You are Here : Home / USA News

കാരുണ്യത്തിന്റെ തലോടല്‍: ഫോമാ വിമന്‍സ് ഫോറം സാന്ത്വനസ്പര്‍ശം പ്രോജക്ട് പ്രാവര്‍ത്തികമാകുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, May 22, 2018 02:24 hrs UTC

രണ്ടു കാലുകളും തളര്‍ന്ന കുമാരന്‍* കിടക്കയില്‍നിന്ന് എണീക്കാന്‍ വയ്യാതെ ആയിട്ട് ആറുമാസമായി. ഭാര്യ സുശീല*യുടെ സഹായമില്ലാതെ ഒന്നു ചരിഞ്ഞുകിടക്കാന്‍പോലും വയ്യാത്ത അവസ്ഥ. അതുവരെ കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന അയാളുടെ കുടുംബം കുമാരന്‍ കിടപ്പിലായതോടെ പട്ടിണിയിലുമായി. ഭര്‍ത്താവിനെ തനിച്ചാക്കിയിട്ട് വെളിയില്‍ ജോലിക്കുപോകാന്‍ സുശീലയ്ക്കും കഴിയില്ല. ഇരുപതും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളുടെ പഠിപ്പും മുടങ്ങി.

ഫിസിക്കല്‍ തെറപ്പി മുടങ്ങാതെ ചെയ്താല്‍ ഒരുപക്ഷേ വീല്‍ചെയറിലേക്ക് മാറാന്‍ അയാള്‍ക്ക് കഴിയും. പക്ഷേ ചികിത്സയ്ക്ക് പണമില്ലാത്തതുകൊണ്ട് അതിനുള്ള നിവൃത്തിയില്ല. അങ്ങനെയാണ് പാലിയം ഇന്‍ഡ്യ നടത്തുന്ന പുനരധിവാസകേമ്പ്രത്തിലേക്ക് അയാള്‍ എത്തിയത്. കുമാരനെപ്പോലെ നിരവധി രോഗികളുണ്ട് പാലിയം ഇന്‍ഡ്യയില്‍ സഹായം തേടി എത്തിയവര്‍.

അവര്‍ക്ക് ഫിസിക്കല്‍ തെറപ്പി നടത്തണം, സ്ഥിരമായി ഒരു വരുമാനമാര്‍ക്ഷം ഉണ്ടാവണം, കുട്ടികള്‍ക്ക് പഠനം തുടരണം. ഇതുപോലെയുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ പാലിയം ഇന്‍ഡ്യയുമായിചേര്‍ന്ന് ഫോമാ വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സാന്ത്വനസ്പര്‍ശം പ്രോജക്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

കിടപ്പിലായ രോഗികളുടെ സഹധര്‍മ്മിണികള്‍ക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ ചെയ്യാവുന്ന ജോലികള്‍ പരിശീലിപ്പിക്കുകയാണ് ഈ പ്രോജക്ടിന്റെ ആദ്യഘട്ടത്തില്‍. തയ്യല്‍, എംബ്രോയിഡറി, സാരി പെയിന്റിംഗ് തുടങ്ങിയ ക്ലാസുകള്‍ ഇവര്‍ക്കുവേണ്ടി തുടങ്ങിക്കഴിഞ്ഞു. കൂടാതെ ഫിസിക്കല്‍ തെറപ്പി, വൊക്കേഷണല്‍ ട്രെയിനിംഗ്, വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികസഹായം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ എന്നിവയും ഈ പ്രോജക്ടിലൂടെനല്‍കുന്നു.

പാലിയേറ്റീവ് കെയര്‍ രംഗത്ത് ലോകപ്രശസ്തനായ പത്മശ്രീ ഡോ. എം. ആര്‍ രാജഗോപാല്‍ ആണ് പാലിയം ഇന്‍ഡ്യ എന്ന സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നത്. ഫോമായുടെ നാഷണല്‍ വിമന്‍സ് ഫോറം രൂപം നല്‍കിയ ഈ പ്രോജക്ടിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള വിമന്‍സ് ഫോറം ചാപ്റ്ററുകള്‍ അകമഴിഞ്ഞ സഹകരണമാണ് നല്‍കിയതെന്ന് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഡോ. സാറാ ഈശോ പറഞ്ഞു. ഇരുപത്തയ്യായിരം ഡോളര്‍ ടാര്‍ഗറ്റ് ചെയ്താണ് പ്രോജക്ട് ആരംഭിച്ചത്; എന്നാല്‍ ഇതിനോടകം നാല്‍പതിനായിരം ഡോളറിലധികം സംഭാവനയായി ലഭിച്ചു.

വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍, വൈസ് ചെയര്‍ ബീനാ വള്ളിക്കളം, ട്രഷറര്‍ ഷീലാ ജോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ കുസുമം ടൈറ്റസ്, വൈസ് ചെയര്‍ ഗ്രേസി ജയിംസ്, ലോണാ ഏബ്രഹാം എന്നിവര്‍ക്ക് പുറമെ ചാപ്റ്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മറ്റികളും, മറ്റ് വിമന്‍സ് ഫോറം അംഗങ്ങളും ഈ പദ്ധതിയുടെ വിജയത്തിനുപിന്നില്‍ അക്ഷീണം പരിശ്രമിച്ചു. ഫോമ പ്രസിഡ്
ബെന്നി വാച്ചാച്ചിറയും മറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും വിമന്‍സ് ഫോറം പ്രോജക്ടിന് കലവറയില്ലാത്ത പിന്തുണയാണ് നല്‍കിയത്.

ഇത്തരമൊരു സംരംഭത്തിന് രണ്ടാം തലമുറ നല്‍കിയ പ്രോത്സാഹനവും സഹകരണവും പ്രത്യേകംഎടുത്തുപറയേതാണെന്ന് ഡോ. സാറാ ഈശോ ചൂണ്ടിക്കാട്ടി. നൂറു ഡോളര്‍ മുതല്‍ മൂവായിരംഡോളര്‍ വരെ നല്‍കിയ കുട്ടികളുണ്ട്. ഇവിടെ ജനിച്ചുവളര്‍ന്ന് മികച്ച ഉദ്യോഗം വഹിക്കുന്ന നമ്മുടെ കുട്ടികളെ കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാക്കാന്‍ കഴിയുക എന്നത് വലിയൊരു തുടക്കമായിരിക്കും.

കാന്‍സര്‍ ചികിത്സയ്ക്കും വേദനസംഹാരികള്‍ക്കും പണമില്ലാതെ വിഷമിക്കുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കാനും ഈ പ്രോജക്ടില്‍ പദ്ധതിയുണ്ട്. ജൂണ്‍ മാസം നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷനുമുമ്പായി ഈ പ്രോജക്ട് പൂര്‍ത്തീകരിക്കണമെന്നാണ് ഉദ്ദേശം. ആദ്യഘട്ടമായി ഇരുപത്തയ്യായിരം ഡോളര്‍ പാലിയം ഇന്‍ഡ്യയ്ക്ക് കൈമാറിക്കഴിഞ്ഞു. ബാക്കി തുക കണ്‍വന്‍ഷനോടുകൂടെ നല്‍കും.

സംഭാവനകള്‍ നല്‍കിയ എല്ലാവരോടും തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. ഈ സംരംഭത്തില്‍ ഭാഗവാക്കാകാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് സംഭാവനകള്‍ അയക്കേണ്ടതാണെന്നും അവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
FOMAA National Women’s Forum (Chair-person) Dr. Sarah Easaw: 845-304-4606; (Secretary) Rekha Nair : 347-885-4886 (Vice-Chair) Beena Vallikalam: 773-507-5334 ; (Treasurer)Sheela Jose: 954-643-4214 Advisory Board: ( Chair) Kusumam Titus: 253 797-0252

*സ്വകാര്യത മാനിച്ച് രോഗികളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.