ഓര്‍ലാന്റോ: ഓര്‍ലാന്റോ റീജിണല്‍ മലയാളി അസോസിയേഷന്റെ (ഒരുമ) 2014-ലെ വാര്‍ഷിക പിക്നിക്കിനു പ്രകൃതിരമണീയമായ വേയ്ക്വാ സ്പ്രിംഗ് സ്റ്റേറ്റ് പാര്‍ക്ക് വേദിയായി. മാര്‍ച്ച് ഒന്നിന് നടത്തപ്പെട്ട പിക്നിക്കില്‍ ഓര്ലാന്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. മലയാളികള്‍ക്ക് ഒത്തുകൂടുവാനും തിരക്കുകള്‍ക്ക് അവധി നല്കി കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സൗഹൃദം പങ്കുവെയ്ക്കുവാനുമുള്ള ഒരു വേദിയായി പിക്നിക്ക് മാറി. പിക്നിക്കിന് അസോസിയേഷന് സെക്രട്ടറി ഷിനു തോമസ് നേതൃത്വം നല്കി. ഒരുമയുടെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അശോക് മേനോന് എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ട് പിക്നിക്ക് ഉദ്ഘാടനം ചെയ്തു.
ഒരുമയുടെ മുന്‍കാല പ്രസിഡന്റുമാരായ നോബിള്‍ ജനാര്ദ്ദനന്, ഷാജി തൂമ്പുങ്കല്‍, അശോക് മേനോന്, സജി ജോണ്‍ എന്നിവര്‍ തങ്ങളുടെ സ്വതസിദ്ധമായ നേതൃപാടവത്തോടെ മറ്റ് കമ്മിറ്റി അംഗങ്ങളോടൊപ്പം പിക്നിക്കിനു ചുക്കാന്‍ പിടിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ തോമസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വൈവിധ്യമാര്‍ന്ന വിനോദപരിപാടികളും മത്സരങ്ങളും പിക്നിക്കിനു മാറ്റുകൂട്ടി. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം ആവേശകരവും കൗതുകകരവുമായിരുന്നു. കപ്പയും ചമ്മന്തിയും തുടങ്ങി ബാര്‍ബിക്യൂ ചിക്കന്‍ വരെ വിവിധതരം വിഭവങ്ങള്‍ ഓരോരുത്തരുടെ വയറും മനസും സംതൃപ്തമാക്കിയപ്പോള്, ഒത്തൊരുമയുടെ ആഘോഷത്തിനു മാറ്റുകൂട്ടുവാന്‍ കുളിര്മയുള്ള ഒരു നല്ല കാലാവസ്ഥമായി പ്രകൃതി എത്തി. പിക്നിക്ക് വന്‍ വിജയമാക്കിത്തീര്‍ത്ത് അതില്‍ പങ്കുകൊണ്ട എല്ലാവര്ക്കും സെക്രട്ടറി ഷിനു തോമസ് നന്ദി രേഖപ്പെടുകയും, അതോടൊപ്പം ഒരുമയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വൈകിട്ട് അഞ്ചുമണിയോടെ പിക്നിക്കിന് തിരശീല വീണു.
Comments