ്ടി തിരക്ക് പിടിക്കുന്നു. തലയില മുണ്ടിട്ടു കൊണ്ട് ഇനി ആർക്കും തിയേറ്ററിൽ പോകണ്ടല്ലോ. എല്ലാം വളരെ തുറന്നു കാണിക്കാൻ വേണ്ടി ചാനലുകൾ മത്സരിക്കുന്പോൾ ഇവിടെ മരിച്ചു വീഴുന്നത് മലയാളിയുടെ സംസ്കാരമല്ലേ? എല്ലാം കൂടി ആകെ ഒരു അവിയൽ പരുവമാണ് ഇന്നത്തെ കേരളത്തിന്റെ സ്ഥിതി. അതിന്റെ ഇടയ്ക്ക് ഈ അവിയലും പിന്നെ മറ്റു ചില കൂട്ടുകറികളും കൂട്ടി ചിലരെങ്കിലും സദ്യ ഉണ്നുന്നില്ലേ എന്നൊരു സംശയം അടിയന്‌. തെറ്റാണെങ്കിൽ അങ്ങട് പൊറുക്കാ...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.