''ജില്ലയ്ക്കൊരു കാല്'' എന്ന പരിപാടി ഓര്‍ക്കുന്നില്ലേ! കൃത്രിമക്കാലു് പോലെ കേരളീയരുടെ കാലിന് ഫൊക്കാന ഒരു താങ്ങു പകര്‍ന്ന ചരിത്രം. കേരളത്തിലെ ഓരോ ജില്ലയിലും കാലു നഷ്ടപ്പെട്ട ഒരു വ്യക്തിക്കു വീതം പകരക്കാലു നല്കിയ കഥ. അമേരിക്കയിലെ പത്ര വായനാശീലമുള്ളതും നാല്പതുവയസ്സിനു മേലോട്ടുള്ളതുമായ മലയാള ജനങ്ങള്‍ക്കറിയാവുന്ന കഥ. ഫൊക്കാനാ, ഫോമാ, പ്രസ്ക്ലബ്ബ്, ലാനാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഓര്മ, നൈന എന്നിത്യാദി സംഘടനാ പ്രവര്‍ത്തകര്‍ ഒരുവട്ടമെങ്കിലുംകണ്ണോടിച്ച; ''ജില്ലയ്ക്കൊരു കാലിന്റെ'' ചരിത്രം. അതൊന്നു പുതുക്കിപ്പണിയേണ്ട സമയമായിരിക്കുന്നു. ഗാന്ധി ജയന്തി സീസണാണ്. പറ്റിയ സമയമാണ്.
''മാമലകള്‍ക്കപ്പുറത്ത്, മരതകപ്പട്ടുടുത്ത്, മലയാളമെന്നൊരു നാടുണ്ട്''; ''പെരിയാറേ, പെരിയാറേ, കുളിരും കൊണ്ട് കുണുങ്ങി വരുന്നൊരു മലയാളിപ്പെണ്ണാണു നീ''; ''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, അതില്‍ നാരായണക്കിളി കൂടുപോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്...വഴക്കൂമ്പുപോലൊരു പെണ്ണുണ്ട്'' എന്നിങ്ങനെ തൊള്ളായിരത്തി എഴുപതുകളിലെ മലയാള യൗവനങ്ങളെജീവിക്കാന് പ്രേരിപ്പിച്ച ഗാന മന്ത്രങ്ങളുടെ ശുദ്ധവാഹിനികള് പതഞ്ഞൊഴുകിയ നാടിന്റെ ചരിത്രം.!
വൃത്തിയും വെടിപ്പും ദൈവത്തോടടുത്തു നില്ക്കുന്നു. 'CLEANLINESS IS NEXT TO GODLINESS” (ബൈബിളില്‍ ലേവ്യര്‍, ഏശയ്യ, സങ്കീര്‍ത്തനങ്ങള്‍, ഹെബ്രായര്‍, പത്രോസ്, യോഹന്നാന്, കോറിന്തോസ് എന്നീ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വിവിധ വചനങ്ങളിലുള്ള ആശയം). ശ്രീ ലക്ഷ്മീദേവിയായ ഐശ്വര്യ ദേവത വാഴുക വൃത്തിയുള്ളിടത്താണ്, മൂശ്ശേട്ട മാറാലകെട്ടി കുടിപാര്‍ക്കുക വൃത്തിഹീനമായ സ്ഥലങ്ങളിലാണ് എന്ന് നാം മലയാളികള്മൊഴിയഴകുകളിലൂടെ കേട്ടു വളര്‍ന്നവരണ്. അതെല്ലാം പൊയ്പ്പോയ്. ആ നഷ്ടവസന്തത്തെ''ദൈവത്തിന്റെ സ്വന്തം നാട്'' എന്ന് പേരു ചാര്‍ത്തി നാം കൊണ്ടാടുന്നു.
അതോടൊപ്പം കൊട്ടിഘോഷിക്കാന്‍ നമുക്ക് കിട്ടിയ ഒരു വചനാമൃതമാണ് ''കേരളാ മോഡല്‍''. 1980-കളുടെ അന്ത്യത്തില്‍ റിച്ചര്‍ഡ് ഫ്രാങ്ക് എന്ന അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റ് കേരളത്തിലെ Nadur എന്ന ഗ്രാമത്തെ ഒരു സാമ്പിളായി കണക്കാക്കി 170 കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണ സര്‍വേ പ്രകാരം അക്കാലത്ത് 50% വീടുകള്‍ക്കു മാത്രമേ ഭക്ഷണം പാകം ചെയ്യുവാനുള്ള പാത്രങ്ങളും പാചക സൗകര്യങ്ങളും ഉണ്ടായിരുന്നുള്ളു; ഒരു പലക ബെഞ്ചെങ്കിലും സ്വന്തമായി ഉണ്ടായിരുന്നുള്ളു, ഒന്നിലധികം സ്റ്റൂളുകള്‍ ഉണ്ടായിരുന്നുള്ളൂ; ബെഡ് ലഭ്യമായിരുന്നില്ല; 36% കുടുംബങ്ങളിലേ വല്ല കസേരയോ കട്ടിലോ കാണ്മാനുണ്ടായിരുന്നുള്ളൂ. 19% വീടുകളിലേ മേശ ഉണ്ടായിരുന്നുള്ളൂ. 3% വീടുകളില്‍ മാത്രമായിരുന്നു കുഷനിട്ട ഇരിപ്പിടങ്ങള്‍ കാണ്മാനുണ്ടായിരുന്നത്.
എന്നാല്‍ ഈ ചിത്രത്തിനപ്പുറം വ്യാപിക്കുന്ന വിദ്യാഭ്യാസ മേന്മയുടെ ശോഭ ഇനി പറയുന്ന പ്രകാരം അന്നത്തെ കേരള നാട്ടില്‍ കണ്ട് റിച്ചര്‍ഡ് ഫ്രാങ്ക് എന്ന അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റ് അത്ഭുതം കൂറി. അന്നത്തെ ഒരു വടക്കേ അമേരിക്കന്‍ പുരുഷന്റെ പ്രതീക്ഷിത ആയുസ്സ് 72 ആയിരിക്കെ അന്നത്തെ കേരളീയന്റേത് 70. അന്നത്തെ അമേരിക്കയിലെ കന്സാസ്സിലെ ഒരാളുമായി സംസാരിക്കുമ്പോള്‍ ഒരുപക്ഷേകിട്ടിയേക്കവുന്ന പൊതുവിജ്ഞാന സാമര്‍ത്ഥ്യത്തോടെ ആ സര്‍വേ കാലഘട്ടത്തിലെ കേരളീയനും സംഭാഷണത്തില്‍ മികച്ചു നില്ക്കുന്നു. കേരളത്തിലെ ജനന നിരക്ക് 18%, അമേരിക്കയിലെ കന്സാസിലേത് അക്കാലത്ത് 16%. ചുരുക്കിപ്പറഞ്ഞാല്‍ ജനസംഖ്യാശാസ്ത്രപ്രകാരം കേരളീയര്‍ അക്കാലത്തെ അമേരിക്കയുടെ ജീവിത നിലവാരം നേടിയത് അന്നത്തെ അമേരിക്കയുടെ എഴുപതിലൊരംശം മാത്രം പ്രതിശീര്‍ഷ മുതല്‍ മുടക്കിലാണ്. പ്രഭാതങ്ങളില്‍ കേരളത്തിലെ എല്ലാ പാതകളും പള്ളിക്കൂടങ്ങളെ ലക്ഷ്യമാക്കി ചുവടു വയ്ക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ട് നിറയുന്ന മനോഹരമായ കാഴ്ച്ച. ഇത്തരത്തിലുള്ള വസ്തുതകളാണ് കേരളാ മോഡല്‍ എന്ന പേരില്‍ വിഖ്യാതമായത്. (ബില്‍ മക്കിബ്ബെന്‍ എന്ന ഗ്രന്ഥകര്‍ത്താവിന്റെ പഠനങ്ങളില്‍ നിന്നും മറ്റും). ചുരുക്കത്തില്‍ കേരളാ മോഡല്‍ ഉയര്‍ത്തിക്കാട്ടുന്ന കേരളത്തിന്റെ ചിത്രം ഉന്നത ലോക നിലവാരത്തിന്റേതാണ്. {Life Is a Little Better: Redistribution As a Development Strategy in Nadur Village, Kerala (Conflict Series) March 1, 1993 byRichard W. Franke(Author)}
അത് പഴങ്കഥ. ഇന്ന് വൃത്തിയുടെ കാര്യത്തില്‍ കേരളം അരാജകത്വവും അഴിമതിയും കൊടികുത്തിവാഴുന്ന പട്ടിണിരാജ്യങ്ങളുടെ നിലവാരത്തിലേക്ക് മൂക്കു കുത്തുന്നഅവസ്ഥയാണുള്ളത്. ലോകമെമ്പാടും പടര്‍ന്ന അദ്ധ്വാന വര്‍ഗമായ വിദേശ മലയാളികളുടെ പണം ധൂര്‍ത്തടിക്കുന്ന തദ്ദേശീയ മലയാളികള്‍.
വ്യക്തിശുചിത്വം മലയാളിയുടെ മുഖ മുദ്രയാണെന്ന് പൊങ്ങച്ചം പറയാറുണ്ട്. വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹമുണ്ടാകുന്നതെങ്കില് ആ വ്യക്തിശുചിത്വം പൊതു രംഗങ്ങളില്‍ കാണണം. പൊതുശുചിത്വമില്ലെങ്കില് വ്യക്തിശുചിത്വം ഉണ്ടെന്നു പറയുന്നത് നുണയാകും. വൃത്തിഹീനതകൊണ്ട് പിശാചിന്റെ സ്വന്തം നാടായി കേരളം മാറുന്നു.
പൊതു സ്ഥലങ്ങളില്‍ തുപ്പരുത് എന്ന് 2006ല്‍ കേരള സര്‍ക്കാര്‍ നിയമം പാസാക്കിയതാണ്. ഹയ്യോ ! തുപ്പലഭിഷേകമാണ് കേരളത്തിലെ നിരത്തുകളിലെല്ലാം. മലബാറിലാണ് ഈ തെമ്മാടിത്തം ഏറെ. പുരുഷന്മാരാണ് ഈ വൈകൃതത്തില്‍ ബഹുദൂരം മുന്നില്‍. മര്യാദകെട്ട മലയാളികള്‍. ''പരനാറി'' പ്രയോഗം (പരദുര്ഗന്ധി എന്ന് അച്ചടിഭാഷയിലെ സഭ്യ മലയാളം ശീലിച്ചവര്‍ പറയും ) പിണറായിയുംകണ്ണൂൂര് നേതാവും പറഞ്ഞതു ശരിയാണ്, പക്ഷേ അതു ചേരുക ഇത്തരം തുപ്പലുതെണ്ടികള്ക്കാണ്. കട്ടക്കഫം, ബിയര്‍ നുരയുന്നതു പോലുള്ള തുപ്പല് പത! ഈ തുപ്പല് പ്രളയം എന്തെന്തു രോഗബീജങ്ങളുടെ താവളങ്ങളല്ലെന്നാര്ക്കു പറയാനാവും!? ഇതിന്മേലേയാണ് കാല്‍നടയായി പോകുന്ന തൊഴിലാളിയും മുതലാളിയും ഉദ്യോഗസ്ഥനും വിദ്യാര്‍ത്ഥിയും നേഴ്സും അദ്ധ്യാപകരും കന്യാസ്ത്രീയും ചവിട്ടി ബസ്സിലും കാറിലും വീട്ടിലും ആശുപത്രിയിലും വിദ്യാലയത്തിലും ദേവാലയത്തിലും ഓഫീസിലും എത്തുക, അങ്ങനെ രോഗ ബീജങ്ങളുടെ കൊറിയര്‍ സര്‍വീസു നടത്തുന്ന ഫെഡെക്സു കമ്പനിയായി അവര്‍ മാറുന്നു. സാരിക്കാരുടെ സാരിത്തുമ്പത്ത് ഈ തുപ്പല് രോഗബീജങ്ങള്‍ ഊഞ്ഞാലാട്ടുന്നു. സ്ത്രീപാദങ്ങള്‍ ദേവീ പാദങ്ങളാകയാല് അവയെ അത്തരത്തില്‍ ബഹുമാനിക്കുന്നവര്‍ക്ക് സമ്മാനമായി തുപ്പലണുക്കള് പകരുന്നൂ.. ഹാ എന്തു മനോഹരം കേരളം. അവര്‍ പറയും കേരളം തമിഴ് നാട്ടിനേക്കാള്‍ ഭേദമല്ലേയെന്ന്..
ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെഏതു പൊതിക്കടലാസ്സും പ്ലാസ്റ്റിക് കൂടുകളും ഇവറ്റകള് പൊതു നിരത്തിലേക്ക് എറിയുകയോ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടില്‍ ഇടുകയോ ചെയ്യും. വായ്ക്കോട്ട വിടുമ്പോള്‍ വായ കൈ കൊണ്ട് മറയ്ക്കയില്ല. അളിഞ്ഞ വായ നാറ്റം തൊട്ടടുത്ത വ്യക്തിക്ക് ആസ്വദിക്കാം! കേരളാ-പുകവലി കള്ളുകുടി-പുരുഷന്മാര് മിക്കവാറും ചുമ രോഗികളാണ്. ചുമയ്ക്കുമ്പോള്‍ അത് അപരന്റെ ശ്വാസ നാളത്തിലേക്ക് സംക്രമിക്കണം എന്നാണ് ഈ നെറികെട്ട വകകളുടെ പെരുമാറ്റം. മൂക്കു പിഴിയുന്നതും തുമ്മുതും യാതൊരു തൂവാലക്കവചവുമില്ലാതെ. ഇത്രയൊക്കെ പൈശാചികമായ അപമര്യാദകള്‍ സഹിച്ചും കേരള മാതാവ് കഴിയുന്നു.
പുതുപ്പണക്കേരളീയര് ടൂ വീലറിലും ഫോര്‍ വീലറിലും വിലസുന്ന കാഴ്ച്ച തക്ഷക രാജ്യത്തിലെ പാമ്പുകള്‍ നുഴയുന്ന പോലെയോ കാശ്മീരിലേക്ക് നുഴഞ്ഞു കയറുന്ന പാകിസ്ഥാന് പട്ടാളക്കാരെപ്പോലെയോ ആണ്. കാല്‍നടക്കാരുടെ ഇടകളിലേക്ക് ഇടിമിന്നല്‍ പോലെ അഥവാ ഇടിവെട്ടു പോലെ എപ്പോള്‍ വേണമെങ്കിലും ഓര്‍ക്കാപ്പുറത്ത് ഈ വാഹനത്തെമ്മാടികള് കടന്നു കയറും. മെയിന്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്ക്കല്ല മുന്‍ഗണന, മറിച്ച് ഇടവഴികളില്‍ നിന്നും വശങ്ങളില് നിന്നും മെയിന്‍ റോഡിലെ വാഹാനത്തെ ക്രോസ് ചെയ്യുന്ന വാഹനങ്ങളാണ് താരങ്ങള്‍.
സാധാരണ റെസ്റ്റോറന്റുകളിലെ കാഴ്ച്ച ഭായനകം. മൂക്കു ചൊറിഞ്ഞും കണ്ണു തിരുമ്മിയും മേലു തടവിയും കൊണ്ടു നടക്കുന്ന കൈവിരലുകള്‍ കൊണ്ട് ലാളിച്ച ചായഗ്ലാസ്സില്; ചായ ദ്രാവകത്തിന്റെ ഉച്ചിയില്‍; വൃത്തികെട്ട കൈവിരലുകള്‍ താഴ്ത്തി; വിളമ്പുന്ന ചായ. അപ്രകാരം തന്നെ ഭക്ഷണം വിളമ്പലും. മേശപ്പുറത്തെ എച്ചില് തുടയ്ക്കുന്ന തുണി അളിഞ്ഞത്. ചിലയിടങ്ങളില്‍ മേശപ്പുറത്തെ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത് ഭക്ഷണം വിളമ്പുന്ന പാത്രത്തില്‍ തന്നെ. വിളമ്പുകാര്‍ കൈ തുടയ്ക്കുന്നതാകട്ടേ മേശയുടെയും കതകിന്റെയും വിളുമ്പുകളില്‍. കേരളത്തില്‍ മിക്കവാറും എല്ലാ ഭക്ഷണ സപ്ലയര്മാരുംഇപ്പോള് മൂക്കു പതിഞ്ഞവരാണല്ലോ! കുടിക്കാന്‍ കൊടുക്കുന്ന വെള്ളം ശരിക്കു തിളപ്പിച്ചതാവണമെന്നും ഇല്ല. വരുവോരും പോകുവോരും ഒരേപോലെ ഷെയര്‍ ചെയ്യുന്ന പത്രങ്ങളും സ്പൂണുകളും കഴുകുന്നതാകട്ടേ ഒരു ചാണ് വെള്ളത്തില്‍, കാക്കക്കുളി പോലെ.
കുപ്പിക്കകത്തു കിട്ടുന്ന കുടിവെള്ളത്തിലെ പോലും വിസര്‍ജ്യത്തിന്റെ തോത് സര്‍ക്കാര്‍ പറയുന്നത് വളരെ കൂടുതലാണെന്നാണ്,ഈ തോത് പറയുക എന്നതിനാണല്ലോ അഞ്ചു വര്‍ഷം കൂടുമ്പോള്‍ കൈവിരലില്‍ മായാ മഷി പുരട്ടിയും തൊണ്ട കാറിയും തമ്മിലടിച്ചും കുത്തിക്കൊന്നും ജനങ്ങള്‍ 20 മന്ത്രിപുംഗവരെ തിരഞ്ഞെട്ടുത്തു ടര്‍ക്കി ടവല്‍ വിരിച്ച കസേരകളില്‍ ഇരുത്തുന്നത് (600 പേഴ്സണല്‍ സ്റ്റാഫിനു ഓരോരൂത്തര്‍ക്കും ശരാശരി ഏകദേശം അരല ലക്ഷം രൂപാ വീതം മാസശമ്പളം അഞ്ചു വര്‍ഷത്തേക്ക്, പിന്നെ പെന്‍ഷനും), 140 സാമാജികരെയും അത്തരം വെള്ളാനപ്പടകളെയും എഴുന്നെളിക്കുന്ന ഒരു പൂരപ്പറമ്പാണിന്നെന്റെ കേരളം എന്നു കവിതയെഴുതാനുംതെരുവു നാടകം കളിക്കാനും താടി നീട്ടി മേല്‍ച്ചുണ്ടിലേക്ക് താഴ്ത്തി വളര്‍ത്തി അഴുക്കുംഎച്ചിലും നിറയ്ക്കുന്ന കട്ടി മീശക്കാരുടെ ബു. ജീ നിരയുമുണ്ടല്ലോ.. നമുക്കതു പോരേ?
ജുഗുപ്സയ്ക്ക് ഇതും കൂടെ: ''മൂലക്കുരു, അര്‍ശസ്സ്, ഫിസ്റ്റുല എന്നിവയ്ക്ക് ഓപ്പറേഷന് കൂടാതെ ചികിത്സ'' ഇത്തരം ബോര്‍ഡ് ഇല്ലാത്ത ഒരു കവല പോലും ഇന്നു കേരളത്തിലില്ല. ആര്‍ക്കാണാവോ ഇത്രമാത്രം മൂലക്കുരു? ഇങ്ങനെ മൂലക്കുരു വരാന്‍ എന്താണാവോ കാരണം?
''രക്തം, കഫം, മലം, മൂത്രം ഇവിടെ പരിശോധിക്കും'' എന്നാണ് 'ലബോറട്ടറി' എന്നെഴുതുന്നതിനു പകരംലാബുകളുടെ ബോര്‍ഡ്. അതുകൊണ്ടായിരിക്കാം രക്തം കഫം മലം മൂത്രം എന്നിവ തെരുവില്നിരങ്കുശ്ശം നവമലയാളി തൂവുന്നത്.
പട്ടികളുടെ വിഹാരരംഗമായ കേരളത്തെ 'പട്ടിത്താനം' എന്നോ പന്നികള്‍ക്കു യോജിച്ച വൃത്തിപാലിക്കുന്ന കേരളത്തെ 'പന്നിയങ്കര' എന്നോ പേരു മാറ്റി വിളിക്കേണ്ടി വരുന്നൂ.കേരളത്തിലെ ബസ് സ്റ്റാന്റുകളാണ് ഇത്തരം വസ്തുതകള്‍ നേരോ എന്നറിയാന്‍ പറ്റിയ എളുപ്പ സ്ഥലം.ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ ജന്മനാടിനെ കരകയറ്റാന്‍ അല്ലയോ ഫൊക്കാനക്കാരേ, ഫോമക്കാരേ, പ്രസ്ക്ലബ്ബുകാരേ, ലാനക്കാരേ, മലയാളി കൗണ്സിലുകാരേ, ഓര്മ്മക്കാരേ, നൈനക്കാരേ; അമേരിക്കയില്‍ നിങ്ങള്‍ ശീലിച്ച ആ ''പ്രോ ആക്ടീവ് പ്ലാനിങ്ങ് കൊണ്ട്'' '' ജില്ലക്കൊരു തല'' എന്ന മുദ്രാവാക്യം കുറിച്ച്; സമകാലീന തദ്ദേശ മലയാളിയെ ഗാന്ധിജി സ്വപ്നം കണ്ട ശുചിത്വ ഭാരതത്തിന്റെ, ശാലീനയായ കേരള മാതാവിന്റെ മക്കളെന്ന നിലയിലേക്ക് /തിരിച്ചറിവിലേക്ക് ഉണര്‍ത്തുമോ?;
റിയാക്ടീവ് വായാടിത്തവും ഫ്ളെക്സ്പടം നിരത്തലും കൊണ്ട് വിദേശ മലയാളിയുടെ പണം ധൂര്‍ത്തടിച്ചു പേക്കുത്തു കാണിക്കുന്ന സിനിമാ നടന്മാരും രാഷ്ട്രീയ നടന്മാരും സാഹിത്യ നടന്മാരും ബ്യൂറോക്രസ്സീ നടന്മാരും തെണ്ടിത്തരവും തെമ്മാടിത്തരവും കൈമുതലാക്കിയ പരിഷകളും ഉള്‍പ്പെടുന്ന സമകാലീന തദ്ദേശ മലയാളിയെ ശാലീനയായ കേരള മാതാവിന്റെ മക്കളെന്ന നിലയിലേക്ക് /തിരിച്ചറിവിലേക്ക് ഉണര്‍ത്തുമോ?; ഉണര്‍ത്തുമോ?;
ഈ അപരാധ ദുരിത ദുരന്തത്തില്‍ നിന്ന് നമ്മുടെ ജന്മ നാടിനെ കരകയറ്റാന്‍ അല്ലയോ ഫൊക്കാനക്കാരേ, ഫോമക്കാരേ, പ്രസ്ക്ലബ്ബുകാരേ, ലാനക്കാരേ, മലയാളി കൗണ്സിലുകാരേ, ഓര്മ്മക്കാരേ, നൈനക്കാരേ ''ജില്ലക്കൊരു തല'' നല്‍കാമോ? നിങ്ങളുടെ ചിന്താബോധമമുള്ള തല!
Comments