ന്യൂജേഴ്സി: പ്രമുഖ പ്രവാസി സംഘടനായ നാമം മാള്‍ബറോയിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നടത്തുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് സഞ്ജീവ് കുമാറിനെ തെരെഞ്ഞെടുത്തതായി നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന് ബി നായര്‍ അറിയിച്ചു.
ന്യൂജേഴ്സിയില്‍ ആദ്യമായാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുന്നത്. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന ആത്മീയതയ്ക്ക് ഉണര്‍വേകാന്‍ വേണ്ടിയുള്ള സപ്താഹ യജ്ഞത്തില്‍ ജാതിമത ഭേദമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ശീമദ് ഭാഗവത മഹാപുരാണം തുഞ്ചത്ത് എഴുത്തച്ഛന് കിളിപ്പാട്ട് രൂപത്തിലാക്കിയതാണ് വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ് പുളിക്കല്‍, രാധാകൃഷ്ണ പിള്ള, ശ്രീധരന് നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ് പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്കാരിക സമ്മേളനം, കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും.
ഈ യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രെജിസ്ട്രേഷനും ഭക്ഷണവും സൗജന്യമായിരിക്കും.
വിപുലമായി നടത്തുന്ന സപ്താഹ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. യജ്ഞത്തില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഞ്ജീവ് കുമാര്‍ പറഞ്ഞു. മികച്ച സംഘാടകനായ സഞ്ജീവ് കുമാര്‍ തന്നെ ഈ ചുമതല ഏല്‍പ്പിച്ച നാമം ഭാരവാഹികള്‍ക്ക് സ്നേഹാദരവുകള്‍ രേഖപ്പെടുത്തി.
Comments