ഷിക്കാഗോ: കേരളത്തിലെ ഐക്യ ജനാധിപത്യമുന്നണി സംവിധാനത്തില്‍ ജനപിന്തുണയുടേയും മുന്‍കാല ചരിത്രത്തിന്റേയും അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അവകാശപ്പെട്ടതാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റ് വിലയിരുത്തി. പാര്‍ട്ടിക്ക് അവകാശപ്പെട്ട കൂടുതല്‍ സീറ്റുകള്‍ തക്ക സമയത്ത് യു.ഡി.എഫില്‍ അവതരിപ്പിച്ച് നേടിയെടുക്കുവാന്‍ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തോട് പ്രവാസി കേരളാ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഷിക്കാഗോ യൂണീറ്റ് എക്‌സിക്യൂട്ടീവ് യോഗം ആനുകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്‌തു. ഹ്രസ്വസന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യുവിന് തദവസരത്തില്‍ സ്വീകരണം നല്‍കി.
യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയ ജനസമ്പര്‍ക്ക പരിപാടിക്ക് നേതൃത്വം നല്‍കിയ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം അഭിനന്ദിച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന ഇടതുപക്ഷത്തിന്റെ കാലഹരണപ്പെട്ട സമരരീതിയില്‍ നിന്നും പിന്മാറുവാന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പുനപരിശോധിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് വിലയിരുത്തി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ ധനകാര്യമന്ത്രി കെ.എം. മാണിയേയും, ജലസേചന വകുപ്പു മന്ത്രി പി.ജെ. ജോസഫിനേയും യോഗം അഭിനന്ദിച്ചു. ജനപ്രതിനിധികള്‍ക്കെല്ലാം മാതൃകയായി കോട്ടയത്തിന്റെ വികസന നായകനായി മാറിയ ജോസ് കെ. മാണി എംപിയെ യോഗം പ്രശംസിച്ചു.
കേരളത്തിനു വെളിയില്‍ ഇതിനോടകം നിരവധി യൂണീറ്റുകള്‍ ഉണ്ടായികഴിഞ്ഞിരിക്കുന്ന പ്രവാസി കേരളാ കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കണമെന്ന് ഷിക്കാഗോ യൂണീറ്റ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി ജയ്‌ബു മാത്യു കുളങ്ങര, പി.സി. മാത്യു എന്നിവരെ യോഗം ചുമതലപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് ജൂബിലി സമാപനം അടുത്തവര്‍ഷം വിപുലമായി നടത്തുവാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജയ്‌ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു, ഷിക്കാഗോ യൂണീറ്റ് ഭാരവാഹികളായ സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, ഷിബു അഗസ്റ്റിന്‍, മാത്യു തട്ടാമറ്റം എന്നിവര്‍ പ്രസംഗിച്ചു.
Comments