ന്യൂയോര്‍ക്ക്: അവിസ്മരണീയ മുഹൂര്‍ത്തത്തിന് കര്ട്ടനുയരാന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സൂപ്പര്‍ ബോളിന് ഇന്ന് കിക്കോഫ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര് കാണുന്ന കായികമാമാങ്കം എന്ന ഖ്യാതി ഉണര്‍ത്തി സൂപ്പര്‍ ബോള്‍ മത്സരത്തിനായി സൂപ്പര്‍ സണ്‍ഡേ ഒരുങ്ങി. സൂപ്പര്‍ ബൗളിന് ഫെബ്രുവരി ഒന്ന് ഞായറാഴ്ച (ഇന്ത്യന്‍ സമയം ഫെബ്രുവരി 2, തിങ്കള്‍ പുലര്‍ച്ചെ 5.30) അരിസോണിയയിലെ ഫീനിക്സ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.25 നാണ് കിക്കോഫ്. അരിസോണയിലെ ഗ്ലെന്ഡെയ്ലിലെ യൂണിവേഴ്സിറ്റി ഓഫ് ഫീനിക്സ് സ്റ്റേഡിയത്തില്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളമായി. എന്‍എഫ്എല്‍ (നാഷണല്‍ ഫുട്ബോള്‍ ലീഗ്) ചാമ്പ്യന്മാരും അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫറന്‍സ് ചാമ്പ്യന്മാരും (എഎഫ്എല്‍) തമ്മിലാണ് മത്സരം.
ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരെ കണ്ടെത്തുന്ന മത്സരത്തിന് സ്റ്റേഡിയം നിറഞ്ഞു തുളുമ്പി കാണികളെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. സീഹോക്സും പാട്രിയോട്സ് ഫേസ് ഓഫും തമ്മിലാണ് ഇത്തവണ മത്സരം. ഇതുവരെ ഏതാണ്ട് 74000 ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. അതിശൈത്യമാണെങ്കിലും ആവേശത്തിന് തെല്ലും കുറവില്ലെന്ന് കൂടിയ ടിക്കറ്റ് നിരക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവസാനവട്ട ടിക്കറ്റുകള്‍ വിറ്റത് 25,000 ഡോളറിനും മുകളിലാണ്.
ഇത്തവണ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടത്തുന്നതെങ്കിലും മഞ്ഞുവീഴ്ച ശക്തമല്ലെങ്കില്‍ മേല്‍ക്കൂര തുറക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക്, ന്യജേഴ്സി സംസ്ഥാനങ്ങള്‍ ആതിഥേയത്വം വഹിച്ച സൂപ്പര്‍ ബോളില്‍ കൃത്രിമമായി നിര്‍മ്മിച്ച ഫീല്‍ഡ് ടര്‍ഫിലായിരുന്നു മത്സരം. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താങ്ക്സ് ഗീവിങ് ഡേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് ആഘോഷിക്കുന്ന പരിപാടിയാണ് സൂപ്പര്‍ ബോള്‍. ഫോക്സ് ടെലിവിഷനാണ് അമേരിക്കയില്‍ സൂപ്പര്‍ ബോള്‍ സംപ്രേഷണം ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര് കാണുന്ന ടിവി പരിപാടിയും ഇതാണ്. അതാതു വര്‍ഷത്തെ ഏറ്റവും പുതിയ പരസ്യങ്ങള്‍ റിലീസ് ചെയ്യുന്നതും ഈ പരിപാടിക്കിടെയാണ്.
ഇത്തവണ നടക്കുന്നത് സൂപ്പര്‍ ബോളിന്റെ നാല്‍പ്പത്തിയൊമ്പതാം എഡീഷനാണ്. സൂപ്പര്‍ ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര് വീക്ഷിക്കുന്ന മത്സരമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് ലൈവ് സ്ട്രീമിങ്, ഫോണ്‍ ലൈവ് തുടങ്ങി വ്യത്യസ്തമായ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 11.1 കോടി ആളുകള്‍ വീക്ഷിച്ച 2011ലെ സൂപ്പര്‍ബോള്‍ മത്സരമാണ് നിലവില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച ടെലിവിഷന്‍ പ്രോഗ്രാം. ലോകത്തില്‍ വച്ചുതന്നെ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന സ്പോര്‍ട്ട്സ് പരിപാടികളിലൊന്നുമാണ് സൂപ്പര്‍ബോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സിനുശേഷം രണ്ടാം സ്ഥാനമാണ് സൂപ്പര്‍ ബോളിന്. ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ചു കിട്ടുന്ന ഒരു ടെലിവിഷന്‍ പരിപാടി വേറെയില്ലാത്തതിനാല്‍ മിക്ക കച്ചവടക്കാരും തങ്ങളുടെ ഉപഭോക്താക്കളെ സമീപിക്കാന്‍ ഏറ്റവും പറ്റിയ അവസരമായി സൂപ്പര്‍ ബോളിനെ കാണുന്നു. പ്രമുഖ ബിയര്‍ കമ്പനിയായ ബഡ്വൈസര്, പെപ്സി, കൊക്കക്കോള പോലുള്ള പ്രമുഖ വ്യാവസിയക കമ്പനികള്‍, മെറ്റ്ലൈഫ് തുടങ്ങിയ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങള്‍ ഇറക്കുന്നത് സൂപ്പര്‍ ബോളിന്റെ ടിവി സംപ്രേഷണത്തോടനുബന്ധിച്ചാണ്. വര്‍ഷം തോറും വര്‍ധിക്കുന്ന ആവശ്യകതമൂലം സൂപ്പര്‍ബോളില്‍ പരസ്യം ചെയ്യാനുള്ള തുക കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ ഇത് നാലര മില്യണ്‍ ഡോള (30 കോടി ഇന്ത്യന്‍ രൂപ) റിനു മുകളിലാണ്. അവിശ്വസനീയമായി തോന്നുമെങ്കിലും ഇത്രയധികം തുക വാരിയെറിയുന്നതിന്റെ ആയിരമിരട്ടിയാണ് ഈ സീസണില്‍ തന്നെ കമ്പനികള്‍ തിരിച്ചു പിടിക്കുന്നതെന്ന് സിഎന്‍എന്‍ മണി ചാനല്‍ വെളിപ്പെടുത്തുന്നു.
പുത്തന്‍ പരസ്യങ്ങളുടെ റിലീസ് കാണാന്‍ വേണ്ടി മാത്രം ലോകത്തിന്റെ പല രാജ്യങ്ങളിലുമുള്ളവര്‍ സൂപ്പര്‍ ബോള്‍ മത്സരം ടിവിയില്‍ കാണാറുണ്ടത്രേ. ഇന്ത്യയില്‍ തിങ്കള്‍ പുലര്‍ച്ചെ 5.30-നാണ് മത്സരം കാണാനാവുക. അമേരിക്കയിലെ വന്‍ താരമായി മാറിയിരിക്കുന്ന കിം കര്ദാഷിയന് ആദ്യമായി അഭിനയിച്ച പരസ്യമാണ് ഇത്തവണത്തെ ഹൈലൈറ്റ്. ടി-മൊബൈലിന്റെ ഈ പരസ്യം ഇപ്പോള്‍ തന്നെ വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ബിഎംഡബ്ല്യുവിന്റെയും സ്നിക്കേഴ്സിന്റെയും പരസ്യവും ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
2016-ല്‍ കാലിഫോര്‍ണിയയിലും 2017-ല്‍ ടെക്സസിലും സൂപ്പര്‍ ബോള്‍ എന്‍എഫ്എല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. ഇതില്‍ അമ്പതാം എഡീഷന് നടക്കുന്ന ലെവീസ് സ്റ്റേഡിയത്തില്‍ 2016 ഫെബ്രുവരി നടക്കാനിരിക്കുന്നത് ഗ്രാന്‍ഡ് ഷോയാണ്.
`തേങ്ങാപ്പന്തുകളി' എന്നു കളിയാക്കി മാറി നില്‍ക്കാനാണ് ഒട്ടുമിക്ക മലയാളികള്‍ക്കും താത്പര്യമെങ്കിലും മുഖ്യധാര അമേരിക്കക്കാര്‍ക്കിടയിലെ ആവേശം കണ്ടും വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് ലോഞ്ചിങ്ങ് ആസ്വദിക്കാനുമാണ് കുറേ മലയാളികളെങ്കിലും ഇതു കാണുന്നത്. അരിസോണിയിലെ ഫീനിക്സ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും ഇവിടെയുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിക്കും മദ്യപാനത്തിനും കര്‍ശന വിലക്കുണ്ട്. സ്റ്റേഡിയത്തിന്റെ സ്വീറ്റ് റൂമിലിരുന്നു കളി തത്സമയം കാണാം. ബാങ്ക് അക്കൗണ്ടില്‍ രണ്ടു മില്യണ്‍ ഡോളര്‍ ഉള്ളവര്‍ക്കാണ് ഈ ആഡംബരസൗകര്യം. സ്റ്റേഡിയത്തിലേക്കു കടക്കാന്‍ രാവിലെ പത്തു മണി മുതല്‍ക്ക് വാതിലുകള്‍ തുറന്നിടും. പാര്‍ക്കിങ്ങിനും ഭക്ഷണത്തിനുമൊക്കെ വന്‍ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സൂപ്പര്ബോളിനോടനുബന്ധിച്ച് അരിസോണയിലെങ്ങും ഉത്സവലഹരിയിലാണ്. ഇവിടെയുള്ള ഹോട്ടലുകളിലെ മുറികള്‍ മുഴുവന്‍ വിറ്റുതീര്ന്നിട്ട് ആഴ്ചകളായി. സൂപ്പര്‍ ബൗളിന്റെ ഭാഗമായി കോടിക്കണക്കിനു ഡോളറിന്റെ വില്‍പ്പനയും ഈ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് സൂചനകള്‍. ആറായിരത്തോളം സെക്യൂരിറ്റി ഗാര്‍ഡുകളും ആയിരത്തിയഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിക്കു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. പത്തു മില്യണ്‍ പൗണ്ട് ഗ്വാക്കമോളി സൂപ്പര്‍ ബോള്‍ സണ്‍ഡേയില്‍ മത്സരസമയം മാത്രം ഭക്ഷിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടൊപ്പം 15,000 ടണ്‍ ചിപ്സും ഉപയോഗിക്കുമത്രേ. കാലാവസ്ഥയെ പ്രതിരോധിക്കാന്‍ മാത്രം വന്‍ സംവിധാനം ഫീനിക്സ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ ബൗളില്‍ ആരു ജയിച്ചാലും അതു ഉയര്‍ത്തുക കോടികണക്കിന്റെ മണികിലുക്കമാണെന്നതില് മാത്രം തര്‍ക്കമില്ല.
സൂപ്പര്‍ ബോളിന്റെ അമേരിക്കന്‍ തലവേദന
അരിസോണ: സൂപ്പര്‍ ബോള്‍ എന്ന അമേരിക്കന്‍ കായികോത്സവത്തോടനുബന്ധിച്ച് അരിസോണയെ കാത്തിരിക്കുന്നത് കുടിയേറ്റ ഭീഷണി. മെക്സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന ഈ അമേരിക്കന്‍ സംസ്ഥാനത്തേക്ക് സൂപ്പര്‍ ബോള്‍ നടക്കുന്ന ഞായറാഴ്ച സന്ദര്‍ശന വിസയില്‍ മാത്രം എത്തുന്നത് ആയിരക്കണക്കിന് മെക്സിക്കോക്കാരാണ്. മെക്സിക്കോയുമായി 626 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന അരിസോണ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സംസ്ഥാനം കൂടിയാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിനഞ്ചാമത്തേതും. അരിസോണയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ഫീനിക്സിലാണ് ഇത്തവണത്തെ സൂപ്പര്‍ ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. നെവ്ദ, കാലിഫോര്‍ണിയ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ കായികഭ്രാന്തന്മാരെല്ലാം കഴിഞ്ഞ ഒരാഴ്ചയായി ഫീനിക്സില്‍ തമ്പടിച്ചിരിക്കുകയാണ്.
കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊടിയ ശൈത്യത്തില്‍ നിന്നും രക്ഷപ്പെടാനായി വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ അരിസോണയിലേക്ക് എത്തിയവരും നിരവധിയാണ്. ഇവിടെ കൂടിയ ചൂട് 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് മൈനസ് അഞ്ചുമാണ്. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പലേടത്തും കൊടും ശൈത്യത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇവിടങ്ങളില്‍ പല ഓഫീസുകളും നീണ്ട അവധിയും ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ ബോളിന്റെ ടിക്കറ്റുകള്‍ നല്കി അവധി ആഘോഷിക്കാന്‍ പല കമ്പനികളും അവസരമൊരുക്കിയതോടെ ഫെബ്രുവരിയിലെ വീക്കെന്‍ഡ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് പലരും.
അതേസമയം, അനധികൃത കുടിയേറ്റം കര്‍ശനമായി തടയാന്‍ അരിസോണ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. സുരക്ഷയ്ക്കായി മാത്രം ഏതാണ്ട് മൂവായിരത്തോളം സുരക്ഷാജീവനക്കാരെയാണ് അധികമായി നിയോഗിച്ചിരിക്കുന്നത്. മെക്സിക്കോയില്‍ നിന്നുള്ളവരുടെ അനധികൃത വരവ് തടയാന്‍ വേണ്ടി എമിഗ്രേഷന്‍ ക്ലിയറന്‍സ് സംവിധാനവും അഹോരാത്രം പണിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മിഷേല്‍ റീഗന് വ്യക്തമാക്കി.
സൂപ്പര്‍ ബോള്‍ ടിക്കറ്റിന് 3554 ഡോളര്‍!
ന്യൂയോര്‍ക്ക്: സൂപ്പര്‍ ബോളിനായി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബൗളിന്റെ ചരിത്രത്തിലാദ്യമായി ടിക്കറ്റ് നിരക്ക് മൂവായിരം ഡോളറിനു മുകളില്‍ കടന്നു. ഇതുവരെ ഉണ്ടായിരന്നതില് വച്ചേറ്റവും കൂടിയ നിരക്കിലാണ് ഇത്തവണത്തെ ടിക്കറ്റ് വില്‍പ്പന. ഓണ്‍ലൈന്‍ വില്‍പ്പന ട്രാക്ക് ചെയ്യുന്ന സീറ്റ്ഗീക്ക് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആയിരം ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന കായികമാമാങ്കം എന്ന നിലയ്ക്ക് ശ്രദ്ധേമയായിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ ബോള്‍ നേരില്‍ കാണുന്നത് ഏറ്റവും വലിയ അഭിമാനമായാണ് അമേരിക്കയിലെ കായികപ്രേമികള്‍ കരുതുന്നത്.
വെള്ളിയാഴ്ച പുറത്തു വന്ന കണക്കു പ്രകാരം അവസാന ടിക്കറ്റുകള്‍ വിറ്റത് ഏറ്റവും കൂടിയ നിരക്കായ 24,000 ഡോളറിനായിരുന്നു. കുറഞ്ഞ നിരക്കാവട്ടെ, എണ്ണായിരം ഡോളറും. മത്സരം നടക്കുന്ന അരിസോണിയയിലെ ഫീനിക്സ് സ്റ്റേഡിയത്തിന് 72,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള കരുത്തുണ്ട്. കൊടും ശൈത്യത്തെയും അവഗണിച്ച് ഇത്രത്തോളം ആളുകള്‍ തിങ്ങിക്കൂടുമെന്നതിനാല് ഇത്തവണ മത്സരം കൂടുതല്‍ ആവേശകരമാകും. സീഹോക്സും പാട്രിയോട്സ് ഫേസ് ഓഫും തമ്മിലാണ് ഇത്തവണ മത്സരം. മത്സരം തുടങ്ങാന്‍ രണ്ടു ദിവസങ്ങള്‍ ശേഷിച്ച വെള്ളിയാഴ്ച വെറും മുന്നൂറു ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടായിരുന്നത് നാലായിരത്തോളം ടിക്കറ്റുകളായിരുന്നുവെന്ന് സീറ്റ്ഗീക്ക് അനലിസ്റ്റ് കൊണൊര്‍ ഗ്രിഗറി വെളിപ്പെടുത്തി.
ഇരു ടീമുകളുടെയും ഫാന്സുകള്ക്കായി ആയിരം ടിക്കറ്റുകള്‍ മാറ്റിവച്ചു കൊണ്ടാണ് സൂപ്പര്‍ ബോള്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുക. കോര്‍പ്പറേറ്റ് സ്പോണ്‍സേഴ്സാണ് കൂടുതല്‍ ടിക്കറ്റുകളും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കുന്നത്. ശേഷിച്ചവ മാത്രമാണ് പൊതുവിപണിയില്‍ ലഭ്യമാകുക. ഇതിനാണ് കഴുത്തറുപ്പന്‍ വിലയും സംഘാടകര്‍ ഈടാക്കുന്നത്. ടിക്കറ്റിന് വില കൂടിയാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പ് ടിക്കറ്റ് റീ സെയിലിങ് ടീമുകള്‍ വ്യാപകമാകുമെന്നും കരിഞ്ചന്ത വിപണി ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ടിക്കറ്റ് നിരക്ക് ഇപ്പോഴത്തേതിനേക്കാള്‍ ഉയര്‍ന്ന് മുപ്പതിനായിരത്തോളം ഡോളര്‍ വരുമത്രേ. അതായത്, ഇന്ത്യന്‍ രൂപയില്‍ കണക്കു കൂട്ടിയാല്‍ 18.5 ലക്ഷം രൂപ !!
Comments