ആ വരവില്‍ ഒത്തിരി പ്രതീക്ഷകളും ഉണ്ടാകും. അങ്ങിനെ പ്രതീക്ഷയുടെ ചിറകിലേറി ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ അമേരിക്കയില്‍ വന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കേണ്ട ജോലിക്ക് സെപ്തംബറില്‍ തന്നെ ഈ യുവാവിനെ കമ്പനി അമേരിക്കയിലേക്ക് അയച്ചു. ആദ്യത്തെ ഒന്നുരണ്ട് ആഴ്ചകള്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിനും, ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും ഒക്കെ സമയം വേണമല്ലോ എന്ന് ചിന്തിച്ചായിരിക്കാം കമ്പനി ഈ യുവാവിനെ നേരത്തെ അമേരിക്കയിലേക്ക് അയച്ചത്. ജോലി തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ അവധി ചോദിച്ചാല്‍ അതൊന്നും കിട്ടുക അത്ര എളുപ്പവുമല്ല.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ ജീവിക്കുന്ന യുവ തലമുറയ്ക്ക് എല്ലാം ഒരു ഹരമാണ്. വെറുതെ വീട്ടിലിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയാ വഴി ചാറ്റിംഗിലൂടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. നേരില്‍ കാണണമെന്ന് അവള് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഈ യുവ എഞ്ചിനീയര്‍ അവളെ കാണാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ സര്‍വ്വസാധാരണയായി കാണുന്ന ഒരു 'ട്രാപ്പ്' (കെണി) ആയിരുന്നു ആ പെണ്‍കുട്ടിയുടെ ക്ഷണം എന്ന് ഈ യുവാവ് അറിഞ്ഞില്ല. സ്വന്തമായി വാഹനമില്ലെന്ന് പറഞ്ഞപ്പോള്‍ ബസ്സിന്റേയും ട്രെയിനിന്റേയുമൊക്കെ വിവരങ്ങളും അവള് താമസിക്കുന്ന സ്ഥലത്ത് എത്താനുള്ള വഴികളും അവള് പറഞ്ഞുകൊടുത്തു. അമേരിക്കയിലെത്തി വെറും ആറു ദിവസം മാത്രം പരിചയമുള്ള ഈ യുവാവ്, അങ്ങേത്തലയ്ക്കല്‍ നിന്ന് പറഞ്ഞതെല്ലാം അപ്പടി വിശ്വസിച്ചു. കൂട്ടുകാരെല്ലാം ജോലിക്ക് പോയിരുന്നതിനാല്‍ അവരോടും ഇതേപ്പറ്റി സംസാരിക്കാനോ ആലോചിക്കാനോ മിനക്കെട്ടതുമില്ല. പെണ്‍കുട്ടി പറഞ്ഞതുപ്രകാരം ബസും ട്രെയിനുമെല്ലാം കയറി ഈ യുവാവ് പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി ഡോര്‍ ബെല്‍ അമര്‍ത്തി. പെണ്‍കുട്ടി വാതില്‍ തുറന്ന് യുവാവിനെ അകത്തേക്ക് ക്ഷണിക്കുകയും, അകത്തു കടന്നയുടനെ പോലീസ് വീടുവളഞ്ഞ് യുവാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ എല്ലാം സംഭവിച്ചു കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു എന്ന കുറ്റവും ചുമത്തി. അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ അതൊരു ആഘോഷവുമാക്കി. 'ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന് തന്നെ' എന്നു പറഞ്ഞ പോലെ, പ്രതി ഒരു തൊലി കറുത്തവനും കൂടെയായപ്പോള്‍ പിന്നത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
Comments