- ബിജു വാക്കേല്
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ ക്രിസ്മസിനു മുന്നോടിയായി കരോളിംഗിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ സെന്റ് ആന്റണീസ് കൂടാരയോഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഡിസംബര്‍ 31-ന് രാത്രി വര്‍ഷാവസാന പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറേക്കരയില്‍ നിന്നും സമ്മാനങ്ങള്‍ കൂടാരയോഗം കണ്‍വീനര്‍ ബിജു വാക്കേല് ഏറ്റുവാങ്ങി.
ക്രിസ്മസ് സന്ദേശം അറിയിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കുടുംബങ്ങളില്‍ കരോള്‍ നടത്തിയതിനുള്ള ഒന്നാം സമ്മാനം സെന്റ് ആന്റണീസിനു ലഭിച്ചു. ദേവാലയത്തിന്റെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ക്രിസ്മസ് കരോളിലൂടെ ഏറ്റവും കൂടുതല്‍ തുക സ്വരൂപിച്ചതിനുള്ള സമ്മാനവും സെന്റ് ആന്റണീസിനു ലഭിച്ചു. ഇടവകയിലെ ഏറ്റവും നല്ല പുല്‍ക്കൂടിനുള്ള രണ്ടാം സ്ഥാനം സെന്റ് ആന്റണീസ് കൂടാരയോഗത്തിലെ സോയി കുഴിപറമ്പിലിന് ലഭിച്ചു.
മൂന്നാഴ്ചക്കാലം നീണ്ടുനിന്ന ഈവര്‍ഷത്തെ ക്രിസ്മസ് കരോളിന് സെന്റ് ആന്റണീസ് കൂടാരയോഗം ഭാരവാഹികളായ ബിജു വാക്കേല്, മേരിക്കുട്ടി ചെമ്മാച്ചേല്‍, ബെന്നി നല്ലുവീട്ടില്‍, നവീന്‍ കണിയാംപറമ്പില്‍, സിന്ധു മറ്റത്തിപ്പറമ്പില്‍, സജി വെള്ളാരംകാലായില്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments