You are Here : Home / USA News

സുനന്ദ നായരുടെ നൃത്ത ശില്പവും ശില്പശാലയും > എന്‍ എസ് എസ് സംഗമത്തെ വേറിട്ടതാക്കും

Text Size  

Story Dated: Tuesday, July 03, 2018 08:01 hrs UTC

ഷിക്കാഗോ∙ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അംബാസഡറായി അറിയപ്പെടുന്ന സുനന്ദ നായരുടെ സജീവ സാന്നിധ്യം ഷിക്കാഗോയില്‍ ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തെ വേറിട്ടതാക്കും. സംഗമവേദിയില്‍ ശിവശക്തി നൃത്തശിൽപം അവതരിപ്പിക്കുന്ന സുനന്ദ നായര്‍ മോഹിനിയാട്ട ശിൽപശാലയും നടത്തും. ഡോ സുനന്ദയുടെ പരിശീലനകളരി സംഗമത്തിനെത്തുന്ന നൃത്ത സ്നേഹികള്‍ക്ക് മുതല്‍കൂട്ടാകും.

മോഹിനിയാട്ടത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തി ഡോ സുനന്ദയെ ആദരിക്കുമെന്നു പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ ശിവന്‍ മുഹമ്മ എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലും ഇന്ത്യയിലും നൃത്തവിദ്യാലയങ്ങളുള്ള ഈ കലാകാരിക്ക് പഠിപ്പിക്കലും സ്വയം പഠിക്കലുമായി നൃത്തത്തില്‍ അലിഞ്ഞുചേര്‍ന്നുള്ള കലാജീവിതമാണുള്ളത്. ആറാംവയസ്സില്‍ ഭരതനാട്യം പഠിച്ചുതുടങ്ങി. പത്താം വയസ്സില്‍ കഥകളി പഠിച്ചുതുടങ്ങിയെങ്കിലും ഭരതനാട്യമാണു കൂടുതല്‍ ശ്രദ്ധിച്ചത്. മോഹിനിയാട്ടത്തില്‍ സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍ അവതരിപ്പിക്കുന്ന പത്മഭൂഷന്‍ ഡോ. കനക റെലെയുടെ ശിഷ്യയാണ് സുനന്ദ.

മുംബൈയിലെ 'നളന്ദ'യില്‍നിന്ന് മോഹിനിയാട്ടത്തില്‍ ബിരുദാനന്തരബിരുദം നേടി ബോംബെ യൂണിവേഴ്‌സിറ്റിയില്‍ ലക്ച്ചറര്‍ ആയി ജോലിചെയ്തു വരുന്ന വേളയില്‍ മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദം എടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു സുനന്ദാ നായര്‍. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ജോലിമാറ്റം മൂലം അമേരിക്കയില്‍ പോകേണ്ടിവന്നത്.ക്യാപ്റ്റന്‍ ആനന്ദ് നായര്‍ ആണ് ഭര്‍ത്താവ്.ഹൂസ്റ്റണിലെ സുനന്ദ പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍ ഡയറക്ടര്‍ ആണ് സുനന്ദാ നായര്‍. സിയായും അനിരുദ്ധനും മക്കളാണ്.

കേരളസംഗീതനാടക അക്കാദമി കലാശ്രീ പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്്‌നം, കേന്ദ്ര സംഗീത നാടക അക്കാദമി സ്‌ക്കോളര്‍ഷിപ്പ്, യുഎസ്എ. കിങ്സ് സര്‍വകലാശാലയില്‍ നിന്നുള്ള ഡി.ലിറ്റ്, അന്തര്‍ദേശീയ പീസ് കൗണ്‍സിലിന്റെ ഗ്രാന്‍ഡ് അച്ചീവേഴ്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.പുതുമയുള്ള ഒട്ടേറെ നൃത്താവതരണ പ്രോജക്റ്റുകളുമായി മുന്നോട്ടുതന്നെ യാത്രതുടരുകയാണ് സുനന്ദ നായര്‍.

അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ,മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ സുനിത നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഖജുരാഹോ ഉത്സവം, ഒറീസയിലെ കൊണാര്‍ക് ഉത്സവം, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ യുവ മഹോത്സവങ്ങള്‍, തിരുവനന്തപുരം സൂര്യ ഫെസ്റ്റിവല്‍, ഉജ്ജയിന്‍ കാളിദാസ് സമോവര്‍, ഗുജറാത്ത്‌ മോഡേരാ ഫെസ്റ്റിവല്‍, മൈസൂര്‍ ദസ്സേറ ഉത്സവം തുടങ്ങി ഭാരതത്തിലെ തലയെടുപ്പുള്ള നൃത്തോല്‍സവങ്ങളിലെല്ലാം സുനന്ദ നായരുടെ മോഹിനിയാട്ടം നടത്താനുള്ള അവസരം സുനന്ദയ്ക്കുണ്ടായി. അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ സുനന്ദ നൃത്താവിഷ്‌ക്കാരം നടത്തിയിട്ടുണ്ട്.

By:  ശ്രീകുമാർ. പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.