You are Here : Home / Aswamedham 360

പൊന്നാനിയിലെ പേയ്മെന്റ് സീറ്റ്; സിപിഎം കീഴ്ഘടകങ്ങളില്‍ വിയോജിപ്പ്‌ രൂക്ഷം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, March 10, 2014 06:21 hrs EDT

പൊന്നാനിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുന്ന വി. അബ്ദുറഹിമാന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഎം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളില്‍ വിയോജിപ്പ്‌ രൂക്ഷം,. അബ്ദുറഹിമാന്‍റെതു പെയ്മെന്റ് സീറ്റാണെന്ന ആരോപണം നിലനില്‍ക്കെയാണ് ആരോപണത്തെ സാധൂകരിക്കുന്ന വിധം പാര്‍ട്ടി അണികളില്‍ മുറുമുറുപ്പ് ഉയരുന്നത്.ഇതുവരെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച അബ്ദുറഹിമാന്‍ ഇപ്പോള്‍ സിപിഎമ്മിലേക്ക് മറുകണ്ടം ചാടിയത് ബിസിനസ്പരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ആക്ഷേപം ഉണ്ട്. തിരൂരിലെ അറിയപ്പെടുന്ന വ്യവസായിയാണ്‌ വി. അബ്ദുറഹിമാന്‍.

വന്‍ നേതാക്കളെ എല്ലാം ഉപേക്ഷിച്ചാണ് തിരൂരില്‍ സിപിഎം അബ്ദുറഹിമാനു സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സീറ്റ് അബ്ദുറഹിമാനു തന്നെയാണെന്ന് കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെപിസിസി അംഗത്വം അബ്ദുറഹിമാന്‍ രാജിവച്ചത്. സ്ഥാനാര്‍ഥിയെ സംസ്ഥാന കമ്മിറ്റി ഉറപ്പിച്ച ശേഷമാണ് ജില്ലാ കമ്മിറ്റി ഇക്കാര്യം അറിയുന്നത് തന്നെ.


ഇത്തവണ എങ്ങിനെയെങ്കിലും പൊന്നാനി തിരിച്ചു പിടിക്കാമെന്ന തീരുമാനത്തിലായിരുന്നു സിപിഎം. അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നു. വികസനത്തില്‍ കേരളത്തിനു മാതൃകയായ ചമ്രവട്ടം പാലം അന്നത്തെ എംഎല്‍എ ആയ പാലൊളി മുഹമ്മദ്‌ കുട്ടി മുന്‍കൈ എടുത്താണ് നിര്‍മ്മിച്ചത്. പാലൊളി പാലം എന്നാണു നാട്ടുകാര്‍ ചമ്രവട്ടം പാലത്തിനു നല്‍കിയ പേരുതന്നെ. കഴിഞ്ഞ തവണ പൊന്നാനിയില്‍ പാര്‍ട്ടിയ്ക്കുണ്ടായ ക്ഷീണത്തില്‍ നിന്ന് കരകയറി വരുമ്പോഴാണ് സംസ്ഥാന കമ്മിറ്റിയുടെ ഏകപക്ഷീയ തീരുമാനം ജില്ലയില്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായത്.


തവനൂര്‍, താനൂര്‍, തിരൂര്‍,തിരൂരങ്ങാടി,കോട്ടക്കല്‍,പൊന്നാനി, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി നിയോജക മണ്ഡലത്തില്‍ വരുന്നത്. ഇതില്‍ തവനൂരിലും തൃത്താലയിലും മാത്രമാണ് എല്‍ഡിഎഫിന് പ്രതീക്ഷിക്കാന്‍ വകയുള്ളത്‌. ബാക്കിയുള്ള മന്ധലങ്ങളെല്ലാം മുസ്ലിം ലീഗ് കോട്ടകളാണ്. തവനൂര്‍ എംഎല്‍എ കെടി ജലീല്‍ പൊന്നാനിയില്‍ മത്സരിക്കും എന്നാണു പാര്‍ട്ടി കീഴ്ഘടകങ്ങലെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതേസമയം തന്നെ മുന്‍ പൊന്നാനി എംഎല്‍എ പാലൊളി മുഹമ്മദ്‌ കുട്ടിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ രണ്ടുപേരെയും തഴഞ്ഞാണ് സംസ്ഥാന നേതൃത്വം ലിസ്റ്റ് ഇട്ടതും അബ്ദുറഹിമാന് സീറ്റ് നല്കിയതും.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കേരള മാര്‍ചു ജില്ലയില്‍ എത്തിയപ്പോഴാണ് പാര്‍ട്ടി നേതൃത്വം അബ്ദുറഹിമാനുമായി സംസാരിച്ചതും സീറ്റ് ഉറപ്പാക്കിയതും. പാര്‍ട്ടിയില്‍ തന്നെ എത്രയോ മികച്ച നേതാക്കള്‍ പൊന്നാനിയിലും തിരൂരിലും ഉണ്ടായിട്ടും എന്തിനു വേണ്ടിയാണ് ഒരു കോണ്ഗ്രസുകാരനെ മത്സരിപ്പിക്കുന്നത് എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ സംസ്ഥാന നേതൃത്വം നന്നേ വിഷമിക്കും.


കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ്‌ ബഷീറിനെതിരെ സിപിഎം രംഗത്തിറക്കിയത് പ്രൊ. ഹുസൈന്‍ രണ്ടത്താണിയെ ആയിരുന്നു. അന്ന് മുപ്പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് ഇടി ജയിച്ചത്‌.ആ അനുഭവം ഉണ്ടായിട്ടും ഇനിയും പരീക്ഷണത്തിനു നില്‍ക്കണോ എന്നാണു അണികളുടെ ചോദ്യം. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചു പ്രചാരണം ബഹിഷ്കരിക്കുന്നതടക്കമുള്ള പരിപാടികളിലേക്ക് നീങ്ങുകയാണ് കീഴ്ഘടകങ്ങള്‍.തിരൂരില്‍ മാത്രം അറിയപ്പെടുന്ന സ്ഥാനാര്‍ഥി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് കീഴ്ഘടകങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്

തിരൂര്‍ പോരൂര്‍ സ്വദേശിയാണ് വി. അബ്ദുറഹിമാന്‍. കെ.എസ്.യുവിലൂടെ വന്നു കെ.പി.സി.സി അംഗം വരെയായി. തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കേട്ടിരുന്നുവെങ്കിലും ഒടുവില്‍ വി.വി. പ്രകാശാണ് സ്ഥാനാര്‍ഥിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More