ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ കണ്വെന്ഷന് ചെയര്‍മാനായി ബഷീര്‍ അമ്പലായിയെ തെരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. ഓഗസ്റ്റ് 15,16,17 തീയതികളില്‍ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ വച്ചാണ് കണ്വെന്ഷന് നടക്കുക.കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാക്കള്‍, മന്ത്രി കെ.എം മാണി, മറ്റു മന്ത്രിമാര്‍, സാമൂഹിക-സാംസ്കാരിക നേതാക്കള്‍ മുതലായവര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിക്കുന്നത് ശ്രീ. ബഷീര്‍ ആയിരിക്കും.മനാമ, ബഹ്റൈന്‍ നിവാസിയായ ബഷീര്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ വ്യക്തിയും, നല്ലൊരു വാഗ്മിയും, തികഞ്ഞ മനുഷ്യ സ്നേഹിയുമാണ്.
ഫൗണ്ടര്‍ ആന്‍ഡ് ജനറല്‍ സെക്രട്ടറി ഓഫ് ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം, പ്രസിഡന്റ് ഓഫ് മലയാളി കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ചാപ്റ്റര്‍, ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഐ.സി.ആര്.എഫ് കമ്മ്യൂണിറ്റി സര്‍വ്വീസ് മെമ്പര്‍, ദാരുശലേം ഓര്‍ഫനേജ് പേട്രന്‍, കാസര്ഗോട്ടുള്ള ദാരുശലേം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജനറല്‍ സെക്രട്ടറി, ബഹ്റൈന്‍ വെളിയന്‍കോട് ഫ്രണ്ട്ഷിപ്പ് കമ്മ്യൂണിറ്റി ഫൗണ്ടര്‍, ദോഹ എം.ഇ.എസ് സ്കൂള്‍ മെമ്പര്‍, തൃശ്ശൂരുള്ള ഐ.ഇ.എസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് എന്‍ജിനീയറിങ് കോളേജ് മെമ്പര്‍, ജനപ്രിയ മലയാളം കമ്മ്യൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും, ധര്‍മ്മ പ്രവര്‍ത്തനങ്ങളെയും മാനിച്ച് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രവാസി രത്നം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30-ലധികം വര്‍ഷങ്ങളായി ബഹ്റൈന്‍ നിവാസിയാണ് ബഷീര്‍.അദ്ദേഹത്തെപ്പോലെ പ്രാഗത്ഭ്യവും കര്മ്മപ്രാപ്തിയുമുള്ള ഒരു വ്യക്തിയെ കണ്‍വെന്‍ഷന്റെ അമരക്കാരനായി ലഭിച്ചത് എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന്റെ ആഗോള കണ്‍വെന്‍ഷന്റെ വിജയമായി കരുതുന്നുവെന്നും, കണ്വെന്ഷന് വിജയപ്രദമാക്കുവാന്‍ ബഷീറിന് ഇടയാകട്ടെയെന്നും ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്മാന് ഷീല ചെറു, ഫൗണ്ടര്‍ മാത്യു മൂലേച്ചേരില്‍, ട്രഷറര്‍ പി.പി ചെറിയാന് എന്നിവര്‍ ആശംസിച്ചു.
Comments