ന്യൂയോര്‍ക്ക്: കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തിലും മാനവ വികസന സൂചിക മെച്ചപ്പെടുത്താമെന്നതിന് ഉത്തമ ഉദാഹരണമാണ് കേരളമെന്ന് ആന്റോ ആന്റണി എം.പി. ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര പൊതുസഭയുടെ 68-ാം സമ്മേളനത്തില്‍, സാമ്പത്തിക-സാമൂഹിക കൗണ്‍സിലിന്റെ (ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍- ഇക്കോസോക്) റിപ്പോര്‍ട്ടിനെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം യാഥാര്‍ത്ഥ്യമാക്കിയ കുറഞ്ഞ ശിശു മരണനിരക്ക് എന്ന നേട്ടം കൈവരിക്കാന്‍ പല സമ്പന്ന രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് പണിയാനുള്ള ഭൂമി നല്‍കുന്നതിനായി "സീറോ ലാന്‍ഡ്ലെസ് പ്രോജക്ട്' പദ്ധതിയ്ക്ക് അടുത്തിടെ തുടക്കം കുറിച്ചു.
മിതമായ നിരക്കില്‍ മെച്ചപ്പെട്ട ഔഷധങ്ങളും ചികിത്സയും ലഭ്യമാക്കി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി നൂതനമായ പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ആരംഭം കുറിച്ചു കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി ഐക്യരാഷ്ട്ര സഭയുടെ പോലും അംഗീകാരത്തിന് പാത്രമായി. വികസനത്തിന്റെ ഫലങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാരിലുമെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഭാരത സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യം കൈവരിച്ച സുശക്തമായ സാമ്പത്തിക വളര്‍ച്ചയും അവ ജനങ്ങളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച ലക്ഷ്യകേന്ദ്രീകൃതമായ ഇടപെടലുകളും ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചത്. ഇതിനായി സവിശേഷമായ നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം, ഗ്രാമീണമേഖലയിലെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞത് നൂറ് ദിവസമെങ്കിലും തൊഴിലുറപ്പാക്കുന്ന നിയമം, ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്ന വിവരാവകാശ നിയമം തുടങ്ങിയവ അവയ്ക്ക് ഉദാഹരണങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതിയില്‍ വനിതകള്‍ക്കായി സീറ്റ് സംവരണം ചെയ്തുകൊണ്ട് സ്ത്രീ ശാക്തീകരണത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങള്‍ കര്‍ക്കശമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വിതരണം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ പദ്ധതി ഒരുപക്ഷേ ഇത്തരുണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരിക്കും. 52 കോടി ഇന്ഡ്യാക്കാര് ഇതിനോടകം പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. സുസ്ഥിര വികസനം 12-ാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഐക്യരാഷ്ട്ര സഭയുടെ വികസന അജണ്ട നീതിപൂര്‍വ്വമായി നടപ്പാക്കുന്നതില്‍ ഇന്‍ഡ്യ പ്രതിജ്ഞാബദ്ധമാണ്. കൂട്ടുത്തരവാദിത്വത്തിലൂടെയും, ഇച്ഛാശക്തിയിലൂടെയും, കൂട്ടായ പ്രയത്നത്തിലൂടെയും മെച്ചപ്പെട്ട ലോകം നമുക്കായും, വരുംതലമുറകള്ക്കായും സൃഷ്ടിക്കാമെന്ന് ഇന്ഡ്യാക്കാര് വിശ്വസിക്കുന്നു. ഈ മഹത്തായ ദൗത്യത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകളാണ് മാര്ക്ഷദര്ശനവും പ്രചോദനവും നല്‍കുന്നത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “ഒരു തീരുമാനമെടുക്കാന്‍ സന്ദേഹിക്കുമ്പോള്‍ നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ദരിദ്രനും ദുര്‍ബലനുമായ വ്യക്തിയുടെ മുഖം സ്മരിച്ചുകൊണ്ട്, ആ വ്യക്തിയ്ക്ക് നിങ്ങളുടെ തീരുമാനം എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് പരിശോധിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ശരിയായ തീരുമാനമെടുക്കാന്‍ കഴിയും’. സാമ്പത്തിക-സാമൂഹിക കാര്യങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഡ്യ വളരെയേറെ പ്രാധാന്യം നല്കുന്നു.
സാമ്പത്തിക, സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, നയങ്ങള്‍ അവലോകനം ചെയ്തു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനുള്ള മുഖ്യ സമിതിയെന്ന നിലയില്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സുസ്ഥിര വികസനത്തിനായുള്ള ആഗോള സഹകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് നിര്‍ണായക ഘട്ടത്തിലാണ്. സഹസ്രാബ്ദത്തിന്റെ വികസന ലക്ഷ്യങ്ങള്‍ (മിലെനിയം ഡവലപ്മെന്റ് ഗോള്‍സ്-എം.ഡി.ജീസ്) കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക, സുസ്ഥിര വികസനത്തിനുള്ള ധനസഹായം ഫലപ്രദമാക്കുന്നതിനുള്ള മാര്‍ക്ഷങ്ങള്‍ രൂപീകരിക്കുക, 2015-നു ശേഷമുള്ള വികസന അജണ്ട രൂപീകരിക്കുക തുടങ്ങിയവ അടുത്ത രണ്ടു വര്‍ഷക്കാലം അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിഷയങ്ങളായിരിക്കും. സാമ്പത്തിക-സാമൂഹിക കാര്യങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ കൗണ്‍സിലിന് ഇക്കാര്യങ്ങളില്‍ വളരെ പ്രധാന പങ്ക് വഹിക്കാനുണ്ട്. പുതു ചൈതന്യവും നിശ്ചയദാര്‍ഢ്യവും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കണമെന്ന് ഇന്‍ഡ്യ ആഗ്രഹിക്കുന്നു.
സഹസ്രാബ്ദ വികസന ലക്ഷ്യത്തിന്റെ ഭാഗമായ ഇതര പരിപാടികളും പൂര്‍വ്വാധികം ഭംഗിയായി മുന്നോട്ട് കൊണ്ടു പോകണം. സാമ്പത്തിക വളര്‍ച്ചയിലൂടെ മാത്രമേ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാകൂ. ഈ മഹത്തായ ലക്ഷ്യം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിന് വികസിത, വികസ്വര രാജ്യങ്ങള്‍ കൂട്ടായ്മ ശക്തിപ്പെടുത്തണം. സത്യസന്ധമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. രാഷ്ട്രങ്ങള്‍ തമ്മിലും, രാഷ്ട്രത്തിനുള്ളിലെ ജനങ്ങള്‍ തമ്മിലും വിഭവങ്ങളുടേയും സമ്പത്തിന്റെയും നീതിപൂര്‍വ്വമായ വിതരണം ഉറപ്പാക്കുന്നതിനാവണം പുതിയ വികസന അജണ്ടയില്‍ പ്രാമുഖ്യം നല്‍കേണ്ടത്. വികസനത്തിന് ഉതകുന്ന അന്താരാഷ്ട്ര വ്യവസ്ഥയെ പുതിയ വികസന അജണ്ട പ്രോത്സാഹിപ്പിക്കണമെന്നും ആന്റോ ആന്റണി എം.പി. ഐക്യരാഷ്ട്ര പൊതുസഭയില്‍ അഭിപ്രായപ്പെട്ടു.
Comments