You are Here : Home / USA News

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ശനിയാഴ്ച

Text Size  

Story Dated: Thursday, July 05, 2018 11:32 hrs UTC

ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന അഞ്ചാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജൂലൈ 7 ശനിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണിവരെ ടൊറൊന്റോയിലുള്ള ആല്‍ബര്‍ട്ട് ക്യാമ്പ്‌ബെല്‍ സ്‌ക്വയറില്‍ (Albert Campbell Square) നടക്കും. ഇതാദ്യമായാണ് ടൊറോന്റോ ഡാന്‍സ് ഫെസ്റ്റിവല്‍ പ്രൊഫെഷണല്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കിക്കൊണ്ട് സൗജന്യമായി ഔട്ട്‌ഡോറില്‍ നടത്തുന്നത്. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ വിവിധ രാജ്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയില്‍ നടക്കുന്ന ഈ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാന്‍സ് വിഭവങ്ങള്‍ ഉണ്ടായിരിക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മത സംസ്‌ക്കാരത്തില്‍ വളര്‍ന്നവരുമാണ്.

 

ഈ സാഹചര്യത്തിലാണ് വിവിധ സംസ്‌ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാന്‍സ് ഫെസ്റ്റിവലിന് ഡാന്‍സിംഗ് ഡാംസല്‍സ് തുനിഞ്ഞിറങ്ങിയത്. ഇതിനോടകം 56 ഡാന്‍സ് കമ്പനികളെയും 60 -ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 500 -ലേറെ ഡാന്‍സിംഗ് പ്രൊഫഷണല്‍സിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പതിവ് പോലെ സെപ്റ്റംബര്‍ 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ടൊറോന്റോയിലുള്ള ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.ടൊറോന്റോയിലെ പ്രമുഖ മലയാളി റിയല്‍റ്ററായ മനോജ് കരാത്തയാണ് ഇന്‍ഡോര്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്‌പോണ്‍സര്‍. ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജില്‍ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലയാളിയായ മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.

 

അതിന്റെ മുന്നോടിയായാണ് കഴിഞ്ഞ നാല് വര്‍ഷമായി ആഡിറ്റോറിയങ്ങളിലും തിയേറ്ററുകളിലും മാത്രമായി നടത്തിയിരുന്ന ഫെസ്റ്റിവലിന്റെ ഒരു ദിവസം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വര്‍ഷം തുറന്ന വേദിയില്‍ നടത്താന്‍ തീരുമാനിച്ചത് . വിവിധ തരത്തിലുള്ള നൃത്തങ്ങളുടെ ശില്പശാലയും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ് . ഇരുപതോളം സ്റ്റാളുകളും ഫുഡ് വെണ്ടര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. മലയാളിയായ ജെറോം ജെസ്റ്റിനാണ് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഔട്ട്‌ഡോര്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. ഡാന്‍സ് ഫെസ്റ്റിവലിന്റെ കിക്കോഫും ലോഗോയുടെ പ്രകാശനവും പ്രശസ്ത കൊറിയോഗ്രാഫര്‍ കലാമാസ്റ്ററാണ് നിര്‍വ്വഹിച്ചത് . PGA ഇന്റര്‍ നാഷണലാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ മാര്‍ക്കെറ്റിങ് ഏറ്റെടുത്തിരിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്കും , സ്‌പോണ്‍സര്‍ഷിപ്പ് , വോളണ്ടറിങ് അവസരങ്ങള്‍ക്കും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്സൈറ്റായ www.ddshows.com അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക . കലയിലൂടെ സാംസ്‌ക്കാരിക വളര്‍ച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ -പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡാന്‍സിംഗ് ഡാംസല്‍സ് .

 

Report: Jaison Mathew

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.