റലെ, നോര്‍ത്ത് കരോലിന: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാഗമായ നോര്‍ത്ത് കരോലിന മാര്‍ത്തോമാ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പിക്നിക്ക്, ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥനാ പൂര്‍വ്വമായ മികച്ച പങ്കാളിത്തംകൊണ്ടും നല്ല ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൊതിയൂറുന്ന കലവറയൊരുക്കി ഒരു മായാലോകം തന്നെ സൃഷ്ടിച്ച ഭാരവാഹികളേയും, അവരോടൊപ്പം പ്രവര്‍ത്തിച്ച അനേകം ആളുകളുടെ നിസ്വാര്‍ത്ഥമായ സഹകരണം കൊണ്ടും, യുവജനങ്ങള്‍ സംഘടിപ്പിച്ച വിവിധയിനം മത്സരങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ അനുഗ്രഹംകൊണ്ടും വന്‍ വിജയമായി. റിസേര്‍ച്ച് ട്രിങ്കിള് പാര്‍ക്കിനോട് തൊട്ടുരുമി നില്ക്കുന്ന, കേരളത്തെ ഓര്‍മ്മിപ്പിക്കുന്ന വൃക്ഷങ്ങളുടെ നിരകളാലും, തടാകത്തിന്റെ സ്പര്‍ശത്താലും അനുഗ്രഹിക്കപ്പെട്ട ക്രാബ്ട്രീ ലേക്ക് പാര്‍ക്കിലാണ് ഈവര്‍ഷത്തെ പിക്നിക്ക് നടത്തിയത്. ഇടവക വികാരി റെനു ജോണ്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ പിക്നിക്ക് പരിപാടികള്‍ ആരംഭിച്ചു.
ഉച്ചയോടെ തുടങ്ങിയ പിക്നിക്ക് സദ്യയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും യുവജനങ്ങളുടേയും പുരുഷന്മാരുടേയും നീണ്ടനിര തന്നെ കാണാമായിരുന്നു. തുടര്‍ന്ന് നടന്ന ലേലം വിളിയില്‍ ഇടവക ജനങ്ങള്‍ അത്യന്തം ആവേശത്തോടെ പങ്കുചേര്‍ന്നു. ലേലത്തിന് നേതൃത്വം നല്‍കിയത് തനിക്ക് ഇതും നല്ലവണ്ണം ഇണങ്ങുമെന്ന് ഒരിക്കല്‍കൂടി തെളിയിച്ച ബോബി മാത്യൂസ് ആയിരുന്നു. ലേലത്തില്‍ ഈവര്‍ഷം ഇടവക സകല മുന്‍കാല റിക്കാര്‍ഡുകളും ഇതിനകം തന്നെ ഭേദിച്ചുകഴിഞ്ഞു. ലേലത്തിന് ആവശ്യമായ ഫലവര്‍ഗ്ഗങ്ങള്‍ കൊണ്ടുവന്നവര്‍ക്കും പങ്കുചേര്‍ന്നവര്‍ക്കും ഭാരവാഹികള്‍ പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. ഈവര്‍ഷത്തെ പിക്നിക്കിന് നേതൃത്വം നല്കിയ മാത്യു കുട്ടി പി.സി ഏവരുടേയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി. യോഹന്നാന് ദാനിയേലിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി പരിപാടികള്‍ സമാപിച്ചു.
Comments