You are Here : Home / Aswamedham 360

'ത്രി'പുരവും കൈവിട്ട ചരിത്ര വിഡ്ഢിത്തങ്ങള്‍ ഇനിയും തുടരട്ടെ

Text Size  

Story Dated: Saturday, March 03, 2018 09:54 hrs EST

ത്രിപുരയില്‍ മണിക് സര്‍ക്കാറിനെ വീഴ്ത്തിയത് സിപിഎം തന്നെയാണ്

ആദ്യം ബംഗാള്‍, ഇപ്പോള്‍ ത്രിപുര, നാളെ കേരളം. കുതിച്ചുയര്‍ന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അസ്തമയത്തിനു എതിരാളികള്‍ നല്‍കുന്ന നിര്‍വചനം മാത്രമല്ലിത്. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാതെ അധികാരത്തില്‍ മദോന്മത്തരായതിന്റെ ശേഷിപ്പാണ്. സിപിഎമ്മിന്റെ ശത്രുക്കള്‍ പോലും ഇന്ന് മനസുകൊണ്ട് ദുഖിച്ചിട്ടുണ്ടാകും.

ബിജെപി ജയിച്ചതുകൊണ്ടല്ല, മറിച്ച് മുഖ്യ എതിരാളി നാമാവശേഷമാകുന്നല്ലോ എന്നോര്‍ത്ത്. അതിനപ്പുറം മണിക് സര്‍ക്കാര്‍ എന്ന സാധാരണ മനുഷ്യനോടുള്ള സ്‌നേഹവും ആദരവും കൊണ്ട്.

ആരായിരുന്നു ത്രിപുരക്കാര്‍ക്ക് മണിക് സര്‍ക്കാര്‍? കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞ സിപിഎം നേതൃത്വത്തിനു , പ്രത്യേകിച്ചു കേരളത്തിലെ നേതാക്കള്‍ക്ക് തങ്ങള്‍ പാവങ്ങളുടെ പാര്‍ട്ടിയാണെന്നു ചൂണ്ടിക്കാണിക്കാന്‍ ഒരു മുഖ്യമന്ത്രി- ഒരു സംസ്ഥാനം.

കേരളത്തിലെ സിപിഎം നേതാക്കള്‍ അല്ലെങ്കില്‍ അവരുടെ മക്കള്‍ കോടികളുടെ ബിസിനസ് നടത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും ലാളിത്യം മുഖമുദ്രയാക്കിയ മണിക് സര്‍ക്കാറിന് ഈ ഗതിവരുമെന്ന് ആരും സ്വപ്‌നത്തില്‍പോലും വിചാരിച്ചിട്ടില്ല.

എല്ലാമാസവും ശമ്പളമായി കിട്ടുന്ന ഇരുപത്തിയ അയ്യായിരം രൂപ പാര്‍ട്ടിക്കു നല്‍കി എന്നും ദരിദ്രനായ മണിക് സര്‍ക്കാര്‍. നാലു തവണ അധികാരത്തിലിരുന്ന മാണിക് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി എന്നും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

2008ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധമായി സ്വത്തു വിവരം ബോധിപ്പിച്ചു കൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം വസ്തുവോ ഭവനമോ വാഹനമോ സ്വന്തമായില്ലാത്ത അദ്ദേഹത്തിന് 13,920 രൂപ മാത്രമാണ് ബാങ്ക് നിക്ഷേപമായുണ്ടായിരുന്നത്.

ഇന്ത്യയിലെ ഏറ്റവും 'ദരിദ്രനായ മുഖ്യമന്ത്രി' എന്നാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതു പോലെ തന്നെ ത്രിപുര സര്‍വ്വകലാശാലാ ബിരുദദാന ചടങ്ങില്‍ ഗൗണ്‍ ധരിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചതും മാധ്യമശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ട സി.പി.എമ്മിന് യാതൊരു ഉലച്ചിലും തട്ടാതെ ത്രിപുരയില്‍ വീണ്ടും വീണ്ടും വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞതും ഈ ദരിദ്ര മുഖ്യമന്ത്രിയുടെ വിജയമായിരുന്നു.


കാലത്ത് എഴുന്നേറ്റാല്‍ മുഖ്യമന്ത്രിയുടെ ആദ്യ ജോലി തന്റെ വസ്ത്രങ്ങള്‍ കഴുകലാണ്. ഔദ്യാഗിക കാറില്‍ ചുവപ്പുലൈറ്റ്‌വയ്ക്കാതെ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം. ഭാര്യ പഞ്ചാലി ഔദ്യാഗിക വാഹനത്തില്‍ കയറാറില്ല. അവര്‍ പുറത്തു പോകുന്നത് റിക്ഷയിലോ അല്ലെങ്കില്‍ കാല്‍നടയായോ ആണ്. ഇങ്ങിനെയുള്ള ഒരു മുഖ്യമന്ത്രിയെ തോല്‍പ്പിച്ചതിനു സിപിഎം കേന്ദ്രനേതൃത്വം മറുപടി പറയേണ്ടിവരും.

അതിനൊരു കാരണം കൂടിയുണ്ട്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നൊരു മുന്നണിക്ക് യെച്ചൂരി ശ്രമിച്ചപ്പോള്‍ അതിനു മണിക് സര്‍ക്കാറിന്റെ പിന്‍തുണയുണ്ടായിരുന്നു. ഫാസിസ്റ്റ് ഭരണകൂടത്തെ തോല്‍പ്പിക്കാന്‍ സമാന ശക്തികളുമായി കൂട്ടുചേരണമെന്ന യെച്ചൂരി ലൈനിനു കേരളത്തിലെ സിപിഎം ആണ് അവസാനത്തെ ആണിയടിച്ചത്. അതിനു മറുപടിയെന്നോണം കേരള സംസ്ഥാന സമ്മേളനത്തില്‍ യെച്ചൂരി ഇവിടത്തെ കുട്ടിനേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരുന്നു.

സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ലെന്ന് പറഞ്ഞ ജനറല്‍ സെക്രട്ടറി യുവനേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചയിലാണ് യുവനേതാക്കളായ എഎന്‍ ഷംസീറും മുഹമ്മദ് റിയാസും യെച്ചൂരിയുടെ ബദല്‍രേഖയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരായ മറുപടി പ്രസംഗത്തിലാണ് യെച്ചൂരി അതിരൂക്ഷമായ ഭാഷയില്‍ സംസാരിച്ചത്.

'ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല ഇവിടെ ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസുമായി സഖ്യം വേണമെന്നല്ല, തന്ത്രപരമായ അടവുനയം സ്വീകരിക്കണമെന്നാണ് താന്‍ പറഞ്ഞത്. കേരള സഖാക്കള്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി പഠിക്കണം. ഗൂഗിളില്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞത്,' യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാവാം. എന്നാല്‍ അത് മാത്രം നോക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റല്ല. രാജ്യം നേരിടുന്ന വെല്ലുവിളികലെ കുറിച്ച് മനസിലാക്കണം,' യെച്ചൂരി പറഞ്ഞു.

'ഷംസീറിനും റിയാസിനും പാര്‍ട്ടി പരിപാടികള്‍ അറിയാമെന്നാണ് താന്‍ കരുതുന്നത്. അത് ഒന്നുകൂടി പഠിക്കാന്‍ ശ്രമിക്കണം. ആര്‍എസ്എസ് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനാണ് ശ്രമിക്കുന്നത്. അവരെ തകര്‍ക്കാതെ മുന്നോട്ട് പോകാനാവില്ല,' യെച്ചൂരി നയം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതിനൊന്നും ചെവികൊടുക്കാത്ത കേരള സിപിഎമ്മിന്റെ അഹങ്കാരത്തിനുള്ള അതിശക്ത മറുപടിയാണ് ബിജെപിയുടെ  വിജയം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More