You are Here : Home / USA News

നോര്‍ത്ത് ടെക്‌സസില്‍ പുതിയ ലേക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Text Size  

Story Dated: Tuesday, May 29, 2018 02:26 hrs UTC

നോര്‍ത്ത് ടെക്‌സസിലെ ഫാനിന്‍ കൗണ്ടിയില്‍ പുതിയ ലേക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുപ്പതു വര്‍ഷത്തിനുശേഷം ആദ്യമായാണ് ടെക്‌സസില്‍ ഒരു പുതിയ ലേയ്ക്ക് നിര്‍മ്മാണം ആരംഭിക്കുന്നത്.

ലേയ്ക്കിനും അതിനോടുചേര്‍ന്ന റിസര്‍വോയറിനും 1.6 ബില്യന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ലോവര്‍ ബോയിസ് ഡി ആര്‍ക് ക്രീക്ക് റിസര്‍വോയര്‍ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. നിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ 15 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. നോര്‍ത്ത് ടെക്‌സസ് മുനിസിപ്പല്‍ വാട്ടര്‍ ഡിസ്ട്രിക്ടിന്റെ കീഴിലായിരിക്കും ഈ ലേയ്ക്ക്. ഡാമിന് രണ്ടുമൈല്‍ നീളം ഉണ്ടാകും. അധികം താഴോട്ട് കുഴിച്ചായിരിക്കില്ല ലേയ്ക്ക് നിര്‍മ്മിക്കുന്നതെന്നു ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോം കൂള പറഞ്ഞു. ഒരു ബൗള്‍ പോലെ ഇപ്പോള്‍ കാണുന്ന പ്രദേശത്തായിരിക്കും തടാകം നിര്‍മ്മിക്കുകയെന്ന് കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷത്തിനുള്ളില്‍ മഴവെള്ളവും അരുവിയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളവും പൊള്ളയായ ഭൂഭാഗത്തെ നിറച്ച് തടാകമാക്കി മാറ്റും. 2022-ഓടെഈ 16,641 ഏക്കര്‍ വിസ്തൃതിയുള്ള ലേക്കില്‍ നിന്നു കിഴക്കന്‍ ഡാലസ് കൗണ്ടിയിലേക്കും, കൊളിന്‍ കൗണ്ടിയിലേക്കും വെള്ളം പമ്പു ചെയ്തു തുടങ്ങും. വളരെ വേഗം വളരുന്ന നഗരങ്ങളാണ് ഈ പ്രദേശത്തുള്ളത്.

റിസര്‍വോയര്‍ അറിയപ്പെടുക നോര്‍ത്ത് ടെക്‌സസ് മുനിസിപ്പല്‍ ലേക്ക് എന്നായിരിക്കും. 1951-ല്‍ പത്തു പ്രാദേശിക നഗരങ്ങള്‍ ചേര്‍ന്നാണ് ഈ ഡിസ്ട്രിക്ട് ഉണ്ടാക്കിയത്. ഇപ്പോള്‍ അംഗങ്ങളായി 13 നഗരങ്ങളുണ്ട്. 80 നഗരങ്ങളിലുള്ള 17 ലക്ഷം ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത് ഈ ഡിസ്ട്രിക്ടില്‍ നിന്നാണ്.

പുതിയ ലേക്ക് പ്രതിദിനം 108 മില്യന്‍ ഗ്യാലന്‍ വെള്ളം നല്‍കുമെന്നും, 2040 വരെയുള്ള ഡിസ്ട്രിക്ടിന്റെ ആവശ്യം നിറവേറ്റുമെന്നും കൂള പറയുന്നു. മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ജല വിതരണത്തിന് പദ്ധതിക്ക് കഴിയുമെന്നു ഡിസ്ട്രിക്ടിലെ അംഗ നഗരങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.

1950-കളിലെ "ഡ്രോട്ട് ഓഫ് റെക്കോര്‍ഡാ'ണ് ഒരു വാട്ടര്‍ ഡിസ്ട്രിക്ട് രൂപപ്പെടുത്താന്‍ നഗരങ്ങളെ പ്രേരിപ്പിച്ചത്. റിസര്‍വോയറില്‍ നിന്നു ഡാലസ്, ഫാനിന്‍, കൊളിന്‍ കൗണ്ടി നിവാസികള്‍ക്ക് വെള്ളം ലഭിക്കും. ഫാനിന്‍ കൗണ്ടിയില്‍ കഴിഞ്ഞ എണ്‍പത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും ഗ്രാമീണ ടെക്‌സസില്‍ ഇലക്ട്രിസിറ്റി എത്തിച്ചതുപോലെയാണ് ഇതെന്നും കൗണ്ടി ജഡ്ജ് ക്രെഡസ്പാന്‍സ്കി കാര്‍ട്ടര്‍ പറഞ്ഞു.

ലേക്ക് വരുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. ആര്‍മി കോര്‍ ഓഫ് എന്‍ജിനീയേഴ്‌സ് നേടിയ പെര്‍മിറ്റ് ജല, പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നാരോപിച്ച് ഇവര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ 67-കാരനായ കെന്നത്ത് ജോണ്‍സിനെപ്പോലെയുള്ള സ്ഥലവാസികള്‍ പദ്ധതി വരുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു.ജോണ്‍സ് തന്റെ 400 ഏക്കറില്‍ നിന്നു 40 ഏക്കര്‍ ഇതിനുവേണ്ടി ഡിസ്ട്രിക്ടിനു വിറ്റു. പദ്ധതിക്ക് ആവശ്യമായതിന്റെ 85 ശതമാനം ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞതായി ഡിസ്ട്രിക്ട് പറയുന്നു.

വാട്ടര്‍ ഡിസ്ട്രിക്ട് 2015-ല്‍ നടത്തിയ പഠനത്തില്‍ ലേക്ക് വന്നു കഴിഞ്ഞാല്‍ ഫാനില്‍ കൗണ്ടിയിലെ വസ്തു വകകളുടെ വില 316 മില്യന്‍ ഡോളര്‍ വര്‍ധിക്കുമെന്നും പുതുതായി 166 മില്യന്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും കണ്ടെത്തി. മേഖലയ്ക്ക് ഒരു പുതിയ ജലസ്രോതസ് അത്യന്താപേക്ഷിതമാണ്. ജലദൗര്‍ലഭ്യം ബില്യന്‍ കണക്കിന് ഡോളറുകളുടെ സമ്പത്തിക വളര്‍ച്ചയും ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളും നഷ്ടപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

By: ഏബ്രഹാം തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.