റോക്ക് ലാൻഡ്; ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിക്കുന്ന വേളയിൽ നാട്ടിൽ നിന്നും വന്നു ചേർന്നിട്ടുള്ള "വൈശാഖ സന്ധ്യ" എന്ന കലോപാഹാരം ഉൾപ്പെടുത്തിയിരിക്കുന്നു. സുപ്രസിദ്ധ ഗായകൻ അഫ്സൽ, ഗായകൻ സുദീപ് കുമാർ, ഗായിക സിതാരാ കൃഷ്ണകുമാർ, നടിയും നർത്തകിയും ആയ ആര്യ, സിനിമ/സീരിയൽ നടൻ സാജൻ സൂര്യ, മിമിക്രി കലാകാരന്മാരായ കലാഭവൻ ജിന്റോ, കലാഭവൻ പ്രദീപ് ലാൽ എന്നിവർ അടങ്ങുന്ന വലിയ ഒരു ഗ്രൂപ്പ് ആണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 26 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ അരങ്ങേറുന്ന ഈ സുവർണ്ണ സായാഹ്നം ഏവർക്കും ഹൃദ്യമായ ഒരനുഭവമായിരിക്കും എന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിൽ അറിയിച്ചു.
വിഷുവും ഈസ്റ്ററും ഒരേ വേദിയിൽ ആഘോഷിക്കുമ്പോൾ സമുദായ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുവാൻ ഉതകുന്നതരം പരിപാടികൾ കോർത്തിണക്കിയാണ് ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ ആ ദിവസം ആഘോഷിക്കുന്നത് എന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ കുരിയാക്കോസ് തരിയൻ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയുടെ ഔപചാരികമായ ഉദ്ഘാടനം, ഫൊക്കാനയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റിനു ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിൽ നിർവഹിച്ചു. നോയമ്പ് വീടലിന്റെ എല്ലാ തനിമയും . ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു സദ്യ തന്നെയാണ് ഡിന്നർ ആയി ഒരുക്കുന്നത് എന്ന് സെക്രട്ടറി ജയപ്രകാശ് നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments