You are Here : Home / USA News

സൗന്ദര്യത്തിനു മലയാളത്തികവ്; മനം കവർന്ന മത്സരത്തിൽ രശ്മി സുരേന്ദ്രൻ മിസ് മലയാളി യുഎസ്‌എ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, May 03, 2018 03:47 hrs UTC

ഹൂസ്റ്റൺ∙ഹൂസ്റ്റൺ നഗരത്തിലെ മലയാളീ കലാ സൗന്ദര്യാസ്വാദർക്കു ചരിത്രനിമിഷങ്ങൾ പകർന്നു നൽകി സൗന്ദര്യ പ്രഭ ചൊരിഞ്ഞ 'മിസ് മലയാളീ യുഎസ്‌എ 2018 നു വർണോജ്വലമായ സമാപനം.

ഏപ്രിൽ 28നു വൈകിട്ട് 5 മുതൽ സ്റ്റാഫോർഡ് സിവിക് സെന്ററിൽ നടന്ന ഈ സൗന്ദര്യ മത്സരം 5 മണിക്കൂറോളം നീണ്ടുനിന്നു. മത്സരത്തിനിടയിൽ നടന്ന വർണപ്പകിട്ടാർന്ന നൃത്ത സംഗീത കലാ പരിപാടികൾ കാണികളെ ആനന്ദ നിർവൃതിയിലാക്കി. അത്യന്തം ആവേശത്തോടെ ഇഞ്ചോടിഞ്ചു നടന്ന മത്സരങ്ങൾ വിജയികളെ പ്രഖ്യാപിക്കുന്ന അവസാന സമയം വരെ ഉദ്വേഗത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.

അമേരിക്കയിലെ പ്രഥമ മിസ് മലയാളീ ഇവന്റിൽ മൂന്നു വിഭാഗങ്ങളായി നടന്ന മത്സരത്തിൽ ടീൻ മലയാളീ വിഭാഗത്തിൽ (13-17 വയസ്സ്) കൊച്ചു സുന്ദരിയായ ജൂലിയറ്റ് ജോർജ് വിജയ കിരീടമണിഞ്ഞപ്പോൾ ജിയാ തോമസും ദേവിക മതിലകത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മിസ് മലയാളീ യുഎസ്‌എയായി(18-35 വയസ്സ്) രശ്മി സുരേന്ദ്രൻ വിജയ കിരീടം ചൂടി. ലെക്സിയ ജേക്കബും ഡെലീന എബ്രഹാമും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു അർഹരായി. മിസ്സിസ്സ് മലയാളി വിഭാഗത്തിൽ (21-65 വയസ്സ്) മിനി വെട്ടിക്കൽ വിജയ കിരീടമണിഞ്ഞപ്പോൾ ബീന തട്ടിലും പ്രീതി സജീവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് മിസ് ഇന്ത്യ യുഎസ്‌എ, ബോളിവുഡ് പേജന്റ് ഇന്റർനാഷണൽ സൗന്ദര്യ മത്സരങ്ങളുടെ ഫൈനൽ റൗണ്ടിലേക്കും നേരിട്ട് പ്രവേശനം ലഭിച്ചു.

ചരിത്ര വിജയം കുറിച്ച മിസ് മലയാളീ മത്സരത്തിന്റെ പ്രധാന സംഘാടകയും സ്ഥാപകയും ഹൂസ്റ്റണിലെ പ്രശസ്ത ലഷ്മി ഡാൻസ് അക്കാദമിയുടെ ഡയറക്ടർ ലക്ഷ്മി പീറ്ററായിരുന്നു. അമേസ്ടേക് ഐടി കൺസൾട്ടിങ് കമ്പനിയുടെ സിഇഓ കൂടിയായ ലക്ഷ്മി അമേരിക്കയിൽ നിരവധി പരിപാടികൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയും പ്രശസ്തയായ ഭരതനാട്യം നർത്തകിയും പേരുകേട്ട ഗായികയും കൂടിയാണ്. അക്കാദമിയുടെ ഇവന്റ്സ് ഡിവിഷനും നേതൃത്വം നൽകി.

സ്വാതി സുരേഷ് നായരുടെ പ്രാർത്ഥന കീർത്തനത്തിനു ശേഷം ഹൂസ്റ്റണിലെ വിശിഷ്ട വ്യക്തികളും അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി. മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി ആശംസകൾ നേർന്നു സംസാരിച്ചു.

ജഡ്ജസ് ,ഫാഷൻ,മീഡിയ,സിനിമ തുടങ്ങി വിവിധ മേഖലകളെ പ്രധിനിധീകരിച്ചു. പത്തിൽ പരം ജഡ്ജസ് ഉണ്ടായിരുന്ന ജഡ്ജിങ് ടീമിൽ തെന്നിന്ത്യൻ സിനിമകളിൽ കൂടി മലയാളി മനസുകളിൽ ഇടം തേടിയ പ്രശസ്ത സിനിമ താരം മാനിയ നായിഡുവും അവാർഡ് ജേതാവായ മലയാള സിനിമ നിർമാതാവ് ടോം ജി കോലത്തും സെലിബ്രിറ്റി ജഡ്‌ജുകളായിരുന്നു. ഹിന്ന അക്തർ കുദ്രത്, ഡോ. അബ്ദുള്ള കുദ്രത്, ഡോ. ഷാമ റഷീദ്, രുചിക സിംഗ് ഡയസ് , ജൂലി മാത്യു, ഡോ. സബ്രീന ജോർജ്‌, എ.സി.ജോർജ്, ഡോ. മാത്യു വൈരമൺ, ഡോ. നിഷ സുന്ദരഗോപാൽ എന്നിവരായിരുന്നു മറ്റു ജഡ്ജിങ് പാനൽ അംഗങ്ങൾ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 50 ൽ പരം വ്യക്തികൾ മത്സരരംഗത്തുണ്ടായിരുന്നു. അവരിൽ നിന്നും ഓഡിഷൻ നടത്തി തിരഞ്ഞെടുത്ത മൽസരാർഥികൾ ആണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. ഇൻട്രഡക്ഷൻ, ടാലന്റ് കേരളാ വിത്ത് എ ട്വിസ്റ്റ് എന്നീ റൗണ്ടുകൾക്കു ശേഷം 11പേർ കിരീടത്തിനായി പോരാടി. ജഡ്ജസിന്റെ ചോദ്യ റൗണ്ടിനു ശേഷം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

ഹിമി ഹരിദാസ്, സിൽവി വര്ഗീസ്, ഷീബ ജേക്കബ് എന്നിവർ ഇവന്റ് കോച്ചുകളായി പ്രവർത്തിച്ചു. 500ൽപ്പരം ആളുകൾ ആസ്വദിച്ച മിസ് മലയാളീ മത്സരത്തിന് അനിൽ ജനാർദ്ദനൻ, ഷിജി മാത്തൻ, ഷിബി റോയ്, റെയ്ന റോക്ക് എന്നിവർ എംസിമാരായി പ്രവർത്തിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.